പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പോം പോം

0

ദിവസവും എത്രയെത്ര സാധനങ്ങളാണ് നാം മാലിന്യങ്ങളുടെ കൂട്ടത്തില്‍ വലിച്ചെറിയുന്നത്. ഇതില്‍ പലതും റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാന്‍ പറ്റുന്നവയാണ്. എന്നാല്‍ പുനരുപയോഗിക്കുന്നതിനൊന്നും ശ്രമിക്കാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ് നാം ചെയ്യുന്നത്. എന്നാല്‍ ഇനി റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരു വിളിപ്പാടകലെ പോം പോം ഉണ്ട്. ഒരു ഫോണ്‍ കോളിലൂടെ പോം പോം നിങ്ങളുടെ വീട്ടുമുറ്റത്തേക്ക് വാഹനവുമായി പറന്നെത്തും. നിങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലവും നല്‍കും.

ഡല്‍ഹി സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പിന്റെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഒരു ദിവസം 8360 ടണ്‍ ഖര മാലിന്യങ്ങളാണ് ഉണ്ടാകുന്നത്. മറ്റൊരു പഠനം വ്യക്തമാക്കുന്നത് ഇന്ത്യയിലെ നഗരങ്ങളില്‍ 1,88,500 ടണ്‍(68.8 മില്യന്‍ ടണ്‍) മാലിന്യങ്ങളാണ് ഒരു ദിവസം ഉണ്ടാകുന്നത്. ദിവസം ഒരു വ്യക്തി 500 ഗ്രാം മാലിന്യം ഉല്‍പാദിപ്പിക്കുന്ന എന്ന നിരക്കിലാണ് ഈ കണക്ക്.

ഈ മാലിന്യങ്ങളില്‍നിന്ന് പുതുക്കി ഉപയോഗിക്കാവുന്ന സാധനങ്ങളാണ് ദീപക് സേതിയേയും കിഷോര്‍ താക്കൂറിനെയും പോം പോം എന്ന തങ്ങളുടെ സംരംഭത്തിലേക്ക് നയിച്ചത്.

ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന പോം പോം കഴിഞ്ഞവര്‍ഷം നവംബറിലാണ് ആരംഭിച്ചത്. ഒരു ടണ്‍ പേപ്പര്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നത് 17 വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായിക്കുമെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഒരു അലൂമിനിയം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നത് മൂന്ന് മണിക്കൂര്‍ ടി വി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഊര്‍ജ്ജം ലാഭിക്കാനാകും.

ഓരോരുത്തരുടെയും വീടിന്റെ പടിവാതില്‍ക്കലെത്തി റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യങ്ങള്‍ ശേഖരിക്കുകയാണ് പോം പോം ചെയ്യുന്നത്. റീസൈക്ലിംഗിന് വളരെ മിതമായ നിരക്കാണ് ഇവര്‍ ഈടാക്കുന്നതും. സൗത്ത് ഡല്‍ഹിയിലാണ് പോം പോം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം ആളുകളുടെ മാലിന്യ സംസ്‌കരണത്തിന് പോം പോം പരിഹാരമാകുന്നുണ്ട്. മാത്രമല്ല പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് ഒരു സഹായം എന്ന നിലയില്‍ കൂടിയാണ് പോം പോമിന്റെ പ്രവര്‍ത്തനം.

കാര്യനിര്‍വഹണ രംഗത്ത് 45 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവരാണ് ഇതിന്റെ സ്ഥാപകര്‍. എസ് പി എം എല്‍ ഇന്‍ഫ്രയുടെ ഡല്‍ഹി വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിക്ക് പിന്നില്‍ പ്രവര്‍തച്ചിരുന്നത് ഇരുവരുമായിരുന്നു. മാലിന്യത്തിനും മലിനജലത്തിനും പരിഹാരമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നു ഡല്‍ഹി വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി.

