തിരിച്ചുവരവിനൊരുങ്ങി ശ്രീപാദം സ്‌റ്റേഡിയം

തിരിച്ചുവരവിനൊരുങ്ങി ശ്രീപാദം സ്‌റ്റേഡിയം

Wednesday December 23, 2015,

2 min Read

ദേശീയ ഗെയിംസിന് തിരശ്ശീല വീണതോടെ നാശോന്മുഖമായിപ്പോയ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിന് വീണ്ടും നല്ല നാളുകള്‍ വരുന്നു. ട്രാക്കോ ഗ്രൗണ്ടോ തിരിച്ചറിയാന്‍ പോലും സാധ്യമല്ലാതെ കാടുകയറിയ സ്റ്റേഡിയത്തിനെ ദേശീയനിലാവാരത്തിലേക്കുയര്‍ത്താന്‍ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബി. സത്യന്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ തീരുമാനമായി.

4.99 കോടി രൂപ ചെലവഴിച്ച് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുവാനും ഗ്രൗണ്ടിന്റെ അപാകത പരിഹരിക്കുവാനുമാണ് നിലവില്‍ തീരുമാനമായത്. സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതോടൊപ്പം അത്‌ലറ്റിക്‌സ് ഉള്‍പ്പെടെ ഫുള്‍സ്ലെഡ്ജിംഗ് മേഖലാ കോച്ചിംഗ് സെന്ററാക്കി സ്‌റ്റേഡിയത്തെ മാറ്റും. നിര്‍മ്മാണപ്രവര്‍ത്തനത്തിലെ അപാകതമൂലം ഉപയോഗശൂന്യമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് ടീമിനെക്കൊണ്ട് പരിശോധിപ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. മുനിസിപ്പല്‍ അധികൃതരെക്കൂടി ഉള്‍പ്പെടുത്തി ഉപദേശക സമിതി രൂപീകരിക്കും. സ്റ്റേഡിയത്തിന്റെ നവീകരണത്തിനാവശ്യമായ തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും കായികാവശ്യങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടു നല്‍കും. തദ്ദേശവാസികള്‍ക്ക് രാവിലേയും വൈകുന്നേരവും വ്യായാമം ചെയ്യുന്നതിന് ഫീസീടാക്കി ഗ്രൗണ്ട് നല്‍കും. സ്റ്റാളുകളുടെ വാടക നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് റേറ്റ് വാല്യൂഷേന്‍ നടത്തും. പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്റ്റാളുകള്‍ വാടകയ്ക്ക് നല്‍കുകയും വരുമാനം സ്റ്റേഡിയത്തിന്റെ ചെലവിനായി വിനിയോഗിക്കുകയും ചെയ്യും.

image


ഒരുകാലത്ത് ആറ്റിങ്ങലിന്റെ കായികനേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയ കളിക്കളമായിരുന്നു ശ്രീപാദം സ്റ്റേഡിയം. ആറ്റിങ്ങല്‍ നിവാസികള്‍ക്ക് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് അനുവദിച്ച് നല്‍കിയ എട്ട് ഏക്കര്‍ 25 സെന്റ് ദാനമായി നല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ അമച്വര്‍ അത്‌ലറ്റിക് അസോസിയേഷനാണ് അദ്ദേഹം ഈ പ്രദേശം സ്റ്റേഡിയം നിര്‍മ്മിക്കാനായി നല്‍കിയത്. അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കേണല്‍ ഗോദവര്‍മ്മ രാജയുമായി സംസാരിക്കുകയും പ്രദേശത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ ആറ്റിങ്ങല്‍ വലിയകുന്നിലെ ചരിഞ്ഞ പ്രദേശത്തെ നിരപ്പാക്കി കായിക പരിശീലനത്തിനുള്ള വേദിയാക്കി.

19681969 കാലഘട്ടത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തുടര്‍ന്നങ്ങോട്ട് നിരവധി സംസ്ഥാന കായിക മത്സരങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. 2005ല്‍ സ്പാര്‍ട്‌സ് കോംപ്ലക്‌സിന്റെ തറക്കല്ലിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. 2011ല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ഹോസ്റ്റലും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത എണ്‍പതോളം കുട്ടികള്‍് ഇവിടെ കായിക പരിശീലനം നടത്തുന്നുണ്ട്. ഖോ ഖോ, തായ്‌ക്കൊണ്ടോ എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ബോക്‌സിംഗ്, റെസലിംഗ് എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നടത്തി വരുന്നത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥലമെന്നതും ശ്രീപാദം സ്റ്റേഡിയത്തെ വേറിട്ടതാക്കുന്നു. ഇന്ന് ജില്ലയില്‍ തിരുവനന്തപുരവും കാര്യവട്ടവും കഴിഞ്ഞാല്‍ മുഖ്യസ്ഥാനം വഹിക്കുന്ന സ്റ്റേഡിയമാണിത്. സ്‌പോര്‍ട്‌സിനെ ആരാധിക്കുകയും കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന നാട്ടിന്‍പുറത്തുകാരാണ് ശ്രീപാദത്തിന്റെ ഗാലറികളെ കാത്തിരിക്കുന്നത്. നാട്ടിന്‍പുറമായതു കൊണ്ട് കാണികള്‍ നിറഞ്ഞ ഗാലറികളും ശ്രീപാദത്തെ വേറിട്ടതാക്കും.