ചെന്നൈയിലെ നായ്ക്കുട്ടി ഉയര്‍ത്തുന്ന ചിന്തകള്‍

0
നായ്ക്കുട്ടിയെ ബഹുനിലമന്ദിരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞ സംഭവത്തില്‍ വേദന പങ്കു വെക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് നായ്ക്കളുമായുള്ള തന്റെ അനുഭവം കുറിക്കുന്നു.

ഹൃദയത്തില്‍ കരുണ വറ്റിയ രണ്ടു ചെറുപ്പക്കാര്‍ ചെന്നൈയില്‍ ഭദ്രയെന്ന നായ്ക്കുട്ടിയ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ ദൃശ്യം ഇനിയും സമൂഹ മനസാക്ഷിയില്‍ നിന്നും മായ്ഞ്ഞിട്ടില്ല. ഭദ്രയെന്ന നായ്ക്കുട്ടി എന്നെ ഓര്‍മ്മിപ്പിക്കുന്നത് എന്റെ ഹൗസിംഗ് അപ്പാര്‍ട്ട്‌മെന്റിലെ ഷേരുവെന്ന പട്ടിക്കുട്ടിയെയാണ്. എസ് പി സി എ ഹോസ്പിറ്റലില്‍ ഷേരുവിനെ കാണാന്‍ പോയപ്പോള്‍ അവന്‍ ഭദ്രയെ ഓര്‍മ്മിപ്പിച്ചു. മറ്റു നായ്ക്കളാല്‍ ചുറ്റപ്പെട്ട ചെറിയ മുറിയില്‍ ഞാന്‍ കടന്നപ്പോള്‍ അവന്‍ എന്റെ അടുത്തേക്ക് ഓടി വന്നു. തലയില്‍ തടവി സ്‌നേഹം പങ്കു വെച്ചപ്പോള്‍ താന്‍ ജനിച്ച ഹൗസിംഗ് അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടു പോകൂ എന്ന വണ്ണം എന്നെ കരുണയോടെ നോക്കി. എന്നാല്‍ വിധിയെ തടയാന്‍ ആര്‍ക്കുമാകുമായിരുന്നില്ല. പരിഹരിക്കാന്‍ കഴിയാത്ത ട്യൂമര്‍ ബാധായാല്‍ അവന്‍ വിട പറഞ്ഞു.

ഭദ്രയേക്കാള്‍ ഉയരമുള്ള ഷേരുവിന് ഭദ്രയുടെ അതേ നിറമായിരുന്നു. അവന് എത്ര വയസായിരുന്നുവെന്ന് എനിക്കറിയില്ല. ആദ്യം കാണുമ്പോള്‍ അവന്‍ ആരോഗ്യവാനായിരുന്നു. ഞാന്‍ നടക്കാനിറങ്ങുമ്പോള്‍ എന്റെ രണ്ട് വളര്‍ത്തു നായ്ക്കളോടൊപ്പം അവനും കൂടുമായിരുന്നു. സ്വയം പര്യാപ്തനായിരുന്നു അവന്‍. മറ്റു പട്ടികളൊന്നും ഞങ്ങളുടെ അടുത്തു വരാന്‍ അവന്‍ സമ്മതിക്കുമായിരുന്നില്ല. ഞങ്ങളെ ശല്യപ്പെടുത്താതെ ഒരു കൃത്യ അകലം പാലിച്ച് അവന്‍ എപ്പോഴും നടക്കുമായിരുന്നു. എന്നാല്‍ ഒരു ദിവസം അവന്റെ തലയില്‍ തടവുമ്പോള്‍ ഒരു തടിപ്പ് എനിക്ക് അനുഭവപ്പെട്ടു. തലയിലെ മുടി കൊഴിയുന്നതു പോലെ. എന്റെ വളര്‍ത്തു നായ്ക്കളെ കാണിക്കുക്കുന്ന വെറ്റിനറി ഡോക്ടറുമായി സംസാരിച്ച് അവന് ഞാന്‍ മരുന്നു കൊടുത്തു. പാലില്‍ ചേര്‍ത്ത മരുന്ന കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രത്യക്ഷമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. മുടി വീണ്ടും വളരാന്‍ തുടങ്ങി. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ തൊണ്ടയില്‍ ഒരു മുറിവ് ഞാന്‍ കണ്ടു. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അത് പഴുത്ത് വൃണമായ അവസ്ഥയിലായിരുന്നു. എന്നാല്‍ അവന്‍ കരഞ്ഞില്ല. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു ഓയിന്റ്‌മെന്റ് വൃണത്തില്‍ പുരട്ടി. മുറിവിന്റെ വേദനയുള്ളപ്പോല്‍ പോലും അവന്റെ ദേഹത്ത് തൊടാന്‍ എന്നെ അനുവദിച്ചിരുന്നു. എസ് പി സി എ എന്ന ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയാല്‍ നന്നാകുമെന്ന ഡോക്ടറുടെ അഭിപ്രായത്തെ തുടര്‍ന്ന് അവനെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

