സംസ്ഥാന ശിശുക്ഷേമ സമിതി ഭരണം സി പി എമ്മിന്

സംസ്ഥാന ശിശുക്ഷേമ സമിതി ഭരണം സി പി എമ്മിന്

Saturday December 31, 2016,

2 min Read

ഭരണസമിതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സി.പി.എം നേതൃത്വത്തിലുള്ള പാനലിന് വന്‍ വിജയം. ജനറല്‍ സെക്രട്ടറി, രണ്ടാം വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, മൂന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഭരണസമിതിയിലെ എല്ലാ സ്ഥാനങ്ങളിലും സി.പി.എം നേതൃത്വം കൊടുത്ത ശിശുക്ഷേമ സമിതി സംരക്ഷണ മുന്നണിയുടെ പാനല്‍ വിജയിച്ചു.

image


 കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദീപക് എസ്.പിയാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വൈസ് പ്രസിഡന്റായി അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായി പി.എസ്. ഭാരതി, ട്രഷററായി ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഒ.എം. ബാലകൃഷ്ണന്‍, എ.കെ. പശുപതി, ആര്‍. രാജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഒറ്റമുന്നണിയായിട്ടാണ് മത്സരിച്ചത്. ജൂലൈ 16 നാണ് വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചേര്‍ത്ത മെമ്പര്‍ഷിപ്പില്‍ തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് വോട്ടെണ്ണലിന് ഹൈക്കോടതി അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്നലെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിനുകീഴിലാണ് സമിതി പ്രവര്‍ത്തിച്ചുവരുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍. ഒട്ടേറെ നിയമനടപടികള്‍ക്കു ശേഷമാണ് കഴിഞ്ഞ ജൂലൈ 16ന് തെരഞ്ഞെടുപ്പ് നടന്നത്. ചുരുങ്ങിയ കാലം നോമിനേറ്റഡ് അംഗങ്ങള്‍ ഭരണം നടത്തിയ വേളയില്‍ 868 ആജീവനാന്ത അംഗങ്ങളെ ഒറ്റയടിക്ക് ചേര്‍ത്തതാണ് വിവാദമായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അംഗങ്ങളെ ചേര്‍ത്തത് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് കണ്ടെത്തുകയും ഇതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. ഇതിനിടയിലാണ് ഭരണസമിതി തെരഞ്ഞെടുപ്പിന് ഹൈക്കോടതി അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഹൈക്കോടതി പ്രത്യേകം റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. കോടതി നിര്‍ദ്ദേശാനുസരണം തര്‍ക്കമുള്ളതും അല്ലാത്തതുമായ വോട്ടുകള്‍ പ്രത്യേകം ബാലറ്റ് പെട്ടികളില്‍ ശേഖരിച്ച് സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ രണ്ട് വിഭാഗം വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തി ഭൂരിപക്ഷം ലഭിക്കുന്ന പാനലിന് ഭരണസമിതിയുടെ ചുമതലയേല്‍ക്കാന്‍ ഡിസംബര്‍ ഒന്‍പതിന് ഹൈക്കോടതി അനുമതി നല്‍കി. ഉത്തരവ് സ്റ്റേ ചെയ്യാന്‍ യു.ഡി.എഫ് ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥി സുനില്‍ .സി കുര്യന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ആവശ്യം കോടതി നിരാകരിച്ചു. ഇതിനെതുടര്‍ന്നാണ് ഇന്നലെ വോട്ടെണ്ണല്‍ നടന്നത്. വിജയിച്ച അംഗങ്ങള്‍ അഡമിനിസ്‌ട്രേറ്ററില്‍ നിന്നും അധികാരം ഏറ്റെടുത്തു. ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നിന് നടക്കുമെന്ന് നിയുക്ത ജനറല്‍ സെക്രട്ടറി ദീപക് എസ്.പി അറിയിച്ചു.