ക്യാന്‍സറിനോട് പോരാടി 'സുകൃതം'

ക്യാന്‍സറിനോട് പോരാടി 'സുകൃതം'

Tuesday December 08, 2015,

2 min Read

ചികിത്സക്കു വഴിയില്ലാത്ത ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹോയവുമായി സുകൃതം എന്ന സംഘടന. ആര്‍ സി സിയില്‍ കാന്‍സര്‍ ചികിത്സക്കെത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ കുടുംബത്തിനാണ് സുകൃതം താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നത്. പ്രത്യാശയും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാന്‍കിഡ്‌സ് എന്ന സംഘടനയുമായി ചേര്‍ന്നാണ് സുകൃതം പ്രവര്‍ത്തിക്കുന്നത്. 2012 ഏപ്രിലാണ് സുകൃതം ആരംഭിച്ചത്. ആര്‍ സി സിയിലെ ഡോക്ടര്‍മാര്‍ തന്നെയാണ് ഇവിടേക്ക് കുട്ടികളെ നിര്‍ദ്ദേശിക്കുന്നത്. അത്യാഹിത ഘട്ടം കഴിഞ്ഞ് കീമോതെറാപ്പിക്ക് എത്തേണ്ട കുട്ടികളെയാണ് സുകൃതം ഏറ്റെടുക്കുന്നത്. രോഗബാധിതനായ കുട്ടിക്കും രക്ഷിതാക്കള്‍ക്കും താമസിക്കാനുള്ള സൗകര്യം ഒരുക്കും.

image


ചെമ്പഴന്തി ആഹ്ലാദപുരത്തുള്ള വാടക വീട്ടിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വീടിന്റെ വാടകയും ജീവനക്കാരുടെ ശമ്പളവും കാന്‍കിഡ്‌സ് നല്‍കും. മറ്റു ചെലവുകള്‍ പ്രത്യാശയാണ് നടത്തുന്നത്. ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ഭക്ഷണം പാകം ചെയ്യാനുള്ള അരിയും സാധനങ്ങളും അടങ്ങുന്നവ സംഘടന നല്‍കും. ഓരോ രക്ഷിതാവും അവരുടെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രുചി അനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്തു നല്‍കും. 14 കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇതുവരെ 40 കുട്ടികള്‍ക്കാണ് സുകൃതം അഭയം നല്‍കിയിട്ടുള്ളത്. ദൂരെസ്ഥലങ്ങളില്‍ നിന്നു ചികിത്സയ്‌ക്കെത്തുന്നവര്‍ക്കാണ് ഇത് ഏറെ സഹായകരമാകുന്നത്. കീമൊ ചെയ്യേണ്ട തീയതി അനുസരിച്ച് ആറുമാസം വരെ താമസിക്കുന്നവരുമുണ്ട്. താമസത്തിന് സമയപരിധി വച്ചിട്ടില്ല എന്നതും രോഗികള്‍ക്ക് ആശ്വാസകരമാണ്.

image


ഒരു ദിവസം 30 രൂപ മാത്രമാണ് ഇവരുടെ കൈയില്‍ നിന്ന് വാങ്ങുന്നത്. തീരെ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് അതും ഇളവു ചെയ്തു നല്‍കാറുണ്ട്. സംഘടനയുടെ ഫണ്ടിനു പുറമെ സ്വകാര്യവ്യക്തികളും സംഭാവന നല്‍കാറുണ്ട്. കാന്‍ കിഡ്‌സ് ആണ് ഇവിടെ ജീവനക്കാരെ നിയിമിച്ചിട്ടുള്ളത്. നാലു ജീവനക്കാരാണ് ഇവിടെ സ്ഥിരമായി ഉള്ളത്. ഒരു ചീഫ് കോര്‍ഡിനേറ്റര്‍ ഏതുസമയത്തും കുട്ടികളുടെ ആവശ്യങ്ങള്‍ ചെയ്തു നല്‍കാന്‍ ഉണ്ടാകും. കൂടാതെ മാനേജര്‍, കൗണ്‍സിലര്‍, ടീച്ചര്‍ എന്നിവരാണ് മറ്റ് ജീവനക്കാര്‍. ഇപ്പോള്‍ ഒരു ഡയറ്റീഷനെയും നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത് തടയാന്‍ ആശുപത്രിയില്‍ നല്‍കുന്ന കൗണ്‍സിലിംഗിനു പുറമെയാണ് താമസ സ്ഥലത്തും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ചികിത്സയുടെ ഇടയ്ക്ക് മുടങ്ങിപ്പോകുന്ന പഠനത്തിന് സഹായിക്കാനാണ് ടീച്ചറുടെ സേവനം. ജനറല്‍ സിലബസാണ് ഇവിടെ പഠിപ്പിക്കുന്നത്.

image


കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനസൗകര്യം ഇല്ലെന്നുള്ളതാണ് സ്ഥാപനം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. രാത്രികാലങ്ങളില്‍ അസുഖം വര്‍ധിക്കുന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുമ്പോള്‍ ഇരട്ടിത്തുക നല്‍കേണ്ടി വരുന്നു. ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തി വാഹനം വാങ്ങിനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ജൂണ്‍ പതിനഞ്ചോടെ വാഹനം ലഭിക്കും.

പ്രത്യാശയുടെ നേതൃത്വത്തില്‍ 2003 മുതല്‍ ആര്‍ സി സിയിലെ പീഡിയാട്രിക് വാര്‍ഡിലെത്തുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ദരിദ്രരായ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. കുറഞ്ഞ പണത്തിനു ലഭിക്കുന്ന വീട് വൃത്തിഹീനമായിരിക്കും. ഇതു കുട്ടികള്‍ക്ക് മറ്റു രോഗങ്ങള്‍ പിടിപെടാനും ഇടയാക്കുന്നു്യു്. ഈ സാഹചര്യത്തിലാണ് സ്‌പോണ്‍സറെ ലഭിച്ചപ്പോള്‍ സുകൃതം എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതെന്ന് പ്രത്യാശ പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള. ആര്‍ സി സിയിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ കുസുമകുമാരിയുടെ നേതൃത്വത്തിലാണ് സുകൃതം തുടങ്ങിയത്. സ്‌പോണ്‍സര്‍മാരെ ലഭിച്ചാല്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.