എന്നാല്‍ ചെന്നൈയില്‍ രണ്ടു നില കെട്ടിടത്തില്‍ നിന്ന് താഴേക്കു എറിയപ്പെട്ട ഭദ്രയുടെ നില വലിയ ഗുരുതരമല്ല. വീഴ്ചയില്‍ സംഭവിച്ച ചെറിയ പൊട്ടല്‍ അല്‍പ്പ ദിവസത്തിനുള്ളില്‍ തന്നെ ഭേദമാകും. ഇപ്പോള്‍ എല്ലാ സൗകര്യങ്ങളും ഭദ്രക്ക് ലഭ്യമാകുന്നുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത അറിഞ്ഞ് ഭദ്രയെ കണ്ടെടുക്കുന്നത് സംഭവം കഴിഞ്ഞ് പത്തു ദിവസത്തിനു ശേഷമാണ്. അത്രയും ദിവസം അവള്‍ എങ്ങനെ അതിജീവിച്ചു എന്ന് ചിന്തിച്ചാനാകുമോ? ഒരു ചെറിയ പനിയോ അസുഖമോ വന്നാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന നാം ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ്.

മറ്റൊരു നായ്ക്കുട്ടിക്കും ഞാന്‍ എന്നും തീറ്റ കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം പെട്ടന്ന് അവന്‍ എന്റെ ഫ്‌ളാറ്റിലേക്ക് വരുന്നത് നിര്‍ത്തി. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഞാന്‍ കാറില്‍ കയറാനായി തുടങ്ങുമ്പോള്‍ ഒരു പട്ടി എന്റെ കാറിന് ചുറ്റും തുടര്‍ച്ചയായി വലം വെച്ചു. ഞാന്‍ നോക്കിയപ്പോള്‍ അവന്റെ വാല് ആരോ മുറിച്ചു മാറ്റിയിരുന്നു. അവന്‍ സഹായത്തിനായാണ് എന്നെത്തേടി വന്നത്. ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് രാത്രി മടങ്ങി വന്നപ്പോള്‍ ഒരു തള്ളപ്പട്ടി തന്റെ കുഞ്ഞുമായി എന്റെ അപ്പാര്‍ട്ടുമെന്റിന്റെ മുന്നില്‍ കാത്തിരിക്കുന്നു. ഞാന്‍ അടുത്തു ചെന്ന് നോക്കിയപ്പോള്‍ ആ പട്ടിക്കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ ഡോക്ടറെ വിളിച്ചപ്പോള്‍ രാത്രി ഏറെ വൈകിയതിനാല്‍ അടുത്ത ദിവസം രാവിലെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം നോക്കിയപ്പോള്‍ ആ പട്ടിക്കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. എനിക്ക് വളരെ കുറ്റബോധം തോന്നി. രാത്രി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ അവന്‍ രക്ഷപ്പെട്ടേനെ. 

