ആഗോള നിലവാരത്തില്‍ സ്വയംപര്യാപ്ത സമൂഹം സൃഷ്ടിക്കാന്‍ സ്മാര്‍ട് സിറ്റി

0

ആഗോളതലത്തില്‍ കേരളവും കൊച്ചിയും സ്മാര്‍ട്ടാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സംസ്ഥാനം ആകാംഷയോടെ കാത്തിരുന്ന അടിസ്ഥാനവികസന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി കൊച്ചിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനത്തിന് യു എ ഇ വൈസ് പ്രസിഡന്റ്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ മാസമോ അടുത്ത മാസം ആദ്യമോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടന ചടങ്ങ് മികവുറ്റതാക്കാന്‍ കൊച്ചിയിലെ ബ്രഹ്മപുരത്ത് വേദിയുടെ ഒരുക്കങ്ങളും, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. മറ്റ് മേഖലകള്‍ക്കും ഊര്‍ജ്ജം പകരുന്ന ഈ പദ്ധതിയെ സംസ്ഥാനത്തെ വ്യവസായ വാണിജ്യ സമൂഹവും അതീവ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊച്ചി സ്മാര്‍ട് സിറ്റി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ദുബൈ സ്മാര്‍ട് സിറ്റി സി ഇ ഒ ജാബിര്‍ ബിന്‍ ഹാഫിസും ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞു.

ദുബായും കേരളവും തമ്മിലുള്ള ദൃഢബന്ധമാണ് ദുബായ് ഹോള്‍ഡിംഗിനെ ഇന്ത്യയിലെ മറ്റ് നഗരങ്ങള്‍ക്ക് പകരം കൊച്ചിയെ പദ്ധതിക്കായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ താമസിക്കുന്ന സ്ഥലം കൂടിയാണ് ദുബായ്. സ്മാര്‍ട്ട് സിറ്റി കൊച്ചി എം.ഡി ബാജു ജോര്‍ജുമായുള്ള പ്രത്യേക അഭിമുഖത്തില്‍ നിന്നും.

ലക്ഷ്യം ഡിജിറ്റല്‍ സമൂഹം

ജോലി, സൃഷ്ടി, ജീവിതം, പഠിത്തം എന്നീ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 'ജനങ്ങളുടെ മനസില്‍ തെറ്റായ ധാരണയാണ് സ്മാര്‍ട്ട് സിറ്റിയെ പറ്റിയുള്ളത്. ഇത് മറ്റൊരു ഐ.ടി പാര്‍ക്ക് സംരംഭം അല്ല. മറിച്ച് അന്തര്‍ദേശീയ നിലവാരമുള്ള ഒരു ജീവിത ശൈലി, തൊഴില്‍ സംസ്‌കാരം, ക്രിയാത്മകമായ പ്രവര്‍ത്തനം, പഠനം, വിനോദം ഇവയെല്ലാം ഒരു വ്യവസായ, താമസ മേഖലയുടെ കുടകീഴില്‍ അണിനിരത്തുന്ന ഒരു ആഗോള സമൂഹത്തെ സൃഷ്ടിക്കുന്ന സംരംഭമാണ് കേരള സര്‍ക്കാരിന്റെയും ദുബായ് സര്‍ക്കാരിന്റെയും സംയുക്ത പദ്ധതിയായ സ്മാര്‍ട്ട് സിറ്റി കൊച്ചി,' സ്മാര്‍ട്ട് സിറ്റി കൊച്ചിയുടെ എം ഡിയായ ബാജു ജോര്‍ജ് വിശദീകരിച്ചു. 'സ്വയംപര്യാപതമായ ഒരു സാമൂഹിക വ്യവസ്ഥതിയാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്യുന്നത്. വിവരാധിഷ്ഠിത കമ്പനികളാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് സിറ്റിയിലെ എല്ലാ കെട്ടിടങ്ങളും പരിസ്ഥിതി സൗഹൃദമായിരിക്കും,' അദ്ദേഹം പറഞ്ഞു.

ഒരു സമൂഹത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുമെന്നതാണ് സ്മാര്‍ട്ട് സിറ്റിയുടെ മുഖമുദ്ര. ഉദാഹരണത്തിന് സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വാഹന ഗതാഗതം അനുഭവപ്പെടുന്ന മേഖല എവിടെയാണ് എന്ന് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കും. ഇവയെകൂടാതെ സുരക്ഷക്രമീകരണങ്ങള്‍, കാലാവസ്ഥ നീരീക്ഷണം, ഊര്‍ജ സംരക്ഷണം, ഏകീകൃതമായ യാത്ര സംവിധാനങ്ങള്‍ തുടങ്ങിയവ നിമിഷ വേഗത്തിന്നുള്ളില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് ഡിജിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്യുന്നത്.

