ഡിസൈനറായി മാറിയ ഇംഗ്ലീഷ് ബിരുദധാരിണി

0

സ്‌കൂളില്‍ വച്ച് എല്ലാ ക്ലാസുകളിലും മുടങ്ങാതെ ഹാജരാകുന്ന, എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ച് മറ്റുള്ളവരില്‍ നിന്നും ഏറെ കളിയാക്കലുകള്‍ കേട്ടിട്ടുള്ള കുട്ടിയായിരുന്നു ദീപ പൊട്ടങ്ങാടി. എന്നാല്‍ ഇന്നവള്‍ ആരാണ്? അന്ന് സഹപാഠികള്‍ കളിയാക്കി വിട്ട ആ പെണ്‍കുട്ടി ഇന്ന് ബാംഗളൂരുവിലെ യൂക്കാലിപ്റ്റസ് സിസ്റ്റംസ് ഇന്‍കോര്‍പ്പറേഷനിലെ ഇന്റസ്ട്രിയല്‍ ഡിസൈനറാണ്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തതിന് ശേഷമാണ് ദീപ കമ്പ്യൂട്ടറിന്റേയും ടെക്‌നോളജിയുടേയും ലോകത്തേയ്ക്ക് ചുവടുവച്ചത്. ശരാശരിയില്‍ താഴെയായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഇപ്പോളത്തെ നിലയിലേക്കുള്ള തന്റെ വളര്‍ച്ചയെപ്പറ്റി ദീപ സംസാരിക്കുന്നു.

ജാതകത്തില്‍ എന്ത് കാര്യം?

പ്ലസ്ടു പരീക്ഷയിലെ ദീപയുടെ ദാരുണമായ മാര്‍ക്ക് കണ്ടതോടെ അവളുടെ മാതാപിതാക്കള്‍ക്ക് ആധിയായി. അവര്‍ അവളുടെ ജാതകവുമായി ഒരു ജ്യോത്സ്യരെ പോയി കണ്ടു. അവള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മികച്ച വിജയം നേടുമെന്നും അതേ വിഷയത്തില്‍ ഉപരിപഠനം നടത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കാനായി ദീപ ശാന്തിനികേതന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ ആരംഭിച്ചു. തന്റെ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് നിരവധി സ്ഥലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത അവള്‍ അവിടുത്തെ ഓവറോള്‍ ചാമ്പ്യനായി മാറി. അങ്ങനെ കോളേജില്‍ നിന്നും തിരിച്ചെത്തിയപ്പോഴേയ്ക്കും അവളുടെ ആത്മവിശ്വാസവും കൂടി. പക്ഷെ, ബിരുദം കൈയില്‍ കിട്ടിയെങ്കിലും നല്ലൊരു ജോലി കണ്ടെത്താന്‍ അവള്‍ക്ക് സാധിച്ചില്ല. തനിക്ക് പെട്ടെന്ന് ജോലി ലഭിക്കാന്‍ സാധിക്കുന്ന ഒരു കോഴ്‌സ് കണ്ടെത്തണമെന്ന് ആഗ്രഹിച്ച ദീപ തനിക്ക് ചുറ്റുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ എന്‍.ഐ.ഐ.ടിയില്‍ ചേരുന്ന കാര്യം ശ്രദ്ധിച്ചു. അങ്ങനെ ഒരു ഭാഗ്യ പരീക്ഷണം എന്ന നിലയില്‍ ആ കോഴ്‌സില്‍ അവളും ചേര്‍ന്നു.

ടെക്‌നോളജിയുമായി തുറന്ന ബന്ധം

എന്‍.ഐ.ഐ.ടിയില്‍ പഠിക്കുക എന്നത് അവള്‍ അധികം ചിന്തിച്ചെടുത്ത തീരുമാനമൊന്നും ആയിരുന്നില്ല. മൂന്ന് വര്‍ത്തെ ജി.എന്‍. ഐ.ഐ.ടി കോഴ്‌സിനാണ് ദീപ ചേര്‍ന്നത്. 2000ത്തിലാണ് അവള്‍ പ്രൊഗ്രാമിങ് ലാങ്‌ഗ്വേജുകളെപ്പറ്റി പഠിക്കുന്നത്. അന്ന് മുതല്‍ ആ വിഷയത്തില്‍ ദീപയ്ക്ക് അതിയായ താല്‍പര്യം ജനിച്ചു. പിന്നീട് കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും കൂട്ടുകാര്ക്ക് അവളെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുവരേണ്ട അവസ്ഥയായി. പഠനത്തിന് ശേഷം ദീപയ്ക്ക് അവരുടെ സ്വന്തം സ്ഥലമായ കോഴിക്കോട്ട് എന്‍.ഐ.ഐ.ടിയില്‍ ജോലി ലഭിച്ചു. അതിന് ശേഷം അവള്‍ ബംഗളൂരുവിലേക്ക് മാറി.

