മാലിന്യത്തിന് പരിഹാരവുമായി കാര്‍ഷിക കോളജ്

0

തിരുവനന്തപുരത്തെ ജൈവമാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി വെള്ളായണി കാര്‍ഷിക കോളജ്. വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്്‌നം ആരംഭിച്ചത് മുതല്‍ മാലിന്യ സംസ്‌കരണത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയായിരുന്നു കാര്‍ഷിക കോളജിലെ ഗവേഷകര്‍. പരീക്ഷണങ്ങളില്‍ പലതും പരാജയപ്പെടുമ്പോള്‍ കൂടുതല്‍ വാശിയോടെ മുന്നോട്ട് പോയതിന്റെ ഫലമാണ് 'ശുചിത' മാലിന്യ സംസ്‌കരണ യന്ത്രത്തിന്റെ കണ്ടെത്തല്‍. ഭക്ഷ്യവസ്തുക്കളുടെ മാലിന്യങ്ങള്‍, മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തുടങ്ങിയവയാണ് ശുചിതയിലൂടെ വളമാക്കി മാറ്റുന്നത്. മണ്ണിന് ദോഷം വരാത്ത ജൈവ മാലിന്യമാണ് ശുചിതയിലൂടെ നിര്‍മ്മിക്കുക. പതിനഞ്ച്‌ കിലോ മുതല്‍ നൂറ് കിലോ വരെ മാലിന്യം താങ്ങാന്‍ ശേഷിയുള്ള രണ്ട് തരത്തിലെ യന്ത്രങ്ങളാണ് ഇപ്പോഴുള്ളത്. 

2012ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. 2014ല്‍ 20 കിലോ ശേഷിയുള്ള യന്ത്രം നിര്‍മ്മിക്കുകയായിരുന്നു. മാലിന്യത്തിന്റെ അളവനുസരിച്ച് വളമാക്കാനുള്ള സമയമെടുക്കും. 15 കിലോയുള്ള മാലിന്യം വളമാക്കുന്നതിന് രണ്ട് മണിക്കൂര്‍ മാത്രമാണ് ആവശ്യം. ഈ യന്ത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഗ്രൈന്‍ഡിങ് ഭാഗവും കുക്കിംഗ് ഭാഗവും. ശുചിതയിലേക്ക് നിക്ഷേപിക്കുന്ന ജൈവമാലിന്യം ആദ്യം ഗ്രൈന്റ ചെയ്യുന്നു. വളത്തിന് ഗുണമേന്മ കൂടാന്‍ ഇടയ്ക്കിടെ ആവശ്യമായ മൂലകങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. മണിക്കൂറുകള്‍ക്കുള്ളില്‍ ജൈവമാലിന്യം ലഭിക്കും.

സംസ്ഥാനത്തെ മണ്ണിന് മൂലകങ്ങളുടെ കുറവുള്ളതിനാല്‍ ആവശ്യമുള്ള മൂലകങ്ങള്‍ വളത്തിനൊപ്പം ചേര്‍ക്കുന്നു. ഓരോ പ്രദേശത്തെയും മണ്ണിന്റെ മൂലകങ്ങളുടെ കുറവ് കാര്‍ഷിക കോളജില്‍ ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് എവിടെയാണ് ഈ വളം ആവശ്യമായി വരുന്നതെന്ന് കൃത്യമായി മനസിലാക്കി നല്‍കാന്‍ സാധിക്കും. ശുചിത യന്ത്രത്തിനൊപ്പം കാര്‍ഷിക കോളജ് തന്നെ തയ്യാറാക്കിയ മൂലകങ്ങളുടെ കൂട്ടും നല്‍കുന്നുണ്ട്. പരിശീലനം നല്‍കിയ പ്രവര്‍ത്തകരെയും നിയമിക്കുന്നതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുന്നില്ല. ഉണങ്ങിയ വളത്തിന് 60 രൂപ, ജൈവവളത്തിന് 75 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇടഗ്രാമം റസിഡന്‍സ് അസോസിയേഷനിലെ 55 വീടുകള്‍ ചേര്‍ന്ന് ശുചിത യന്ത്രം ഉപയോഗിക്കുന്നുണ്ടെന്ന് കാര്‍ഷിക കോളജ് അധ്യാപിക ഡോ. സി ആര്‍ സുധര്‍മ്മദേവി പറയുന്നു.

പതിനഞ്ച് കിലോ ജൈവവളം നിര്‍മ്മിക്കുന്ന ശുചിതയ്ക്ക് രണ്ടര ലക്ഷവും 100 കിലോ വളം നിര്‍മ്മിക്കുന്ന ശുചിതയ്ക്ക് അഞ്ചരലക്ഷവുമാണ് വില. മറ്റ് സാങ്കേതിക വിദ്യകളെക്കാള്‍ വേഗത്തിലും ഫഌറ്റുകളിലും സ്ഥാപിക്കാവുന്നതാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തൊഴില്‍ മേഖലയില്‍ വന്‍ മുേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ദക്ഷിണമേഖല കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. ദേവനേശന്റെയും ഗവേഷകരുടെയും പ്രതീക്ഷ.