പഠനരീതിക്ക് വഴികാട്ടിയായി ടാബ്ലറ്റുമായി ഗുരുജി

0

പരീക്ഷാ വിജയത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് എന്നൊക്കെ പത്രങ്ങളില്‍ വാര്‍ത്ത വരുമെങ്കിലും ഇന്ന് വിദ്യാര്‍ഥികളുടെ പഠന നിലവാരം എത്രയാണെന്ന് നമ്മളില്‍ പലരും ചിന്തിക്കുന്നുണ്ട്. ശരിയായ പഠന നിലവാരം അറിയുമ്പോള്‍ റെക്കോര്‍ഡ് വിജയങ്ങളുടെ മാധുര്യം അത്രകണ്ട് നമുക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്ന് സാരം. എ പ്ലസുകള്‍ ഉള്‍പ്പെടെ നേടി മികച്ച വിജയം കരസ്ഥാമാക്കിയ കുട്ടികളില്‍ പലര്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകളും അടുത്തിടെയുണ്ടായി. കുട്ടികളുടെ പഠന വിഷയങ്ങളല്ല പഠിപ്പിക്കുന്ന രീതിയാണ് മാറേണ്ടതെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. ഇത്തരത്തില്‍ അധ്യാപകര്‍ എങ്ങനെയാകണം, പഠന രീതി എത്തരത്തിലാകണം, എങ്ങനെ മികച്ച വിജയം നേടിയെടുക്കാം...ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയാകുകയാണ് ഗുരുജി എന്ന സ്ഥാപനം പുറത്തിറക്കിയ ടാബ്ലറ്റ് കമ്പ്യൂട്ടര്‍.

അധ്യാപകര്‍ പഠിപ്പിക്കേണ്ടത് എങ്ങനെയാണെന്നും ഒരു പാഠം പഠിപ്പിക്കുമ്പോള്‍ അതില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഏത് രീതിയില്‍ കൂടി അത് കുട്ടികളെ മനസിലാക്കി കൊടുക്കാം എന്നെല്ലാം ടാബ്ലറ്റില്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ വിദ്യാര്‍ഥികളുടെ പഠനനിലവാരം സംബന്ധിച്ച് ആഗോളതലത്തില്‍തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഗുരുജിയുടെ സഹസ്ഥാപകന്‍ കൂടിയായ ശിവാനന്ദ സല്‍ഗാമെ പറയുന്നു.

ശിവാനന്ദയുടെ വാക്കുകളിങ്ങനെ- കുട്ടികളുടെ പഠന രീതിക്ക് അധ്യാപകരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ എങ്ങനെ ഉയര്‍ത്തിക്കൊണ്ട് വരാമെന്നാണ് ചിന്തിക്കേണ്ടത്. ഇതിന് വേണ്ടിയായിരുന്നു ഗുരുജിയുടെ ശ്രമങ്ങള്‍. ലോകം മൊത്തം സഞ്ചരിച്ച് ആഗോളതലത്തില്‍ വിദ്യാഭ്യാസ രീതിയെക്കുറിച്ച് ഒരു ചിത്രം മനസിലാക്കിയെടുക്കുകയാണ് ഗുരുജി ആദ്യം ചെയ്തത്. ഇതില്‍നിന്നാണ് പഠന വിഷയങ്ങളല്ല പഠന രീതിയിലാണ് മാറ്റം വരേണ്ടതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. അധ്യാപകര്‍ക്ക് പഠന കാര്യത്തില്‍ എങ്ങനെ മാര്‍ഗ നിര്‍ദേശം നല്‍കാമെന്നായി പിന്നീടുള്ള ചിന്ത. തുടര്‍ന്ന് പഠന വിഷയങ്ങള്‍ക്ക് ചേരുന്ന തരത്തില്‍ ഒരു പാക്കേജ് ഉണ്ടാക്കി നല്‍കുകയാണ് ചെയ്തത്. ആന്‍ഡ്രോയിഡ് ടാബ്ലെറ്റാണ് ഇതിന് മികച്ച മാധ്യമമെന്നും കണ്ടെത്തി. അധ്യാപകര്‍ വിഷയം സെലക്ട് ചെയ്യുമ്പോള്‍തന്നെ എല്ലാ പാഠങ്ങളുടെയും വിശദ വിവരങ്ങള്‍ സഹിതം ലഭ്യമാകും.

പാഠഭാഗം സെലക്ട് ചെയ്യുമ്പോള്‍തന്നെ അതിന്റെ അനുബന്ധങ്ങളും വിശദീകരണവും അവ എങ്ങനെ കുട്ടികള്‍ക്ക് മനസിലാക്കിക്കാമെന്നതുമെല്ലാം വ്യക്തമാകും. ചിത്രങ്ങളും വീഡിയോയും ആഡിയോയും സഹിതമാണ് ടാബ്ലെറ്റില്‍ വിവരങ്ങള്‍ ലഭ്യമാകുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നത് ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്തതുമായ സ്‌കൂളുകളെയാണ് ഗുരുജി ലക്ഷ്യമിടുന്നത്. ഇത്തഷഃ സ്‌കൂളുകളില്‍ വിജയം കണ്ടെത്താനായാല്‍ മറ്റെവിടെയും വിജയിക്കാനാകുമെന്ന് ശിവാനന്ദ പറയുന്നു.

