കെ എസ് ആര്‍ ടി സിയും CNGയാകുന്നു 

0

ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കെ.എസ്.ആര്‍.റ്റി.സി.യെ പുനരുദ്ധരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഹരിതോര്‍ജ്ജത്തിന് പ്രാധാന്യം നല്‍കാനുള്ള തുടക്കമെന്ന നിലയില്‍ സര്‍ക്കാര്‍ സമര്‍ദ്ദിത പ്രകൃതിവാതകം (Compressed Natural gas - CNG) ഉപയോഗിച്ചു കൊണ്ട് ഓടുന്ന ബസ്സുകള്‍ കൂടുതലായി ആരംഭിക്കാന്‍ പോവുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നീ നഗരങ്ങളിലായിരിക്കും ഇതിന്റെ തുടക്കം കുറിക്കുക. CNG ബസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായാല്‍ ഇന്ധനയിനത്തിലുള്ള ചെലവു കുറയുമെന്നു മാത്രമല്ല ബസ്സുകളുടെ കാര്യക്ഷമത കൂടുകയും ചെയ്യും.

വലിയ പ്രതിസന്ധിയാണ് കെ.എസ്.ആര്‍.റ്റി.സി. ഇന്ന് അഭിമുഖീകരിക്കുന്നത്. 2011ല്‍ കെ.എസ്.ആര്‍.റ്റി.സി.യുടെ കടം 717 കോടിയായിരുന്നു. പിന്നത്തെ അഞ്ചുവര്‍ഷം കൊണ്ട് അത് നാലിരട്ടിയായാണ് വര്‍ദ്ധിച്ചത്. 1816 കോടിയാണ് കെ.എസ്.ആര്‍.റ്റി.സി. ഇന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് എന്നതു തന്നെ കെ.എസ്.ആര്‍.റ്റി.സി. അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നു. ഓരോ മാസവും 100 കോടി രൂപാ വീതം കടമെടുത്താണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ മാസത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം 148 കോടി രൂപയാണ്. നോട്ടുനിരോധനത്തോടെ ദിവസവരുമാനത്തില്‍ 60 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. ഇത് കെ.എസ്.ആര്‍.റ്റി.സി.യെ ഇന്നോളമില്ലാത്ത വിഷമഘട്ടത്തിലേക്കാണ് നയിച്ചിരിക്കുന്നത്.

മറ്റ് സ്വകാര്യസര്‍വീസുമായി നമുക്ക് കെ.എസ്.ആര്‍.റ്റി.സി. യെ താരതമ്യം ചെയ്യാനാവില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള സര്‍വീസാണ് കെ.എസ്.ആര്‍.റ്റി.സി.യുടേത്. ലാഭ-നഷ്ടക്കണക്ക് നോക്കാതെ തന്നെ കെ.എസ്.ആര്‍.റ്റി.സി.ക്ക് ചില സര്‍വീസുകള്‍ ഏറ്റെടുത്തു നടത്തേണ്ടതായി വരും. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുള്ള സര്‍വീസ്, രാത്രികാല സര്‍വീസ്, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസ് തുടങ്ങിയവയൊക്കെ വേണ്ടെന്നു വെക്കാന്‍ ജനങ്ങളോടു കൂറുള്ള ഒരു ജനാധിപത്യ സര്‍ക്കാരിനാവില്ല. അതുകൊണ്ടുതന്നെ ഇത്തരം സര്‍വീസുകള്‍ മുഖേനയുണ്ടാവുന്ന വരുമാന നഷ്ടത്തെ ഗൗരവമായെടുക്കാനുമാവില്ല.

സ്കാനിയ ഉള്‍പ്പടെയുള്ള ബസ്സുകള്‍, ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം എന്നിങ്ങനെ യാത്രക്കാര്‍ക്ക് ഗുണകരമാവുന്ന ഒട്ടേറെ കാര്യങ്ങള്‍ കെ.എസ്.ആര്‍.റ്റി.സിയുടെ ആഭിമുഖ്യത്തില്‍ ചെയ്യുന്നുണ്ട്. സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന സ്മാര്‍ട്ട് കാര്‍ഡ് കെ.എസ്.ആര്‍.റ്റി.സി. പുറത്തിറക്കാന്‍ പോവുകയാണ്. മൂന്ന് വിഭാഗങ്ങളിലായി ഇറങ്ങുന്ന ഈ കാര്‍ഡ് പാവപ്പെട്ടവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. കെ.എസ്.ആര്‍.റ്റി.സി.ക്കാകട്ടെ ഒരുമിച്ച് ആദ്യം തന്നെ ഒരു വരുമാനം ലഭിക്കുകയും ചെയ്യും.

കെ.എസ്.ആര്‍.റ്റി.സിയെ ദുരിതത്തില്‍നിന്നും കരകയറ്റാന്‍ തൊഴിലാളികള്‍ ത്യാഗപൂര്‍വം ശ്രമിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യം എന്ന മനോഭാവത്തോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.റ്റി.സി.യെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തെ പിന്തുണയ്ക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്നത് ആഹ്ളാദകരമാണ്.

ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ പ്രതിഫലനമാണ് കെഎസ്ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ സേവ് കെ.എസ്.ആര്‍.റ്റി.സി. ക്യാമ്പയിന്‍. ക്യാമ്പയിന്റെ ഭാഗമായി തൊഴിലാളി പങ്കാളിത്തത്തോടെ ഒരു ബസ് വാങ്ങി കോര്‍പ്പറേഷന് നല്‍കാനുള്ള തീരുമാനം തൊഴിലാളികളുടെ ആത്മാര്‍ത്ഥതയുടെ തെളിവാണ്. തികച്ചും അഭിനന്ദാനാര്‍ഹമായ നടപടിയാണത്.