കൂട്ടായ്മ തുന്നിച്ചേര്‍ത്ത്‌ 'ചുങ്കി'

കൂട്ടായ്മ തുന്നിച്ചേര്‍ത്ത്‌ 'ചുങ്കി'

Thursday November 05, 2015,

2 min Read

ചുങ്കി എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മനോഹരമായ ചിത്രപ്പണികളും തുന്നലുകളുമെല്ലാം ചെയ്തിട്ടുള്ള കലാസൃഷ്ടികള്‍ കാണാം. അന്യം നിന്ന് പോകുന്ന മധുബനി പെയിന്റിഗ്, ചിത്രത്തുന്നലുകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും ഇത്തരത്തില്‍ കരകൗശല പണി ചെയ്യുന്ന കലാകാരന്മാരുണ്ടോ എന്ന് തോന്നുന്ന തരത്തില്‍ അമ്പരപ്പിക്കുന്നതാണ് ഓരോ കലാസൃഷ്ടികളും. ഇനി ചുങ്കിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശ്വേത തിവാരി എന്ന ബീഹാര്‍കാരിയെ പരിചയപ്പെടാം. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വനിതകളെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതിന് വേണ്ടിയാണ് ശ്വേത, ചുങ്കി എന്ന സ്ഥാപനം തുടങ്ങിയത്. സ്ത്രീകള്‍ക്ക് അവരുടെ കരകൗശല വിരുതിലൂടെ വരുമാനമുണ്ടാക്കാന്‍ ചുങ്കി സഹായിക്കുന്നു. സ്ത്രീകള്‍ സ്വന്തമായി ചിത്രപ്പണികള്‍ ചെയ്യുന്ന സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിച്ച് അവര്‍ക്ക് വരമാനമാര്‍ഗമാകുകയാണ് ചുങ്കി. ഇന്ന് 35ഓളം പേര്‍ ചുങ്കിയിലെ അംഗങ്ങളാണ്.

image


ബീഹാറിലെ ഗയ എന്ന ചെറിയ ടൗണില്‍ നിന്നു വരുന്ന ശ്വേതക്ക് അക്കാദമിക് രംഗത്തേക്കാള്‍ സംഗീതവും കലയുമായിരുന്നു ഇഷ്ട മേഖലകള്‍. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം ശ്വേത ഒരു പരസ്യ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. വളരെ കുറഞ്ഞ പ്രതിഫലത്തിലാണ് ആദ്യം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. അതിരാവിലെ തന്നെ വീട്ടില്‍നിന്ന് ജോലിക്ക് പോകുകയും രാത്രി വൈകി എത്തുകയും ചെയ്യുന്ന ദിനങ്ങളായിരുന്നു അത്. കൃത്യമായ ജോലി സമയം ഇല്ലായിരുന്നു. ആഴ്ചകളുടെ അവസാന ദിവസങ്ങളില്‍പോലും തിരക്കിട്ട ജോലികളായിരിക്കും ശ്വേതക്ക്. ഈ ദിവസങ്ങളില്‍ ചുറ്റുമുള്ളവരെല്ലാം നിരവധി ചോദ്യങ്ങളാണ് ശ്വേതയോട് ചോദിച്ചിരുന്നത്. എന്നാല്‍ ഈ ചോദ്യങ്ങളെല്ലാം തന്നെ അസ്വസ്ഥയാക്കുന്നതിന് പകരം താന്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുല്‍ വ്യാപൃതയാകാന്‍ തുടങ്ങിയെന്നാണ് ശ്വേത പറയുന്നത്.

image


അതിനിടെയാണ് സമൂഹത്തില്‍ സാമ്പത്തിക പരാധീനതകളാല്‍ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകളെ സഹായിക്കണമെന്ന ആശയം ശ്വേതക്കുണ്ടായത്. ചുങ്കി എന്ന സ്ഥാപനത്തിന്റെ ആശയത്തെക്കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അവിടെനിന്ന് പൂര്‍ണ പിന്തുണ ലഭിക്കുകയായിരുന്നെന്ന് ശ്വേത പറയുന്നു. ശ്വേതയുടെ വാക്കുകളില്‍ തനിക്ക് പ്രധാനമായും പിന്തുണച്ചത് അമ്മ വിനയും സഹോദരി സ്മിതയുമാണ്. ഭര്‍ത്താവും തനിക്കൊപ്പം നിന്നു. അവരില്‍നിന്നുള്ള പിന്തുണയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ എത്തിച്ചതെന്ന് ശ്വേത പറയുന്നു.

