ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക്കാഘാതത്തിന് റോബോട്ടിക് ചികിത്സ കേരളത്തില്‍

0


മസ്തിഷ്‌ക്കാഘാതം (ബ്രെയിന്‍ അറ്റാക്ക്) ബാധിച്ചത്തെുന്നവരുടെ അടിയന്തര ചികിത്സക്കും ജീവന്‍രക്ഷക്കും ആരോഗ്യമേഖലയില്‍ റോബോട്ടിക് ചികിത്സാരീതി രാജ്യത്താദ്യമായി കേരളത്തില്‍ വരുന്നു. അപകടകാരിയെന്നും നിശ്ബദകൊലയാളിയെന്നും വിശേഷിപ്പിക്കുന്ന മസ്തിഷ്‌ക്കാഘാതം നിരവധി ആളുകളെ മരണത്തിലേക്കോ വൈകല്യത്തിലേക്കോ നയിക്കുന്ന രോഗമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഈയൊരു ഗുരുതരാവസ്ഥ മുന്നില്‍ക്കണ്ടാണ് വികസിത രാജ്യങ്ങളില്‍ ആരോഗ്യമേഖലയില്‍ ഉപയോഗിച്ചുവരുന്ന റോബോട്ടിക് ചികിത്സാരീതി ഇന്ത്യക്കകത്തും അതിലാദ്യമായി കേരളത്തിലും കൊണ്ടുവരാന്‍ പദ്ധതി പൂര്‍ത്തിയായി വരുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ ന്യൂറോളജി പ്രഫസറും ശ്രീചിത്രമെഡിക്കല്‍ സെന്ററിലെ ന്യൂറോളജി വിഭാഗം ഡോക്ടറുമായ എബ്രഹാം കുരുവിളയുടെ നേതൃത്വത്തിലാണ് ഇതിനുള്ള പദ്ധതികള്‍ അന്തിമഘട്ടത്തിലത്തെിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ആദിത്യ' എന്ന ദേശീയ ടെലി സ്‌ട്രോക്ക് ന്യൂറോ സെന്ററാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. മസ്തിഷ്‌ക്കാഘാതം ബാധിച്ചത്തെുന്ന രാഗികളെ സംബന്ധിച്ചിടത്തോളം 'ഗോള്‍ഡണ്‍ അവര്‍' എന്നറിയപ്പെടുന്ന ആദ്യത്തെ 45 മണക്കൂര്‍ അതിനിര്‍ണായകമാണ്. നിലവിലെ സംവിധനങ്ങള്‍ പ്രകാരം 78 മണിക്കൂറുകള്‍ കഴിഞ്ഞശേഷമാണ് പലപ്പോഴും ഇവര്‍ക്ക് ചികിത്സലഭിക്കുക. സ്‌കാനിങ്ങുകള്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിവരുമ്പോഴേക്കും ഗോള്‍ഡണ്‍ അവര്‍ കഴിഞ്ഞിരിക്കും. രോഗിയുടെ നില ഗുരുതരമാവുകയും പക്ഷാഘാതം പോലുള്ള അവസ്ഥയിലേക്ക് രോഗി എത്തിയിട്ടുമുണ്ടാകും. ഒരുപക്ഷേ മരണത്തിന് തന്നെ രോഗി കീഴ്‌പെട്ടുവെന്നും വരാം.

റോബോട്ടിക് ചികിത്സാരീതിയനുസരിച്ച് ഗോള്‍ഡന്‍ അവര്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ചികിത്സ ആരംഭിക്കാന്‍ കഴിയുമെന്നതാണ് നേട്ടം. രോഗി റോബോട്ടിക് മുറിയിലത്തെുകയോ അതല്ലെങ്കില്‍ രോഗിയുടെ അടുത്തേക്ക് റോബോട്ട് എത്തുകയോ ചെയ്യും. വളരെ ചുരുങ്ങിയ സമയംകൊണ്ട് സ്‌കാനിങ് ഉള്‍പ്പെടെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി വിവരം ബന്ധപ്പെട്ട ന്യൂറോളജി ഡോക്ടര്‍ക്ക് ലഭിക്കുകയും ചെയ്യും. മസ്തിഷ്‌ക്കാഘാതം മൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥ എന്താണെന്ന് മനസിലാക്കി അത് തടയാനുള്ള മരുന്ന് രോഗിക്ക് അടിയന്തരമായി നല്‍കാനും ഇതുവഴി സാധിക്കും.

ആശുപത്രിക്കുള്ളില്‍ സ്ഥാപിക്കുന്ന റോബോട്ടിന്റെ കണ്‍ട്രോള്‍ വിഭാഗം പുറത്തെ ആദിത്യയുടെ സെന്ററിലാകും പ്രവര്‍ത്തിക്കുക. ടെലിമെഡിസിന്‍ സംവിധാനം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഏത് സ്ഥലത്തിരുന്നും ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കാനാവുമെന്നതും പ്രത്യേകതയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാവും റോബോട്ടിക് ചികിത്സാ സമ്പ്രദായം ആശുപത്രികളില്‍ പ്രവര്‍ത്തിക്കുകയെന്ന് നേതൃത്വം നല്‍കുന്ന ഡോ. എബ്രഹാം കുരുവിള പറഞ്ഞു. കേരളത്തില്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് തുടങ്ങാന്‍ പോകുന്ന പദ്ധതിയുടെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. 300 കോടിയോളം രൂപയാണ് ഈ ചികിത്സാരീതി രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. തുടക്കത്തില്‍ 100 റോബാട്ടുകളാണ് സജീകരിക്കുക.

അതില്‍ 40-50 റോബോട്ടുകള്‍ കേരളത്തിലെ ആശുപത്രികളിലാവും സ്ഥാപിക്കുക. സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളുടെ ചികിത്സയാണ് മുന്‍ഗണന നല്‍കുന്നത്. ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ മിക്ക രാഷ്ട്രങ്ങളും ആരോഗ്യമേഖലയില്‍ പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. അത് സാധാരണക്കാരില്‍ മെച്ചപ്പെട്ട ചികിത്സക്ക് പ്രയോജനപെടുത്തിവരികയാണ്. അത്തരം നേട്ടങ്ങള്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലും എത്തണമെന്ന ദൗത്യമാണ് ഇതുവഴി സഫലമാകാന്‍ പോകുന്നതെന്നും ഡോ. എബ്രഹാം പറഞ്ഞു. 2016 ഏപ്രിലിലാവും ആദ്യ റോബോട്ടിക് ചികിത്സാ സമ്പ്രദായം തലസ്ഥാനത്ത് വരിക.