ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍'; ഒറ്റ ഷോട്ടില്‍ വിരിഞ്ഞ നിലാവിന്റെ ചിത്രം

0

രണ്ടു മണിക്കൂറിലേറെ നീളുന്ന ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച മനോഹര ചലച്ചിത്രമാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍'. ഇരുപതാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സവിശേഷ ശ്രദ്ധ നേടിയ ഈ ചിത്രം ഫിലിപ്പീന്‍സില്‍ നിന്നുള്ളതാണ്. ഫിലിപ്പീന്‍സിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും സായുധവിപ്ലവവും പട്ടാളനടപടിയും വരുത്തിവച്ച അരക്ഷിതാവസ്ഥയും വിവരിക്കുന്ന സിനിമയില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണുള്ളതെന്നതും പ്രത്യേകതയാണ്. ഒരുവീടിന്റെ ഉള്‍മുറിയിലും പുറത്തെ പരിസരത്തുമായി മാത്രം ചിത്രീകരണം ഒതുങ്ങുന്നു. രണ്ടു മണിക്കൂറിനുള്ളില്‍ ഒരിടത്തു പോലും കാഴ്ച മുറിയുന്നില്ല. ജൂ റോബിള്‍സ് ലാന സംവിധാനം ചെയ്ത ഈ ചിത്രം പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചു നില്‍ക്കുന്ന ഒരു രാത്രിയിലാണ് സംഭവിക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള സിനിമാകാഴ്ചയില്‍ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് പറയാം.

സായുധ വിപ്ലവം ഫിലിപ്പീന്‍സ് എന്ന ചെറു ദ്വീപുരാജ്യത്തെ പട്ടിണിയിലും അരാജകത്വത്തിലുമാണെത്തിച്ചത്. ആയിരക്കണക്കാനാളുകള്‍ മരിച്ചുവീണു. അതില്‍ പട്ടാളക്കാരും സാധാരണക്കാരും കുട്ടികളുമെല്ലാമുണ്ട്. ചിലയിടങ്ങളില്‍ പട്ടാളക്കാര്‍ തേര്‍വാഴ്ച നടത്തി. അവര്‍ കുട്ടികളെയും പ്രായമായവരെയും പീഡിപ്പിച്ചു. പെണ്‍ കുട്ടികളെ മാനഭംഗത്തിനിരയാക്കി. സായുധ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിലും ഭീകരമായിരുന്നു കാര്യങ്ങള്‍. അരാജകത്വത്തില്‍ നിന്ന് അരാജകത്വത്തിലേക്കായിരുന്നു ഫിലിപ്പീന്‍ ജനതയുടെ യാത്ര. അവരുടെ മോചനമാണ് സായുധ വിപ്ലവകാരികള്‍ ലക്ഷ്യമിട്ടതെങ്കിലും അവര്‍ക്കും പിഴച്ചു പോയി.

സായുധ വിപ്ലവത്തെ തുടര്‍ന്ന് കാടിനു നടുവില്‍ ഒളിച്ചു താമസിക്കു ദമ്പതികള്‍ വിപ്ലവം അടിച്ചമര്‍ത്താനായി നിയോഗിച്ചിട്ടുള്ള പട്ടാളക്കാരനുമായി സൗഹൃദത്തിലാകുന്നു. ദമ്പതികളുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണദ്ദേഹം. പട്ടാളക്കാരന്‍ അവരുമായി സൗഹൃദത്തിലായത് മറ്റുദ്ദേശ്യങ്ങളോടെയായിരുന്നു. സായുധ വിപ്ലവത്തിന്റെ നേതാവിന്റെ മകളാണ് ദമ്പതികളില്‍ ഭാര്യ. ദമ്പതികള്‍ അത് മറച്ചു വയ്ക്കുന്നുണ്ടെങ്കിലും പട്ടാളക്കാരന് അതറിയാമായിരുന്നു.

പട്ടാളക്കാരന്റെ ലക്ഷ്യം നേതാവിനെ കുടുക്കാനുള്ള വഴികളായിരുന്നു. അതിനായി അയാള്‍ ദമ്പതികളെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് തിരിച്ചറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ദമ്പതികള്‍ പട്ടാളക്കാരനുമായി സൗഹൃദത്തിലാകുന്നത്. പട്ടാളത്തിന്റെ രഹസ്യ നീക്കങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം. ഒപ്പം പട്ടാളബാരക്കില്‍ നിന്ന് അയാള്‍ കൊണ്ടുവന്നു നല്‍കുന്ന ഭക്ഷസാധനങ്ങളും മരുന്നുകളുമൊക്കെ ദമ്പതികള്‍ക്ക് വേണമായിരുന്നു. പട്ടാളക്കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുമ്പോഴും അയാള്‍ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചു വയ്ക്കുകയായിരുന്നു. പട്ടാളക്കാരന്റെ യഥാര്‍ത്ഥ മുഖം അറിഞ്ഞു കൊണ്ടായിരുന്നു ദമ്പതികളും അയാളോട് ഇടപഴകിയിരുന്നത്. പരസ്പരം അറിഞ്ഞു കൊണ്ട്, എന്നാല്‍ പരസ്പരം അറിയാതെയായിരുന്നു അവരുടെ സൗഹൃദം.

ഒടുവില്‍ രഹസ്യത്തിന്റെ ചുരുളഴിയുമ്പോള്‍ ദുരന്തങ്ങളാണുണ്ടാകുന്നത്. ഭര്‍ത്താവും കാമുകനും ഒരുപോലെ അവള്‍ക്ക് നഷ്ടമാകുന്നു. സംഭവ ബഹുലമായൊരു കഥ ഒറ്റ ഷോട്ടില്‍ പറഞ്ഞു തീര്‍ക്കുകയാണ് സംവിധായകന്‍. സെക്‌സും പ്രണയവും സൗഹൃദവും ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും പോരാട്ട വീര്യവുമെല്ലാം കൂട്ടുചേര്‍ന്ന് നില്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ ജിജ്ഞാസ വര്‍ദ്ധിക്കുന്നു. നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളാണെല്ലാം.

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ പ്രേക്ഷകന്റെ മനസു കവര്‍ന്ന സിനിമയായി 'ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍' മാറുന്നത് ഇക്കാരണങ്ങളെല്ലാം കൊണ്ടാണ്. നിലാവുള്ള രാത്രിയില്‍ സംഭവിക്കു സിനിമ ഫിലിപ്പീന്‍സിന്റെ ചരിത്രത്തിലൂടെയാണ് പ്രേക്ഷകനെ കൊണ്ടു പോകുന്നത്.