എന്നാല്‍ എന്നെ അതിശയപ്പെടുത്തിയത് അതൊന്നുമല്ല. ആ നായ്ക്കുട്ടിയുടെ അമ്മ അതിനെ എങ്ങനെ എന്റെയുടുത്തു തന്നെ കൊണ്ടു വന്നു. എന്റെയടുത്ത് എത്തിയാല്‍ സഹായം ലഭിക്കുമെന്ന് അതിനോട് ആരു പറഞ്ഞു. ചോദ്യങ്ങള്‍ എന്നെ അലട്ടി. ഞാന്‍ എന്റെ വളര്‍ത്തുനായ്ക്കളായ മോഗുവിനോടും ചോട്ടുവിനോടും സംസാരിക്കാറുണ്ട്. അത് അവര്‍ക്ക് മനസിലാകാറുമുണ്ട്. ഞാന്‍ പുറത്തു പോയാല്‍, വരാന്‍ വൈകിയാല്‍ അക്കാര്യം അവരോട് പറഞ്ഞാല്‍ അതനുസരിച്ച് അവര്‍ പെരുമാറുകയും ചെയ്യും. ഒരു ദിവസം എന്റെ നായ്ക്കള്‍ കടിക്കുമോ എന്ന് പരിഭവിച്ച് ഒരു സ്ത്രീ എന്നെ സമീപിച്ചു. എന്റെ നായ്ക്കള്‍ അവരുടെ ചുറ്റും നടക്കുന്നതില്‍ പേടിച്ചാണ് അവര്‍ എന്റെയടുത്ത് വന്നത്. നാം നായ്ക്കളെ ഉപദ്രവിച്ചാല്‍ മാത്രമേ അവ നമ്മെ സാധാരണ കടിക്കാറുള്ളൂ. മൂന്നാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്കും പട്ടിയുടെ കടി കിട്ടിയിട്ടുണ്ട്. റാണി എന്ന പട്ടി എന്നെ കടിക്കുന്ന സമയത്ത് എന്റെ കയ്യില്‍ ബ്രഡ് ഉണ്ടായിരുന്നു. ആ ബ്രഡ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ചെറുത്തതു കൊണ്ടാണ് എനിക്ക് അന്ന് ആ കടി കിട്ടിയത്. പട്ടിയുടെ കടി കിട്ടിയിട്ടും എനിക്ക് അവയോടുള്ള സ്‌നേഹം കുറഞ്ഞില്ല. ഓരോ വര്‍ഷം കഴിയുമ്പോഴും അത് കൂടി വരികയാണ്. ഇപ്പോള്‍ അവരില്ലാതെ എനിക്ക് ജീവിക്കാനാകില്ല എന്ന അവസ്ഥ വന്നിട്ടുണ്ട്.

അവസാന നാളുകളില്‍ ഷേരുവിന് അവന്റെ സ്ഥലം വിട്ട് എങ്ങും പോകണമെന്നുണ്ടായിരുന്നില്ല. ആശുപത്രിയില്‍ കൊണ്ടു പോയതോടെ അവന് ജീവിക്കണമെന്ന ആശ നഷ്ടപ്പെട്ടതു പോലെയാണ് എനിക്ക് തോന്നുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞ ഒരു ദിവസം പെട്ടന്ന് രോഗം വഷളായി അവന്‍ മരണപ്പെടുകയായിരുന്നു. പട്ടികള്‍ കടിക്കുന്നതിന് പരിഭവപ്പെടാത്ത ആരേയും ഞാന്‍ ഇതു വരെ കണ്ടു മുട്ടിയിട്ടില്ല. പട്ടികള്‍ കടിക്കുമെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ സ്‌നേഹം മാത്രം പ്രതീക്ഷിക്കുന്ന അവര്‍ക്ക് തിന്നാനും കുടിക്കാനും ഒന്നും കിട്ടാതാകുമ്പോള്‍ മാത്രമാണ് അക്രമാസക്തരാകുന്നത്. ഗ്രാമങ്ങളില്‍ അവര്‍ക്ക് ആഹാരം ആരെങ്കിലും നല്‍കും. എന്നാല്‍ നഗരങ്ങളില്‍ അവര്‍ തീര്‍ത്തും അനാഥരാണ്. ശരിയായ ഭക്ഷണം ലഭിക്കാതെ റോഡുകളില്‍ അലഞ്ഞ് വണ്ടിയുടെ അടിയില്‍ കയറി മൃതിയടയാനാണ് മിക്ക നായ്ക്കളുടേയും വിധി. മനുഷ്യരായ നമ്മള്‍ അവരെ അവഗണിച്ചിട്ട് അവയെ കുറ്റപ്പെടുത്തുന്നതില്‍ എന്തു കാര്യം.