സ്ഥാപനത്തിന്റെ സി ഇ ഒ 36കാരനായ ദീപക് 2002ല്‍ ആസ്‌ത്രേലിയയിലെ ഡീകിന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന്എം ബി എയും ബംഗലൂരു ക്രൈസ്റ്റ് കോളജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദവും നേടിയിട്ടുണ്ട്. എസ് പി എം എല്‍ ഇന്‍ഫ്രയിലെ ഡയറക്ടര്‍ എന്ന നിലയില്‍ മാനേജ്‌മെന്റ് രംഗത്ത് ഒരു ദശാബ്ദത്തിലധികം പ്രവര്‍ത്തനപരിചയം ദീപക്കിനുണ്ട്.

56കാരനായ കിഷോര്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ കിഷോര്‍ പോം പോമിന്റെ സി ഒ ഒ എന്നതിന് പുറമെ ഇന്ത്യന്‍ ആര്‍മിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡല്‍ഹി വേസ്റ്റ് മാനേജ്‌മെന്റിന്റെ ഫുള്‍ ടൈം ഡയറക്ടറായും ഇദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് പി എം എല്‍ ഗ്രൂപ്പിന്റെ കീഴില്‍ അഞ്ചിലധികം കമ്പനികളുടെ ഡയറക്ടറുമായിരുന്നു ഇദ്ദേഹം.

കിഷോറിന്റെ നേതൃത്വത്തില്‍ എസ് പി എം എല്‍, ജി എം ആര്‍ ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ ബെസ്റ്റ് സര്‍വീസ് പ്രൊവൈഡര്‍ അവാര്‍ഡ് മൂന്ന് വര്‍ഷം നേടിയിരുന്നു. ഇത് പോം പോം തുടങ്ങുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച അംഗീകാരം കൂടിയായിരുന്നു.

മാലിന്യ സംസ്‌കരണ രംഗത്തുള്ള തങ്ങളുടെ പ്രവര്‍ത്തന പരിചയത്തില്‍നിന്നാണ് പോം പോം എന്ന ആശയം ഉടലെടുത്തത്-ദീപക് പറയുന്നു.

രണ്ട് കാര്യങ്ങളാണ് അവര്‍ മനസിലാക്കിയത്. ആദ്യത്തേത് മാലിന്യങ്ങളില്‍നിന്ന് റീസൈക്കിള്‍ ചെയ്യാവുന്നവ വേര്‍തിരിച്ചെടുക്കുക എന്നതായിരുന്നു. രണ്ടാമത് ആളുകള്‍ക്ക് ഇതേക്കുറിച്ച് അവബോധം ഇല്ലാത്തതിനാല്‍ തന്നെ അവര്‍ റീസൈക്കിള്‍ ചെയ്യാവുന്നവ വേര്‍തിരിച്ചെടുക്കാറില്ല എന്നതാണ്.

പുനരുപയോഗിക്കാവുന്ന ടണ്‍ കണക്കിന് സാധനങ്ങള്‍ മാലിന്യങ്ങളോടൊപ്പം വലിച്ചെറിയുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതോടെ റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പ്രതിഫലം നല്‍കി തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. ഈ ആശയം ജനങ്ങളിലേക്കെത്താന്‍ തുടങ്ങിയതോടെ തങ്ങള്‍ പോം പോം ആരംഭിക്കുകയായിരുന്നു.

ഒരു വിളിപ്പുറമപ്പുറത്ത് പോം പോം ഉണ്ട്. വളരെ സുതാര്യമായ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനവും. വൈബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നതിനനുസരിച്ച് റീസൈക്ലബിള്‍സിന് കിലോഗ്രാമിന് പ്രതിഫലം നല്‍കും.

റീസൈക്കിള്‍ ചെയ്യാവുന്ന സാധനങ്ങള്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച ശേഷം അവ പുതിയ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് പോം പോം ചെയ്യുന്നത്.

ദീപക്കിന്റെ വാക്കുകള്‍ ഇങ്ങനെ: നമ്മള്‍ നിസാരമെന്ന് കരുതി വലിച്ചെറിയുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകളും ഗ്ലാസുകളും പ്ലാസ്റ്റിക് ബോട്ടിലുകളുമെല്ലാം നൂറ് ശതമാനം പുനരുപയോഗിക്കാനാകുന്നവയാണ്. നമ്മള്‍ വലിച്ചെറിയുന്നത് ഒഴിവാക്കി പുനരുപയോഗിക്കുന്ന രീതിയിലേക്ക് മാറുന്നു എന്നതിന് പുറമേ പരിസരം വൃത്തിയാക്കി സൂക്ഷിക്കാനുള്ള സ്വച്ഛ് ഭാരത് അഭിയാന് വേണ്ടിയുള്ള ഒരു കാല്‍വെയ്പ്പ് കൂടിയാണിത്.

