പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി

0

ഗള്‍ഫ് നാടുകളില്‍ മലയാളികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നോര്‍ക റൂട്‌സ് വഴി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ സാദ്ധ്യതയും വേതനവും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നേടാന്‍ നിര്‍ബന്ധിതരാകുന്നവരെ വ്യാജ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ വഞ്ചിക്കുന്നതിനെതിരെ നോര്‍ക റൂട്‌സ് ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. 

വിദേശത്തേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രീ ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു. റിക്രൂട്‌മെന്റ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ ജില്ലാ പൊലീസ് മേധാവി മുഖേന അന്വേഷിച്ച് നടപടി എടുത്തു വരുന്നു. വിദേശ കാര്യ വകുപ്പ് അതത് രാജ്യത്തെ എംബസികളുമായി ബന്ധപ്പെട്ടും നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെ, റിക്രൂട്‌മെന്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നഴ്‌സുമാരെയും വീട്ടുജോലിക്കായി പോകുന്ന സ്ത്രീകളെയും നോര്‍ക റൂട്‌സ് മുഖേന റിക്രൂട്‌മെന്റ് നടത്തിവരുന്നു. ഇതിനായി സുതാര്യവും സുരക്ഷിതവുമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. 

തങ്ങളുടേതല്ലാത്ത കുറ്റങ്ങളുടെ പേരില്‍ വിദേശത്ത് ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ നിയമ സഹായം നല്‍കുന്നതിന് നോര്‍ക റൂട്‌സ് പ്രവാസി നിയമ സഹായ പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിവിധ കാരണങ്ങളാല്‍ അഭയം ആവശ്യമായി വരുന്ന കേരളീയ സ്ത്രീകളെ എംബസികളില്‍ എത്തിക്കുന്നതിനും ഇതിനാവശ്യമായ യാത്രച്ചെലവ് വഹിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. നോര്‍ക റൂട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, എംബസി നിര്‍ദേശിക്കുന്ന നിയമ വിദഗ്ദ്ധര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വേനലവധിക്കാലത്തും ഉത്സവക്കാലങ്ങളിലും ഹജ്ജ് സമയത്തും വിമാനക്കമ്പനികള്‍ അമിത കൂലി ഈടാക്കുന്നതിനെതിരെ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. എന്നിരുന്നാലും കേന്ദ്ര വ്യോമയാന മന്ത്രാലയവുമായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു