പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും: ഡെപ്യുട്ടി സ്പീക്കര്‍

പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും: ഡെപ്യുട്ടി സ്പീക്കര്‍

Tuesday November 29, 2016,

1 min Read

പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് വട്ടിയൂര്‍ക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 140 സ്‌കൂള്‍ സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

image


പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്.ഇതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ , സര്‍ക്കാര്‍ സഹായത്തോടെയുള്ള എയ്ഡഡ് സ്‌കൂളുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലും അധ്യാപനത്തിലും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കും.വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂള്‍ കെട്ടിടങ്ങളുടേതുള്‍പ്പെടെയുള്ളവയുടെ വികസനത്തിലും പൂര്‍ണ ശ്രദ്ധയൂന്നിയുള്ള നടപടികള്‍ സ്വീകരിക്കും.

അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചാല്‍ മാത്രമേ കുട്ടികളുടെ പഠന നിലവാരമുറപ്പാക്കാന്‍ കഴിയുകയുള്ളുവെന്ന അബദ്ധ ധാരണ പൊളിച്ചെഴുതാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന അഞ്ചുവര്‍ഷക്കാലത്തിനുള്ളില്‍ ഇത് ജനങ്ങള്‍ക്ക് പ്രകടമാകും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീ-പ്രൈമറി മുതല്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി ക്യൂ നില്‍ക്കുന്ന അവസ്ഥ കേരളത്തില്‍ കാണാനാകും. വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യമാറ്റത്തിന് തിരികൊളുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയമെന്നും ഡപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകള്‍ ജനങ്ങളുടെ സ്വത്താണ്.വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ മേഖലയിലെ അപചയം മൂലം പല സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചുപൂട്ടേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട്.അത്തരം ദുസ്ഥിതി ഈ സര്‍ക്കാരിന് കീഴില്‍ ഉണ്ടാകില്ല.അക്കാദമിക നിലവാരത്തില്‍ കൂടുതല്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്കൊപ്പം അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും പൊതുജനങ്ങളും അണിചേരണം.കൂട്ടായ്മയിലൂടെ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിക്കാനാകുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് എസ്.ബിനു അധ്യക്ഷനായിരുന്നു. വട്ടിയൂര്‍ക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ പി.എം.മീനാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ.പി.ജെ.കുര്യന്‍ , വട്ടിയൂര്‍ക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മിസ്ട്രസ് എ.ആര്‍.ജസീല, സ്‌കൂള്‍ പാര്‍ലമെന്റ് വൈസ് ചെയര്‍മാന്‍ അല്‍ മുഹമ്മദ് ആദം സമദ്,സ്റ്റാഫ് സെക്രട്ടറി കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.