സ്‌കൂളുകള്‍ക്ക് ഇത് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 2012ല്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍, മധുമലൈ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഗുരുജിയിലെ അംഗങ്ങള്‍ പോയിരുന്നു. അവിടങ്ങളിലെ 50 സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി ശില്‍പശാലകള്‍ സംഘടിപ്പിച്ചു. അതത് സ്ഥലങ്ങളിലെ എന്‍ ജി ഒകളുമായും അവിടത്തെ അധ്യാപകരുമായും തദ്ദേശ സ്ഥാപനങ്ങളുമായും സഹകരിച്ച് അതിന്റെ ഉള്ളടക്കം തമിഴിലും കന്നടയിലും പരിഭാഷപ്പെടുത്തിയായിരുന്നു ശില്‍പശാല. പ്രോജക്ട് അവിടെ വലിയ വിജയമായിരുന്നു. ടാബ്ലറ്റിന് വലിയ അംഗീകാരമാണ് നേടിയത്. ഇപ്പോള്‍ അധ്യാപകര്‍ ദിവസവും ഇത് ഉപയോഗിക്കാച്ചാണ് ക്ലാസുകളെടുക്കുന്നത്.

ഇതിനുശേഷം മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്‌കൂളുകളിലെയും ആയിരത്തോളം അധ്യാപകര്‍ക്ക് ഗുരുജി ശില്‍പശാല സംഘടിപ്പിച്ചു. കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കുക, കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിക്കുക, കണക്കുകള്‍ പഠിക്കുക, ആശയവിനിമയം, സഹപ്രവര്‍ത്തനം, സൃഷ്ടിപരമായ കഴിവുകളുടെ വികസനം എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ടാബ്ലറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഈ ആറ് ആശയങ്ങളും ഉപയോഗിച്ച് എങ്ങനെയാണ് പഠിപ്പിക്കേണ്ടതെന്ന് അധ്യാപകര്‍ക്ക് മനസിലാകും. എന്താണ് പഠിക്കേണ്ടതെന്ന് പുസ്തകം നമ്മെ പഠിപ്പിക്കും. എന്നാല്‍ ഏങ്ങനെ പഠിക്കണമെന്നത് പുസ്തകത്തില്‍നിന്ന് കിട്ടില്ല- ശിവാനന്ദ പറയുന്നു. എന്തുകൊണ്ടാണ് നമുക്ക് അധ്യാപകരെ വേണ്ടി വരുന്നതെന്ന ചോദ്യത്തിനും ഗുരുജി ഉത്തരം നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകം അധ്യാപകരാണ്. കുട്ടികള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് മനസിലാക്കിക്കുന്നതിനുള്ള ഉപാധിയാണ് അധ്യാപകര്‍. ഇതിന് അധ്യാപകനോ ഒരു വ്യക്തിയോ തന്നെ വേണമെന്നില്ല. എന്ത് മാധ്യമവും സ്വീകരിക്കാം. എന്നാല്‍ പഠനത്തിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ അധ്യാപകര്‍ തന്നെ പരിഹരിക്കേണ്ടിവരും. അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ നിര്‍ബന്ധമായും വേണം.

ഒരിക്കലും അധ്യാപകരുടെ ക്ലാസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മള്‍ ഒരിക്കലും അവരോട് ആവശ്യപ്പെടാറില്ല. എന്നാല്‍ അവരെ ക്ലാസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ടാബ്ലറ്റ് ഉപയോഗിക്കുന്ന സ്‌കൂളില്‍ കുട്ടികളുടെ ഹാജര്‍ കൂടിയിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞിട്ടുമുണ്ട്. അടുത്തവര്‍ഷം ആയിരം സ്‌കൂളുകളില്‍ കൂടി ടാബ്ലറ്റ് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തര്‍ദേശിയ തലങ്ങളില്‍ പ്രത്യേകിച്ചും ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ടാബ്ലറ്റ് പരിചയപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.

എന്നാല്‍ പദ്ധതിക്കുള്ള സാമ്പത്തികം പ്രശ്‌നമാണ്. എന്‍ ജി ഒകളുടെ സംഭാവനകളിലൂടെയും വിവിധ സ്ഥാപനങ്ങളുടെ സഹായത്തിലൂടെയും സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെയുമാണ് ഇതുവരെ മുന്നോട്ടുപോയത്. അടുത്ത വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വാണിജ്യവല്‍കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്‌കൂളുകളില്‍ എത്തിക്കാനാണ് ഉദ്ദേശം. ടാബ്ലെറ്റ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്‌കൂളുകള്‍ക്കാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ടാബ്ലെറ്റ് താഴെവീണ് പൊട്ടിയാല്‍ അവര്‍തന്നെ പുതിയത് വാങ്ങണം.

ടാബ്ലെറ്റ് ഉപയോഗിച്ച് തുടങ്ങിയ സ്‌കൂളുകളില്‍നിന്നുള്ള പ്രതികരണം ശിവാനന്ദയുടെ വാക്കുകളില്‍- ഗുഗുജിയിലെ ഒരംഗം ടാബ്ലെറ്റ് ഉപയോഗിക്കുന്ന ഒരു സ്‌കൂളില്‍ പോകുകയുണ്ടായി. ക്ലാസിലുണ്ടായിരുന്ന അധ്യാപകന്റെ പക്കല്‍നിന്നും ടാബ്ലെറ്റ് വാങ്ങി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പിന്നാലെ കുട്ടികളെല്ലാം ഓടുകയായിരുന്നു. ടാബ്ലെറ്റ് തങ്ങള്‍ക്ക് തിരികെ നല്‍കാന്‍ അവര്‍ അപേക്ഷിക്കുകയായിരുന്നു. ഇതാണ് തങ്ങളുടെ ഉല്‍പന്നത്തിനുള്ള ഏറ്റവും വലിയ വിലയിരുത്തല്‍..