പ്രസാദ് ഇനി ജീവിക്കും; ആറു പേരിലൂടെ

പ്രസാദ് ഇനി ജീവിക്കും; ആറു പേരിലൂടെ

Sunday March 20, 2016,

1 min Read

ആറ് പേര്‍ക്ക് പുതുജീവിതം നല്‍കി പ്രസാദ്. മസ്തിഷ്‌ക മരണം സംഭവിച്ച പ്രസാദിന്റെ ഹൃദയം, കരള്‍, ഇരു വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ആലപ്പുഴ മുതുകുളം നോര്‍ത്ത് ചേപ്പാട് പ്രസാദം വീട്ടില്‍ പി ജെ പ്രസാദ്(54)നെ ആലപ്പുഴ രാമപുരത്തുവച്ച് നടന്ന് പോകുന്നതിനിടെ വാഹനമിടിച്ച് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദിന് ശനിയാഴ്ച രാവിലെ 11.20ഓടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

image


തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ബന്ധുക്കളോട് അവയവദാന സാധ്യതകളെക്കുറിച്ച് പറഞ്ഞു. ഭര്‍ത്താവിന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെയെന്നു പറഞ്ഞ് പ്രസാദിന്റെ ഭാര്യ രാധാമണി എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയം, കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമായതിനാല്‍ അവ എടുക്കാന്‍ തീരുമാനിച്ചു.

സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍നിന്നും മുന്‍ഗണനാ ക്രമത്തില്‍ പ്രസാദിന്റെ അവയവങ്ങളുമായി ചേര്‍ച്ചയുള്ളവരെ കണ്ടെത്തി. പ്രസാദിന്റെ കരളും ഒരു വൃക്കയും ലേക് ഷോര്‍ ആശുപത്രിയിലെ ഷാജി തോമസ്(48), ജോര്‍ജ് ജോസഫ് ചേര്‍ത്തല (60) എന്നിവര്‍ക്ക് നല്‍കി. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ജോര്‍ജ് ദേവസ്യക്ക് ഹൃദയം നല്‍കി. അങ്കമാലിയിലെ ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് കണ്ണുകള്‍ നല്‍കും. സര്‍ക്കാര്‍ മേഖലയിലെ ആശുപത്രിക്ക് നല്‍കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്‍കി. കേശവദാസപുരം സ്വദേശിനി വല്‍സലകുമാരി(44)ക്കാണ് വൃക്ക നല്‍കിയത്.

image


ആലപ്പുഴയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രസാദ്. ഒരു മകനും മകളുമുണ്ട്. മൃതസഞ്ജീവന പദ്ധതി സംസ്ഥാന കണ്‍വീനര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഡോ. ജേക്കബ് ജോര്‍ഡ്, ഡോ. മധുസൂദനന്‍, ഡോ. വേണുഗോപാല്‍, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി വി, വിനോദ് കുമാര്‍, വിശാഖ് എന്നിവരാണ് അവയവദാന പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്.