തൊഴിലും വിദ്യാഭ്യാസവും നല്‍കി തന്റെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളെയും ശാക്തീകരിക്കാന്‍ ശ്വേത എപ്പോഴും ശ്രമിച്ചിരുന്നു. ചുങ്കിയിലൂടെ ശ്വേത തന്റെ ലക്ഷ്യം നേടിയെടുത്തു. അവര്‍ക്ക് പരിശീലനം കൊടുത്ത്് അവരെ സാമ്പത്തികമായി സുരക്ഷിതരാക്കി. അവര്‍ക്ക് വളരെ വിശ്വാസയോഗ്യമായ ജോലിയാണിത്. ഇന്ന് ഒരുകൂട്ടം കലാകാരന്മാരുടെ കുടുംബമാണ് ചുങ്കി. ഇതിലേക്ക് വരുന്ന ഓരോരുത്തരും ആ കുടുംബത്തിലെ അംഗങ്ങളാണ്. അവരെല്ലാം തങ്ങളുടെ പ്രശ്‌നങ്ങളും തമാശകളും വിഷമങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളുമെല്ലാം പരസ്പരം പങ്കുവെക്കുന്നു.

image


തുടക്കത്തില്‍ ചുങ്കിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവത്കരിച്ച് വനിതകളെ അതിലേക്ക് കൊണ്ടുവരുന്നതിന് ഏറെ ദിവസങ്ങള്‍ ചിലവഴിക്കേണ്ടി വന്നു. ഒരു മാസത്തെ ആശയവിനിമയത്തിന് ശേഷം കുറച്ച് സ്ത്രീകളെ ഇതിലേക്ക് എത്തിക്കാനായി. ക്രമേണ ചുങ്കിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വനിതകള്‍ സാമ്പത്തികമായി സ്വയം പര്യാപ്തരാകാന്‍ തുടങ്ങി.

ഒരു സംരംഭക എന്ന നിലയില്‍ സ്ഥാപനം മാനേജ് ചെയ്യുന്നതില്‍ സ്മിതക്ക് നിരവധി തടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സമയവും ജോലി ചെയ്യാനുള്ള സാധനങ്ങളും ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പലപ്പോഴും ലക്ഷ്യം നേടിയെടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. എല്ലാ സംരംഭങ്ങളുടെയും അടിസ്ഥാനം റിസോഴ്‌സസ് തന്നെയാണെന്ന് ശ്വേത സാക്ഷ്യപ്പെടുത്തുന്നു.

ഫണ്ട് എങ്ങനെ സ്വരൂപിക്കും എന്നതാണ് ഇപ്പോള്‍ ശ്വേത നേരിടുന്ന പ്രധാന വെല്ലുവിളി. സ്ഥാപനത്തിന്റെ നടത്തിപ്പിനായി പുറത്ത് നിന്ന് ഫണ്ടുകളൊന്നും ലഭിക്കുന്നില്ല. ഇത് ഒരു വെല്ലുവിളി തന്നെയാണ്.

തന്റെ എല്ലാ പ്രചോദനവും പിന്തുണയും കുടുംബം തന്നെയാണ്. തന്റെ ഇതുവരെയുള്ള എല്ലാ വിജയവും അവര്‍ക്ക് വേണ്ടിയുളളതാണ് ശ്വേത പറയുന്നു. തദ്ദേശീയരായ കരകൗശലക്കാരില്‍നിന്നും അവരുടെ കുടുംബത്തില്‍നിന്നുമുള്ള പിന്തുണയും ലഭ്യമാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.

image


കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചുങ്കിയിലെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പരിഗണനകളെക്കുറിച്ചും ശ്വേതക്ക് പറയാനുണ്ട്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവര്‍ക്ക് മുമ്പ് സമൂഹത്തില്‍നിന്ന് പരിഗണന ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അവരെല്ലാം സാമ്പത്തികമായി സ്വയം പര്യാപ്തരാണ്. അവര്‍ക്ക് വേണ്ട ശ്രദ്ധ ലഭിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂജ്യം ബാലന്‍സ് അക്കൗണ്ടില്‍ തുടങ്ങിയ ചുങ്കിയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങളില്‍ ശ്വേത അഭിമാനിക്കുന്നു. തദ്ദേശീയരായ കലാകാരന്‍മാര്‍ വഴി അന്യം നില്‍ക്കുന്ന ഇത്തരം കലകളെ സംരക്ഷിക്കാനാകുമെന്നും ശ്വേത പ്രത്യാശിക്കുന്നു. അടുത്ത വര്‍ഷത്തോടെ ചുങ്കിയിലേക്ക് നൂറോളം കലാകാരന്‍മാരെ കൊണ്ടുവരണമെന്നാണ് ശ്വേത ലക്ഷ്യമിടുന്നത്. ഇവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ശ്വേതയുടെ അടുത്ത ലക്ഷ്യം.