അഭിമാന സംരംഭം

ആഗോള നിക്ഷേപ കമ്പനിയായ ദുബായ് ഹോള്‍ഡിംഗിന്റെ ഇന്ത്യയിലെ ആദ്യ സംരംഭമാണ് സ്മാര്‍ട്ട് സിറ്റി കൊച്ചിയെന്നത് പദ്ധതിയുടെ പ്രാധാന്യം എടുത്തു കാട്ടുന്നു.

2004 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ദുബായ് ഹോള്‍ഡിംഗിന് ഹോട്ടല്‍, ബിസിനസ് പാര്‍ക്കുകള്‍, റിയല്‍ എസ്‌റ്റേറ്റ്, വാര്‍ത്തവിനിമയം, നിക്ഷേപം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിധ്യം ഉണ്ട്. ദുബായ് ഭരണാധികാരി കൂടിയായ ഷെയ്ഖ് മൊഹമ്മദ് ആണ് ദുബായ് ഹോള്‍ഡിംഗിന്റെ പ്രധാന നിക്ഷേപകന്‍. കൊച്ചിയുടെ ഐ.ടി ഇടനാഴിയില്‍ 246 ഏക്കറില്‍ വ്യാപ്പിച്ചു കിടക്കുന്ന സ്മാര്‍ട്ട് സിറ്റിയില്‍ ഐ.ടി, മാധ്യമം, സാമ്പത്തികം, ഗവേഷണവും നൂതന ആശയങ്ങളും തുടങ്ങിയ നാല് മേഖലകളിലായിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക.

അവസരങ്ങളുടെ ലോകം

'2020ല്‍ പദ്ധതി പൂര്‍ണമായും സജ്ജമാകുമ്പോള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഏകദേശം 90,000 പേര്‍ക്ക് ജോലി ലഭിക്കും. പല പ്രമുഖ അന്താരാഷ്ട്ര കമ്പനികളും അവരുടെ ഓഫീസുകള്‍ സ്മാര്‍ട്ട് സിറ്റിയില്‍ ആരംഭിക്കുന്നത് വഴി കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. 30 ശതമാനം പച്ചപ്പ് നിലനിര്‍ത്തിയാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക,' ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ബാജു പറഞ്ഞു.

നിക്ഷേപകര്‍ റെഡി

കോഡെവെലപ്പേര്‍സിന് അനുവദിച്ച സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും അവരുടെതായ പദ്ധതികള്‍ വികസിപ്പിക്കാനും ഇതിനോടകം തന്നെ പ്രമുഖ പ്രവാസി ബിസിനസുകാരനായ എം.എ. യുസഫലിയുടെ നേതൃത്വത്തില്‍ ഉള്ള ലുലു, പ്രെസ്റ്റീജ് ഗ്രൂപ്പ്, ഹോളിഡേ ഗ്രൂപ്പ്, ബെങ്ങുലുരു ആസ്ഥാനമായ മാറാട്ട് ഗ്രൂപ്പ് തുടങ്ങിയവര്‍ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 47 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇതില്‍ ലുലുവിന്റെ നേതൃത്വത്തില്‍ 18 ലക്ഷം ചതുരശ്രയടിയിലാണ് പദ്ധതി. കേരളത്തിലെ ഏറ്റവും പൊക്കമുള്ള ഐ ടി കെട്ടിടം ഇവിടെ ലുലു നിര്‍മിക്കും. 30 നിലയാണ് കെട്ടിടത്തിനുണ്ടാവുക. ഹോളിഡേ ഗ്രൂപ്പ് എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം ആവശ്യപ്പെട്ടിട്ടുണ്ട്.'പ്രവാസി വ്യവസായിയായ സണ്ണി വര്‍ക്കിയുടെ ജെംസ് ഏജ്യുക്കേഷന്‍ രണ്ട് പദ്ധതികളാണ് ആരംഭിക്കുന്നത്. പ്രധാനമായും ലിറ്റില്‍ ജെംസ് എന്ന് പേരില്‍ 18 മാസം മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രീസ്‌കൂള്‍. രണ്ടാമത്തേത് കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ പ്ലസ് ടു തലം വരെയുള്ള ജെംസ് സ്‌കൂളും ആണ് തുടങ്ങാന്‍ ഉദേശിക്കുന്നത്,' ബാജു ജോര്‍ജ് പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി (കൊച്ചി) ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കേരള സര്‍ക്കാരും ദുബായ് ഹോള്‍ഡിംഗ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. ടീകോമിന്റെ രണ്ട് സുപ്രധാന പദ്ധതികളാണ് സ്മാര്‍ട്ട് സിറ്റി കൊച്ചിയും സ്മാര്‍ട്ട് സിറ്റി മാള്‍ട്ടയും.