ലോകത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്..

ലോകത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്..

Wednesday December 16, 2015,

2 min Read

വെള്ളവും ഭക്ഷണവും ഇല്ലാതെ ചിലപ്പോള്‍ ജീവിക്കാന്‍ പറ്റിയേക്കാം. പക്ഷെ ഇന്റര്‍നെറ്റ് ഇല്ലാതെ ഒരു ദിവസം കഴിച്ചു കൂടാന്‍ പറ്റാത്ത ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് ഇന്ന് ഈ ലോകം കടന്നു പോകുന്നത്. ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ നമ്മുടെ രാജ്യമായ ഇന്ത്യ ഒട്ടും പുറകിലല്ല എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മാസത്തോടെ ലോകത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

image


ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI)യും IMRB ഇന്റര്‍നാഷണലും സംയുക്തമായി നടത്തിയ 'ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ 2015' എന്ന സര്‍വേയിലെ റിപ്പോര്‍ട്ടാണ് ഈ സൂചനകള്‍ നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് 2015 ഡിസംബര്‍ വരെ 402 മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനമാണ് വര്‍ധന. ഒക്ടോബറില്‍ ഇന്ത്യയില്‍ 317 മില്ല്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. 600 മില്ല്യണ് മുകളില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉള്ള ചൈനയാണ് ഈ ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യം.

മൊബൈല്‍ ഫോണ്‍ ആണ് ഇത്തരത്തിലെ ഒരു വളര്‍ച്ചയുടെ പ്രധാന കാരണം. നഗരങ്ങളില്‍ മോബൈല്‍ ഇന്റര്‍നെറ്റ് ഉപഭോഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 65 ശതമാനം ഉയര്‍ന്ന് 2015 ഒക്ടോബറോടു കൂടി 197 മില്ല്യണിലേക്ക് എത്തി. അതേ സമയം ഗ്രാമങ്ങളില്‍ 2015 ഡിസംബറോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 87 മില്ല്യണ്‍ വര്‍ധിച്ചു. 2016 ജൂണില്‍ ആ വര്‍ദ്ധനവ് 109 മില്ല്യണിലേക്ക് എത്തും.

നഗരങ്ങളില്‍ 94 ശതമാനം ഉപഭോക്താക്കളും മോബൈല്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും 64 ശതമാനം ഡെസ്‌ക്ടോപ്പും ലാപ്‌ടോപ്പും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 90 ശതമാനം പേരും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ബ്രൌസിംഗ് ഉപകരണമായി കാണുന്നത് മൊബൈല്‍ ഫോണിനെ തന്നെയാണ്.

വാണിജ്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന എല്ലാ മേഖലകളിലെയും മേധാവികള്‍ക്ക് ഈ വാര്‍ത്ത നല്‍കുന്നത് സന്തോഷം തന്നെയാണ്. പേറ്റിഎം(Paytm) സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ 'ടെക്‌സ്പാര്‍ക്‌സ് 2015 റിപ്പോര്‍ട്ട് ടെക്ക് ഫോര്‍ എ ബില്ല്യണ്‍'

ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് 'അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും മൊബൈല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബാങ്കിംഗ് നടത്തുന്ന ബാങ്കുകള്‍ ഇന്ത്യയില്‍ വരും. ഇത് പോലെയുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്ന സ്ഥലമാണ് ഇന്ത്യ. അതിനു കാരണം ഇന്ത്യയുടെ ജനസംഖ്യയുടെ 50 ശതമാനവും 24 വയസ്സില്‍ താഴെയുള്ള യുവാക്കളാണ്. കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍ ദിവസം കൂടും തോറും കൂടുതല്‍ കൂടുതല്‍ ജനപ്രിയമായി വരികയാണ്.'

രാജ്യത്തെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വന്‍കിട നഗരങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വളരെ കൂടുതലാണ്. മൊത്തം ഉപഭോഗത്തിന്റെ 31 ശതമാനം ഈ നഗരങ്ങളില്‍ ആണ്. മുംബൈയിലും ഡല്‍ഹിയിലുമാണ് ഏറ്റവും അധികം ഉപഭോക്താക്കള്‍ ഉള്ളത്. ജയ്പൂര്‍, സൂറത്ത്, ലഖ്‌നൗ എന്നീ 'ചെറുകിട മെട്രോ നഗരങ്ങളില്‍' കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം ഉപഭോക്താക്കളുടെ വര്‍ധനവാണ് കാണുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗത്തിലും ലിംഗ വിവേചനം കാണാന്‍ സാധിക്കുന്നുണ്ട്. മൊത്തം ഉപഭോക്താക്കളില്‍ 71 ശതമാനം പുരുഷന്മാരും ബാക്കി 29 ശതമാനം സ്ത്രീകളുമാണ്. എന്നാല്‍ ഈ വ്യത്യാസം നഗരങ്ങളില്‍ അല്‍പം കുറവാണ്. അവിടെ പുരുഷന്മാരുടെ ശതമാനം 62ലേക്ക് താഴ്ന്നപ്പോള്‍ സ്ത്രീകളുടെ ശതമാനം 38ലേക്ക് എത്തി. എന്നാല്‍ ഗ്രാമങ്ങളില്‍ ഈ കണക്ക് വലിയ വ്യതാസമാണ് കാണിക്കുന്നത്. അവിടങ്ങളിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിലെ പുരുഷ സ്ത്രീ അനുപാതം 88:12 ആണ്.

image


ജനസംഖ്യാപരമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന കണക്കുകളും താത്പര്യമുളവാക്കുന്നതാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 18നും 30നും ഇടയ്ക്കാണ്. അതില്‍ 11 ശതമാനം 18 വയസില്‍ താഴെയുള്ളവരും 8 ശതമാനം 31നും 45 വയസിനും ഇടയില്‍ ഉള്ളവരാണ്. നഗരങ്ങളിലെ ഇന്റെനെറ്റ് ഉപഭോക്താക്കളില്‍ ആക്റ്റീവ് ആയവരില്‍ 32 ശതമാനവും കോളേജ് വിദ്യാര്‍ത്ഥികളാണ്.

ഓണ്‍ലൈനായുള്ള ആശയവിനിമയം, സോഷ്യല്‍ നെറ്റ് വര്‍ക്ക്, വിനോദം എന്നിവയ്ക്ക് വേണ്ടിയാണ് പ്രധാനമായും ഇന്റര്‍നെറ്റ് ഉപയോഗിക്കപ്പെടുന്നത്. നഗരങ്ങളിലെ 24 ശതമാനവും ഗ്രാമങ്ങളിലെ 5 ശതമാനവും ഉപഭോക്താക്കള്‍ മാത്രമേ ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗിന് വേണ്ടി ഉപയോഗിക്കുന്നുള്ളൂ.