യുവാക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മിഷന്‍ ഐ ആം

യുവാക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മിഷന്‍ ഐ ആം

Sunday November 29, 2015,

2 min Read

നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലേ...ഇന്റര്‍വ്യൂ അഭിമുഖീകരിക്കാന്‍, അഭിപ്രായം തുറന്നു പറയാന്‍, ഉറപ്പോടെ പറയാന്‍.....എന്നാല്‍ പേടിക്കേണ്ട ഇവിടെ കിട്ടും ആത്മവിശ്വാസം. 'മിഷന്‍ ഐ ആം' ഉണ്ട് നിങ്ങളോടൊപ്പം, ഒരു സുഹൃത്തിനെപ്പോലെ, വഴികാട്ടിയെപ്പോലെ നിങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍. അരുണ്‍ മിത്തല്‍, ഇറ അഗര്‍വാള്‍ എന്നീ യുവ പ്രതിഭകളാണ് മിഷന്‍ ഐ ആം എന്ന ആശയത്തിനു പിന്നില്‍. ഭാഷാ നൈപുണ്യം, ആത്മവിശ്വാസം എന്നിങ്ങനെ ഏതു പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനുള്ള കരുത്ത് ഇവരും കൂട്ടുകാരും പകര്‍ന്നു നല്‍കും. എഞ്ചിനിയറിങ് ബിരുദധാരികളാണ് ഈ ഡല്‍ഹി സ്വദേശികള്‍. തന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് മിഷന്‍ തുടങ്ങാന്‍ പ്രചോദനമായതെന്ന് അരുണ്‍ പറയുന്നു. പഠനത്തില്‍ മുന്നിലായിരുന്നെങ്കിലും കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആണ് തനിക്ക് വില്ലനായത്. മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവില്ലാതെ കോളെജില്‍ പല പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. തന്റെ അവസ്ഥ മറ്റു പല കൂട്ടുകാര്‍ക്കും ഉണ്ടെന്നു മനസിലാക്കിയാണ് ഇതിനെ പ്രതിരോധിക്കാന്‍ മിഷന്‍ ഐ ആം രൂപീകരിച്ചതെന്ന് അരുണ്‍ മിത്തല്‍ പറയുന്നു. സുഹൃത്തായ ഇറ അഗര്‍വാളിന്റെ സ്‌കില്‍ ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താനായി. വളരെ ഊര്‍ജസ്വലയായ ഇറ തന്നെയാണ് മിഷന്റെ മുഖമെന്നും അരുണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

image


സ്‌കൂള്‍, കോളെജ്, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവ കേന്ദ്രീകരിച്ച് ശില്‍പശാലകള്‍ നല്‍കിയാണ് മിഷന്‍ ആദ്യ പ്രവര്‍ത്തനം നടത്തുന്നത്. ആരംഭിച്ച് ഒരു മാസത്തിനകം തന്നെ 20 ഓളം സ്ഥലങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കാന്‍ സംഘത്തിനായത് മിഷന്റെ വിജയത്തെ സൂചിപ്പിക്കുന്നു. സ്വന്തം കഴിവുകളെ വിശ്വസിക്കാനാകാതെ വരുമ്പോഴാണ് പലരും ആത്മവിശ്വാസമില്ലാത്തവരാകുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞാല്‍ പ്രശ്‌നം തീരും. അതിനുള്ള ഒരു അവസരമാണ് മിഷന്‍ നല്‍കുന്നത്. നാം എന്താണ് എന്നതില്‍ നിന്ന് എന്തായി തീരണം എന്ന് ആഗ്രഹിക്കുന്നിടത്തേയ്്ക്കാണ് ഇവര്‍ കൂട്ടികൊണ്ടുപോകുന്നത്. കമ്മ്യൂണിക്കേഷനിലുള്ള പ്രശ്‌നമാണ് പലരെയും അന്തര്‍മുഖരാക്കുന്നത്. ഇതു പരിഹരിക്കാനാണ് മിഷന്‍ പ്രാധാന്യം നല്‍കുന്നത്. കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെ നിരവിധി കഴിവുകള്‍ പ്രാധാന്യം നല്‍കിയുള്ള ക്ലാസുകളാണ് മിഷന്‍ ഐ ആം നടത്തുന്നത്. വിദേശ ഭാഷകള്‍, ശരീരഭാഷ, ഫൊനറ്റിക്‌സ് എന്നിങ്ങനെ ആത്മവിശ്വാസം പകരുന്ന എല്ലാ ഘടകങ്ങളും ക്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനസികോല്ലാസത്തിനായി സ്‌പോര്‍ട്‌സ്, യോഗ, ഫോട്ടോഗ്രഫി തുടങ്ങിയവയും വിദ്യാര്‍ഥികള്‍ക്കായി നിര്‍ദ്ദേശിക്കാറുണ്ട്.

image


ഇറയ്ക്കും അരുണിനുമൊപ്പം വിദഗ്ധരടങ്ങിയ ഒരു സംഘവുമുണ്ട്് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. ക്ലാസുകള്‍ക്കു ശേഷം വിദ്യാര്‍ഥികളായി മുന്നിലെത്തുന്നവരുടെ ആത്മവിശ്വാസം മുന്‍പത്തെക്കാള്‍ വര്‍ധിക്കുമ്പോള്‍ തികഞ്ഞ സന്തോഷമാണെന്ന് സംഘം പറയുന്നു. കൂടുതല്‍ ക്ലാസുകള്‍ നയിക്കാന്‍ ഇതു പ്രചോദനവുമാകുന്നുണ്ട്. രണ്ടു മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകളായി തിരിഞ്ഞാണ് ക്ലാസുകള്‍ നയിക്കുന്നതെങ്കിലും കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിപ്പെടാനാകുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് അടുത്ത ലക്ഷ്യമെന്ന് അരുണ്‍ മിത്തല്‍ പറയുന്നു. 

image


കുറഞ്ഞ നിരക്കിലാണ് ഇവര്‍ ക്ലാസുകള്‍ എടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 15 മണിക്കൂര്‍ ക്ലാസിന് 1000 രൂപ മാത്രമാണ് ഈടാക്കുന്നത്. വരുമാനമായിട്ടല്ല, ടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി മാത്രമാണ് ഈ പണം ഇവര്‍ ഈടാക്കുന്നത്. പതിനായിരങ്ങള്‍ കൊടുത്ത് മാസങ്ങളോളം സ്‌കില്‍ ഡെവലപ്‌മെന്റിനായി സമയം മിനക്കെടുത്തുമ്പോഴാണ് 15 മണിക്കൂര്‍ കൊണ്ട് ഇവ നേടാനാകുമെന്ന് തെളിയിച്ച് അരുണ്‍ഇറ കൂട്ടുകെട്ട് വിജയിക്കുന്നത്. നിലവില്‍ ഡല്‍ഹിയില്‍ മാത്രം ലഭ്യമാകുന്ന ഇവരുടെ ക്ലാസുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും മിഷന് പദ്ധതിയുണ്ട്.