കരകൗശലം 'കാശ്മീര്‍ ബോക്‌സി'ല്‍ ഭദ്രം

0

കാശ്മീര്‍ കരകൗശല വിസ്മയത്തെ ഒരു പെട്ടിക്കുള്ളില്‍ ഒതുക്കുകയാണ് കാശ്മീര്‍ ബോക്‌സിന്റെ നെടുംതൂണായ മുഹീത് മെഹ്‌രാജും കാഷിഫ് ഖാനും. പ്രകൃതി മനോഹാരിതക്കും അപൂര്‍വ സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും പേരുകേട്ട കാശ്മീര്‍ കരകൗശല വിദ്യക്കുകൂടി വളരെ പേരുകേട്ട ഇടമാണ്. ഇവിടെ പരമ്പരാഗത കരകൗശല വിദഗ്ധര്‍ ധാരാളമുണ്ട്. എന്നാല്‍ ഇവരൊക്കെതന്നെ അവരുടെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ്. കരകൗശല വൈദഗ്ധ്യം നിരവധി കയ്യിലുള്ള ഇവരുടെ വരുമാനത്തിന്റെ ഏറിയ പങ്കും കൈക്കലാക്കുന്നത് ഇടനിലക്കാരാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വിദ്യാഭ്യാസം ഇല്ലെന്നതും തിരിച്ചടിക്ക് കാരണമായി. സംരംഭത്തിനായി ലോണെടുക്കാമെന്ന് വെച്ചാല്‍ ഉയര്‍ന്ന പലിശ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഷെയര്‍മാര്‍ക്കറ്റ് രീതികളും ഇവര്‍ക്ക് അപ്രാപ്യമായിരുന്നു.

ഇത്തരം കാരണങ്ങള്‍കൊണ്ടു തന്നെ ഈ മേഖല ഉപേക്ഷിക്കാന്‍ ഇവരില്‍ പലരും നിര്‍ബന്ധിതരായി. മുഹീത് മെഹ്‌രാജും കാഷിഫ് ഖാനും ഇത്തരം കരകൗശല തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് കാശ്മീര്‍ ബോക്‌സിന്റെ പിറവി.

കാശ്മീര്‍ ബോക്‌സ് ഡോട്ട് കോം എന്ന് വെബ്‌സൈറ്റില്‍ കാശ്മീരില്‍ നിന്നുള്ള ഏത് ഉത്പന്നവും ലഭ്യമായിരുന്നു. ആരംഭത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറായി മാത്രമായി ആരംഭിച്ച ഇവര്‍ പിന്നീട് ഷോ റൂമുകളും തുടങ്ങി. കാശ്മീരിലെ കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും മികച്ച പ്രതിഫലം നേടാനും കഴിഞ്ഞു.

കരകൗശല തൊഴിലാളികള്‍ക്കിടയില്‍ ഒരു റോയല്‍റ്റി പ്രോഗ്രാം ആണ് കാശ്മീര്‍ ബോക്‌സ് സംഘടിപ്പിക്കുന്നത്. ഇതിലൂടെ ഓരോ ഉത്പന്നത്തിന്റേയും ഉത്പാദനത്തില്‍ ഭാഗമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു. അവര്‍ക്ക് ലഭ്യമാകേണ്ട തുക കൃത്യസമയത്ത് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ച് നല്‍കാനും അവര്‍ ശ്രദ്ധിച്ചു.

ക്രാഫ്റ്റ് ഡെവലപ്‌മെന്റ് ഇന്സ്റ്റിറ്റിയൂട്ട്, സ്‌കൂള്‍ ഓഫ് ഡിസൈന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍പെറ്റ് ടെക്‌നോളജി എന്നിവയുമായി സഹകരിച്ചാണ് കാശ്മീര്‍ ബോക്‌സ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുന്നുണ്ട്. നിലവില്‍ ധാരാളം ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള ഡിസൈനര്‍മാരില്‍ നിന്നും ഇവര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വീഡിയോ കോളുകളിലൂടെ ഇവര്‍ നേരിട്ട് കരകൗശല വിദഗ്ധരുമായി സംസാരിക്കുകയും ഡിസൈനിലും ഗുണനിലവാരത്തിലും അവര്‍ ആഗ്രഹിച്ച നിലവാരം ലഭിക്കുകയും ചെയ്യുന്നു. കാശ്മീര്‍ ചേംബര്‍ ാേഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ബയര്‍ ആന്റ് സെല്ലര്‍ മീറ്റില്‍ പങ്കെടുക്കുകയും പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടം കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോള്‍ കാശ്മീര്‍ ബോക്‌സ് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കാശ്മീര്‍ ബോക്‌സ് ഫൗണ്ടേഷന്റെ വളര്‍ച്ചക്കായി ഉപയോഗിക്കുന്നു.

കരകൗശല വിഭാഗത്തിന്റെ വളര്‍ച്ചക്കായാണ് ഫൗണ്ടേന്‍ പ്രവര്‍ത്തിക്കുന്നത്. ബിസിനസ്സിന്റെ വളര്‍ച്ചക്കായി ലാഭ വിഹിതം ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്തായാണ് അവര്‍ അവരുടെ ആദ്യ സ്‌റ്റോര്‍ ശ്രീനഗറില്‍ ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ നേരില്‍കണ്ടും സ്പര്‍ശിച്ചുനോക്കിയും വാങ്ങണമെന്നുള്ള ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് സ്‌റ്റോര്‍ ആരംഭിച്ചത്. ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റുകളിലേക്ക്കൂടി ഇത് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കരകൗശലവിദഗ്ധരെ പരിചയപ്പെടുത്തുന്നതിനായി വീഡിയോകളിലൂടെ ഉത്പാദകരും ഉപഭോക്താക്കളും തമ്മിലൊരു ബന്ധവും കാശ്മീര്‍ ബോക്‌സ് ഉണ്ടാക്കുന്നുണ്ട്.

അവരുടെ സോഹദര സ്ഥാപനമായ മിറാഹാത് ഡോട്ട് കോമുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് സഹായകമയ സംരംഭങ്ങളും നടത്തുന്നുണ്ട്. ഇത് കര്‍ഷകരുടെ വിളകളുടെ ഗുണ നിലവാരം ഉയര്‍ത്താനും അവര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് മാര്‍ക്കറ്റില്‍ എത്തിക്കാനും സഹായകമായി.

മികച്ച കരകൗശല വിദഗ്ധരെ വാര്‍ത്തെടുക്കു ന്നെതാണ് ഈ മേഖലയിലെ നിലവിലെ വെല്ലുവിളി. ഇതിനായി കാശ്മീര്‍ ബോക്‌സ് തന്നെ ചില സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ അരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ആധുനിക രീതീയിലുള്ള സാങ്കേതിക വിദ്യകള്‍കൂടി സംരംഭത്തില്‍ ഉള്‍പ്പെടുത്തി ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്. കാശ്മീര്‍ ബോക്‌സിന്റെ പേരില്‍ ലോകമാപ്പില്‍ കാശ്മീര്‍ അറിയപ്പെടണമെന്നാണ് മുഹീതിന്റെആഗ്രഹം.