മഞ്ഞപ്പിത്തബാധക്കൈതിരെ ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ് 

0

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ കുടിവെള്ളത്തിലൂടെയും കഴിക്കുന്ന ഭക്ഷണത്തില്‍ കൂടിയുമാണ് പിടിപെടുന്നത്. സംസ്ഥാനത്ത് കൂടുതലായി കണ്ടുവരുന്നത് കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന എ വിഭാഗം മഞ്ഞപ്പിത്തമാണ്. 

ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍ യഥാസമയം ചികിത്സ സ്വീകരിക്കാതിരുന്നാല്‍ കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രോഗം പടരാതിരിക്കാന്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം (പൈപ്പ് വെള്ളമായാല്‍ പോലും) തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക. ജലസ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കുക. മാസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണത്തിന് മുമ്പും ശൗചത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകുകാ. തുറന്നു വച്ചിട്ടുള്ളതും, പഴകിയതും മലിനവുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടോടെയും മൂടിവച്ചും ഉപയോഗിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നല്ലവണ്ണം ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിനുപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിര്‍മ്മിച്ചതാണെന്ന് ഉറപ്പ് വരുത്തുക. (മീനില്‍ ഉപയോഗിക്കുന്ന ഐസ് ഉപയോഗിക്കാന്‍ പാടില്ല). ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക. കക്കൂസ് മാലിന്യങ്ങള്‍ കിണര്‍ വെള്ളത്തിലും, മറ്റ് ജല സ്രോതസുകളിലും കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക. തുടങ്ങിയ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.