ലീഗല്‍ മെട്രോളജി പരിശോധന: 120 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

0

ലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 120 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അടൂരിലെയും ഇടുക്കിയിലെയും ഹോട്ടലുകളില്‍ 20 രൂപ എം.ആര്‍.പി രേഖപ്പെടുത്തിയ കുപ്പി വെളളത്തിന് 30 രൂപ വില ഈടാക്കിയതിന് കേസ് എടുത്തു. 

സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയതിനും പായ്ക്കറ്റിലെ വില തിരുത്തുന്നതിനും നടപടിയെടുത്തു. ഉളളി, തക്കാളി, സവാള, അരി ഇറക്കുമതി ചെയ്ത പഴങ്ങള്‍ എന്നിവ ഉള്‍പ്പെടെയുളള പല നിത്യോപയോഗ സാധനങ്ങളിലും നിയമനാനുസൃതം നിര്‍മ്മാതക്കളുടെ/പായ്ക്കറുകളുടെ പേര്, മേല്‍വിലാസം, ഉല്പന്നത്തിന്റെ പേര്, അളവ്/തൂക്കം, പായ്ക്ക് ചെയ്ത മാസം/വര്‍ഷം, കണ്‍സ്യൂമര്‍ പരാതി രേഖപ്പെടുത്തുന്നതിനുളള വിലാസം എന്നിവ ഇല്ലാതെ വില്പന നടത്തുന്നത് തടയുക, അച്ചടിച്ചതിലും കൂടുതല്‍ വില ഈടാക്കുക, തൂക്കത്തിലും അളവിലും കുറവ് വരുത്തി വില്പന നടത്തുക. യഥാസമയം മുദ്ര, ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനായിരുന്നു പരിശോധന. വന്‍കിട ഷോപ്പിംഗ് കേന്ദ്രങ്ങള്‍, റെയില്‍വേ/ ബസ് സ്റ്റേഷനുകള്‍ വഴിയോര കച്ചവട കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 193 സ്ഥാപനങ്ങള്‍ പരിശോധിച്ചു. പായ്ക്കറ്റിന് പുറത്ത് നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതിന് 59 ഉം, രേഖപ്പെടുത്തിയ വിലയില്‍ കൂടുതല്‍ ഈടാക്കിയതിന് നാലും, വില തിരുത്തിയതിന് 4 ഉം, ഉള്‍പ്പെടെയാണ് 120 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 1,30,000 രൂപ പിഴ ഈടാക്കി. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ തുടര്‍ നടപടി ആരംഭിച്ചു. ഭക്ഷ്യ -ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി മന്ത്രി പി. തിലോത്തമന്റെ പ്രകാരമായിരുന്നു പരിശോധന. മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എസ്.ലഡ്‌സണ്‍ രാജ്, റാം മോഹന്‍, രാമപ്രസാദ് ഷെട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ റീനാ ഗോപാല്‍ അറിയിച്ചു.