മെഡിക്കല്‍ കോളേജിലെ എം.ആര്‍.യൂണിറ്റ് വിപുലപ്പെടുത്തും:ഡോ. സൗമ്യ സ്വാമിനാഥന്‍

0

 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് റിസര്‍ച്ച് വിഭാഗത്തിന്റെ സെക്രട്ടറിയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റ് സന്ദര്‍ശിച്ചു.

ക്യാന്‍സര്‍, പ്രമേഹം, രക്താദി സമ്മര്‍ദം തുടങ്ങിയ പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങളുടെ ഗവേഷണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യയിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് എം.ആര്‍. യൂണിറ്റ്.

മെഡിക്കല്‍ കോളേജിലെ എം.ആര്‍.യൂണിറ്റ് വിപുലപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഗവേഷണത്തോടൊപ്പം പബ്ലിക്കേഷനുകളും വര്‍ധിപ്പിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഗവേഷണങ്ങളുടെ ഫലങ്ങള്‍ സാധാരണക്കാരിലെത്തണമെങ്കില്‍ ഗുണമേന്മയുള്ള ചികിത്സകള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ കഴിയണം. സാമൂഹിക പ്രവര്‍ത്തകര്‍, ഐ.ടി. ജീവനക്കാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുമായി ആശയവിനമയം നടത്തുന്നത് ഗവേഷണത്തെ സഹായിക്കും. മികച്ച ഗവേഷണത്തിനായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.