ആഫ്രിക്കയിലെ കര്‍ഷകര്‍ക്കും കേരളത്തിലെ തൊഴിലാളികള്‍ക്കും പ്രയോജനകരം: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

0

 കാഷ്യു കോണ്‍ക്ലേവ് തുടങ്ങി ആഫ്രിക്കയും കേരളവും കശുഅണ്ടി മേഖലയില്‍ സഹകരിക്കുന്നത് ആഫ്രിക്കയിലെ കര്‍ഷകര്‍ക്കും കേരളത്തിലെ തൊഴിലാളികള്‍ക്കും പ്രയോജനകരമാകുമെന്ന് ഫിഷറീസ്, കശുഅണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. തിരുവനന്തപുരം താജ് വിവാന്റയില്‍ ആരംഭിച്ച രണ്ടു ദിവസത്തെ കാഷ്യു കോണ്‍ക്ലേവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. 

കശുഅണ്ടി മേഖലയില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. നിലവില്‍ വില നിയന്ത്രിക്കുന്നത് സ്വകാര്യ കമ്പനികളും വ്യക്തികളുമാണ്. സര്‍ക്കാരുകള്‍ നേരിട്ടോ, സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സികള്‍ മുഖേനയോ കശുഅണ്ടി ഇറക്കുമതി ചെയ്യുന്നതിലൂടെ ആഫ്രിക്കയിലെ കര്‍ഷകര്‍ക്ക് വിളയ്ക്ക് മികച്ച വില ലഭിക്കാനും കേരളത്തിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലും വ്യവസായത്തിന് ലാഭം ഉണ്ടാകാനും സഹായിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി നേരത്തെ മുതല്‍ ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. കശുഅണ്ടി വ്യവസായത്തില്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് നേരിട്ട് കശുഅണ്ടി കേരളത്തില്‍ എത്തിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. പതിനഞ്ച് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍, വിദേശകാര്യ മന്ത്രാലയം സാമ്പത്തിക നയതന്ത്രവിഭാഗം ജോ. സെക്രട്ടറി കെ. നാഗരാജ് നായിഡു, സ്‌പെഷ്യല്‍ അസൈന്‍മെന്റ് സെക്രട്ടറി അമരേന്ദ്ര ഖട്ടുവ എന്നിവര്‍ സംസാരിച്ചു.