ഒരു കോടി രൂപയാണ് ഇവര്‍ ഈ സംരംഭത്തിലേക്ക് നിക്ഷേപിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നതിനും തങ്ങളുടെ വാഹനം പരിചയപ്പെടുത്തുന്നതിനും ജീവനക്കാരെ കണ്ടെത്തുന്നതിനും വെയര്‍ ഹൗസിംഗിനുമെല്ലാമായാണ് തുക വിനിയോഗിച്ചത്. സാധനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നതില്‍നിന്ന് കിട്ടുന്ന തുകയാണ് പോം പോമിന്റെ വരുമാനം. 11 വാഹനങ്ങളാണ് ഇപ്പോള്‍ പോം പോമിനുള്ളത്. ഒരു വലിയ ടാറ്റ ക്യാന്റര്‍, 10 മാരുതി ഇക്കോ കാറുകള്‍ ഇവയാണ് വാഹനങ്ങള്‍. 30 ജീവനക്കാരും കോള്‍ സെന്റര്‍ എംപ്ലോയറും പോം പോമിനുണ്ട്. ഡല്‍ഹിയാണ് പ്രധാന പ്രവര്‍ത്തന മേഖലയെങ്കിലും സ്‌കുളുകളുമായും ആശുപത്രികളുമായുമെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആലോചനയുണ്ട്.

പ്രവര്‍ത്തനം തുടങ്ങി വളരെ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമാണ് നേടാനായതെന്ന് കിഷോര്‍ പറയുന്നു.

പേപ്പര്‍, പ്ലാസ്റ്റിക് തുടങ്ങി ഉണങ്ങിയ റീസൈക്ലബിള്‍ സാധനങ്ങള്‍ ശേഖരിക്കുന്ന മറ്റ് നിരവധി സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇ-വേസ്്റ്റ് മേഖലയില്‍തന്നെ നിരവധി കമ്പനികളുണ്ട്.

എന്നാല്‍ മാലിന്യങ്ങളുടെ അളവ് കൂടുതലാണ് എന്നതിനാല്‍തന്നെ ഇത് വലിയ സാധ്യതകളുള്ള മേഖലയാണ്. റീസൈക്ലിംഗിനെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. തങ്ങള്‍ വലിച്ചെറിയുന്ന നിസാരമെന്ന് കരുതുന്ന സാധനങ്ങളില്‍നിന്ന് എങ്ങനെ പുതിയ വസ്തുക്കള്‍ ഉണ്ടാക്കാമെന്ന് തങ്ങള്‍ അവരെ മനസിലാക്കിക്കുകയാണ്. മാത്രമല്ല പ്രകൃതി വിഭവങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും മനസിലാക്കിക്കുന്നു. മാലിന്യങ്ങളോടുള്ള ജനങ്ങളുടെ മനോഭാവം തന്നെ മാറിയിട്ടുണ്ട്.

എന്നിരുന്നാലും താഴേത്തട്ടിലുള്ള ജനങ്ങളില്‍ പലരിലും മാറ്റമുണ്ടാക്കേണ്ടതുണ്ട്. ലഭിക്കുന്ന മാലിന്യങ്ങളുടെ അളവും കൂട്ടണം. മാലിന്യത്തിന്റെ അളവ് കൂടിയാല്‍ റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാന്റ് സ്ഥാപിക്കാനും ഒപ്പം പദ്ധതി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, യൂനിവേഴ്‌സിറ്റികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പോം പോം ലക്ഷ്യമിടുന്നുണ്ട്.

കബാഡിവാല, സ്‌ക്രോപ്‌സ്, ഇ-കബഡി, കച്രപതി, കച്രെ, ക ഡബ്ബ എന്നിവയാണ് നിലവില്‍ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍.