ആസ്വാദക പ്രീതി പിടിച്ചു പറ്റി 'ദി അണ്‍ ഫെയര്‍'

ആസ്വാദക പ്രീതി പിടിച്ചു പറ്റി 'ദി അണ്‍ ഫെയര്‍'

Friday December 11, 2015,

2 min Read

എന്നും നല്ല സിനിമയുടെ ഉറവിടമായിരുന്നു ദക്ഷിണകൊറിയ. ഇപ്പോഴും നല്ല സിനിമകള്‍ ധാരാളമായി ദക്ഷിണ കൊറിയയില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. ഈ ചിത്രങ്ങളെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കെത്തുന്ന പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിക്കുന്നതും പതിവാണ്. കൊറിയന്‍ സംവിധായകനായ കിംകി ഡുക്കിന്റെ ചലച്ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യത തന്നെ ഇതു വ്യക്തമാക്കുന്നതാണ്.

image


ഇത്തവണ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ദക്ഷിണ കൊറിയയില്‍നിന്നുള്ള സിനിമകളുടെ പ്രത്യേക പാക്കേജ് അവതരിപ്പിച്ചിട്ടുള്ളതും കൊറിയന്‍ സിനിമകളോടുള്ള മലയാളികളുടെ താല്പര്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ദക്ഷിണ കൊറിയന്‍ പനോരമ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച 'ദി അണ്‍ ഫെയര്‍' കിം സംഗ് ജെ സംവിധാനം ചെയ്ത ചലച്ചിത്രമാണ്. വാണിജ്യ സിനിമയുടെ പരമ്പരാഗത ശൈലിയില്‍ ചിത്രീകരിച്ചിട്ടുള്ള ഈ ചിത്രം കൊറിയന്‍ വാണിജ്യ സിനിമ നേരിടുന്ന വെല്ലുവിളികളും നിലനില്‍പ്പിനായുള്ള പോരാട്ടവും എത്രത്തോളമുണ്ടെന്ന ചിന്തയാണ് പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നത്.

സാധാരണക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷവും കൊലപാതകത്തിന്റെ അന്വേഷണവുമെല്ലാമടങ്ങുന്ന സ്ഥിരം വാണിജ്യ സിനിമകളുടെ ചേരുവകള്‍ ചേര്‍ത്തു വച്ചൊരു സിനിമയാണിതും. എങ്കിലും പലഘട്ടത്തിലും വാണിജ്യവത്കരണത്തിന്റെ ചേരുവകളെ മറച്ചുവച്ച് 'നല്ല സിനിമയുടെ' മുഖംമൂടിയണിയാനാണ് 'ദി അണ്‍ഫെയര്‍' ശ്രമിക്കുന്നത്. മലയാളത്തില്‍ ഹിറ്റായ ചില കുറ്റാന്വേഷണ ചിത്രങ്ങളെ അനുസ്മരിക്കുന്ന ശൈലിയും അഭിനയവുമൊക്കെയാണ് ചിത്രത്തിലുള്ളത്. ഒരു വേള നമ്മുടെ സിബിഐ ചിത്രങ്ങളെയും വക്കീല്‍ തന്നെ അന്വേഷകനായ ചില കുറ്റാന്വേഷണ ചിത്രങ്ങളെയും വെല്ലുന്നതൊന്നും ഇതിലില്ലെന്ന തോന്നിപ്പിച്ചാല്‍ പോലും അദ്ഭുതപ്പെടാനില്ല. അതിനാലാണ് എല്ലാ രാജ്യത്തും സിനിമാ വ്യവസായം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ കൊറിയന്‍ വാണിജ്യ സിനിമയും അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍ പ്രേക്ഷകനുണ്ടാകുന്നത്.

പൊളിച്ചു നീക്കപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന ഒരു പ്രദേശത്തുനിന്ന് ബലമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ നടത്തുന്ന ചെറുത്തു നില്‍പ്പിലും പോലീസ് നടപടിയിലും സാധാരണക്കാരനായ യുവാവും പോലീസുകാരനും മരിക്കുന്നു. പോലീസുകാരന്റെ മരണത്തില്‍ പ്രതിചേര്‍ത്ത് യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുന്നു. കോടതി നിയോഗിക്കുന്ന യുവ അഭിഭാഷകന്‍ പ്രതിയുടെ കേസ് ഏറ്റെടുക്കുന്നു. പോലീസാണ് തന്റെ മകനെ വധിച്ചതെന്നും താന്‍ നിരപരാധിയാണെന്നുമാണ് പ്രതിയുടെ വാദം. ഇത് സ്ഥാപിച്ചെടുക്കാന്‍ അഭിഭാഷകനും പ്രതിക്കു നേരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനും നടത്തുന്ന അന്വേഷണവും കോടതി വിചാരണകളുമെല്ലാമാണ് ചിത്രത്തിലുള്ളത്. അഭിഭാഷകനൊപ്പം ഒരു പത്രപ്രവര്‍ത്തക കൂടി ചേരുന്നു.

ഒരു അന്വേഷണാത്മക സിനിമ പ്രേക്ഷകനുള്ളില്‍ ഉണ്ടാക്കുന്ന ജിജ്ഞാസയും അമ്പരപ്പുമൊന്നും 'ദി അണ്‍ഫെയര്‍'എന്ന സിനിമയ്ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദക്ഷിണ കൊറിയയുടെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ മനസ്സിലാക്കിത്തരുവാന്‍ ചിത്രത്തിനായിട്ടുണ്ട്. ആടിനെ പട്ടിയാക്കുന്നതരത്തില്‍ ഒരു കേസില്‍ കള്ളത്തെളിവുകള്‍ സൃഷ്ടിച്ച് സത്യം മൂടിവയ്ക്കുന്നതും അതിന് ഭരണകൂടം ഒത്താശ ചെയ്യുന്നതും എല്ലാ രാജ്യത്തും ഒരു പോലെയായിരിക്കാം. എന്നാല്‍ ദക്ഷിണ കൊറിയയില്‍ ഇതെത്രത്തോളം സാധാരണക്കാരിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് 'ദി അണ്‍ഫെയര്‍'കാട്ടിത്തരുന്നത്. സത്യം പുറത്തു കൊണ്ടുവരാനും സത്യമാണ് എപ്പോഴും നിലനില്‍ക്കുന്നതെന്ന് സ്ഥാപിക്കാനും ഒരു യുവ അഭിഭാഷകന്‍ നടത്തുന്ന പോരാട്ടമായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം.