വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി മാസ്‌കറ്റ് ഹോട്ടല്‍

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി മാസ്‌കറ്റ് ഹോട്ടല്‍

Sunday December 20, 2015,

2 min Read

നിരവധി വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടല്‍. പലരും തിരുവനന്തപുരത്തെത്തിയാല്‍ താമസിക്കാനിഷ്ടപ്പെടുന്ന സ്ഥലം. നഗരത്തില്‍ തന്നെ ശാന്തമായ അന്തരീക്ഷത്തിലുള്ള ഒരു ഹോട്ടല്‍. എല്ലാ വിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണെങ്കിലും പഞ്ച നക്ഷത്ര സൗകര്യങ്ങളുടെ ഒരു കുറവുണ്ട്. അത് നികത്താനുളള പദ്ധതിയിലാണിപ്പോള്‍ കെ ടി ഡി സി.

മുഖം മിനുക്കി അതിഥികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യങ്ങള്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ ലഭ്യമാക്കാനാണ് കെ ടി ഡി സി പദ്ധതിയിടുന്നത്. ഫെബ്രുവരിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ വളരെപ്പെട്ടന്നു തന്നെ പണി പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം. 12 കോടി രൂപയോളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാകും. അനെക്‌സ് ബ്ലോക്ക്, ഹെറിറ്റേജ് ബ്ലോക്ക്, വെസ്റ്റ് ബ്ലോക്ക്, കണ്‍വെന്‍ഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, സ്വിമ്മിങ്ങ് പൂള്‍, റെസ്റ്റാറന്റ്, പൂന്തോട്ടം എന്നിങ്ങനെ മസ്‌ക്കറ്റ് ഹോട്ടലിന്റെ എല്ലാ ഭാഗങ്ങളും നവീകരിക്കും. മൊത്തത്തില്‍ ഹോട്ടലിന്റെ മുഖംതന്നെ മാറ്റി പുതിയ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.

ഹോട്ടലിലെ അടുക്കളയെ ആധുനീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പുതിയ രീതിയിലുള്ള സജ്ജീകരണങ്ങളാണ് അടുക്കളയില്‍ ഒരുക്കുന്നത്. ആഹാര കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തും. പഞ്ച നക്ഷത്ര രീതിയിലുള്ള ആഹാരമാണ് വിളമ്പുക. മനസിനിഷ്ടപ്പെട്ട ഹോട്ടലില്‍ ആധുനിക സജ്ജീകരണങ്ങളോടും ഇഷ്ടപെട്ട ആഹാരവും ആസ്വദിച്ച് കഴിക്കാനാണ് അവസരം ലഭിക്കുക. ബെഡ് റൂമുകളിലും വ്യത്യസ്തകള്‍ വരുത്തും ആധുനിക രീതീയിലുള്ള സജ്ജീകരണങ്ങള്‍ തന്നെയാണ് ഇവിടെയും ഏര്‍പ്പെടുത്തുക,

image


ഏറ്റവും പുതിയ ടെക്‌നോളജികള്‍ തന്നെയാകും ബാത്ത് റൂമുകളിലും സജ്ജീകരിക്കുക. അനെക്‌സ് ബ്ലോക്കിലെ 38 മുറികള്‍ ആദ്യഘട്ടത്തില്‍ നവീകരിക്കും. ആറു മാസത്തിനുള്ളില്‍ അനെക്‌സ് ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കും. 2002 ലാണ് അവസാനമായി ഹോട്ടല്‍ നവീകരണം നടന്നത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗത്തിന്റെ സ്ഥിരം സങ്കേതങ്ങളില്‍ ഒന്നായിരുന്നു തലസ്ഥാനത്തെ മസ്‌ക്കറ്റ് ഹോട്ടല്‍. മസ്‌ക്കറ്റ് ഹോട്ടലിനെ പഴയ പ്രൗഢിയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമമെന്ന നിലയ്ക്കാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആദ്യം അനെക്‌സ് ബ്ലോക്കിന്റെ നവീകരണം നടക്കും. ഇതിനായി പ്ലാനിംഗ് ഫണ്ട് തുകയായ അഞ്ചു കോടി രൂപ ലഭിച്ചിട്ടുണ്ട്. പഴയ ബ്ലോക്കുകളുടെ അറ്റകുറ്റപ്പണി നടത്തും.

കൂടുതല്‍ ആളുകളെ മസ്‌ക്കറ്റിലേക്കു ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു കെ ടി ഡി സി ചെയര്‍മാന്‍ വിജയന്‍ തോമസ് പറഞ്ഞു. തലസ്ഥാനത്തെത്തുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന ഹോട്ടലുകളാണ് താജും മസ്‌കറ്റും. ഇനി കൂടുതല്‍ പേര്‍ മസ്‌കറ്റിനെ ആശ്രയിക്കുന്നതിന് പുതിയ മാറ്റം വഴിവെക്കുമെന്നുതന്നെയാണ് വിശ്വാസമെന്നും വിജയന്‍ തോമസ് പറഞ്ഞു.