ഒറാക്കളില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ജോലി ലഭിച്ചതാണ് ദീപയുടെ ജീവിതത്തിലെ വഴിത്തിരിവായത്. തുടര്‍ന്ന് വി.എംവെയര്‍, ക്ലൗഡ് ദാറ്റ് ടെക്‌നോളജീസ് എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് യൂക്കാലിപ്റ്റസ് സിസ്റ്റംസില്‍ എത്തിയത്. യൂക്കാലിപ്റ്റസിന്റെ പ്രൊഡക്ടുകളുടെ കോഴ്‌സ് വെയര്‍ ഡെവലപ്പറായ ദീപ പ്രോജക്ടിന്റെ നിര്‍വഹണവും ഡോക്യുമെന്റേഷന്‍ ടീമിന് പിന്തുണയും നല്‍കുന്നുണ്ട്.

ട്രെയിനിംഗ് കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ താന്‍ വിവിധ തരത്തിലുള്ള പഠനരീതികളും ബ്ലൂംസ് തിയറിയും മറ്റ് അദ്ധ്യാപന രീതികളും ഉപയോഗിക്കാറുണ്ടെന്നാണ് ദീപ പറയുന്നത്. താന്‍ പ്രവര്‍ത്തിക്കുന്ന പ്രോഡക്ടുകളുടെ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ തയ്യാറാക്കുന്നതിനൊപ്പം യൂക്കാലിപ്റ്റസ് സിസ്റ്റംസിന്റെ എല്‍.എം.എസ് നിയന്ത്രിക്കുന്നതും അവരാണ്.

ഒരേ കാര്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കാതെ പല കാര്യങ്ങളാണ് ദീപ ചെയ്തുകൊണ്ടിരിക്കുന്നത്.താനൊരു പ്രത്യേക ടെക്‌നോളജിയെ വിവാഹം ചെയ്തിട്ടൊന്നുമില്ലെന്നും പുതിയ സാങ്കേതികവിദ്യ വരുമ്പോള്‍ താനവയെ സ്വീകരിക്കുമെന്നും ദീപ പറഞ്ഞു.

എനിക്ക് ഭയമില്ല

ദീപയൊരു ഭയരഹിതയായ വ്യക്തിയാണ്. മലയാളിയായി ജനിച്ച ദീപ വളര്‍ന്നത് ജംഷഡ്പൂരിലാണ്. ദീപയെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി അവളുടെ അച്ഛനാണ്. ടാറ്റാ സ്റ്റീല്‍ കമ്പനിയിലായിരുന്നു ദീപയുടെ അച്ഛന് ജോലി. ഇടത്തരം കുടുംബമായിരുന്നു അവരുടേത്. തന്റെ രണ്ട് മക്കള്‍ക്കും നല്ല മൂല്യങ്ങള്‍ പറഞ്ഞ് കൊടുത്താണ് അദ്ദേഹം വളര്‍ത്തിയത്.

സത്യസന്ധത തനിക്ക് ഗുണവും ദോഷവും ആയിട്ടുണ്ടെന്ന് ദീപ പറഞ്ഞു. തന്റെ കൂടെ ജോലി ചെയ്യുന്നവര്‍ ഒരു കാര്യത്തിലെ സത്യസന്ധമായ അഭിപ്രായം അറിയാനായി തന്നെ സമീപിക്കാറുണ്ട്. മറ്റുള്ളവരോട് കയര്‍ത്ത് സംസാരിക്കാതെയും സത്യസന്ധത പാലിക്കാമെന്ന് താന്‍ പഠിച്ചത് സ്വന്തം അച്ഛനില്‍ നിന്നാണ്. കഠിനാദ്ധ്വാനിയായ അച്ഛന്‍ തനിക്ക് ഏറെ പ്രചോദനം നല്‍കിയിട്ടുണ്ടെന്നും ദീപ വ്യക്തമാക്കി.

തനിക്ക് മറ്റാരെ പോലെയും ആകണമെന്നൊന്നും ദീപയ്ക്ക് ആഗ്രഹമില്ല. എന്നാല്‍ തന്റെ പിതാവ്, ജെ.ആര്‍.ഡി ടാറ്റ, ജെഫ് ബെസോസ്, ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് എന്നിവര്‍ തന്നെ ഏറെ പിന്തുണച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.


ദീപയെപ്പറ്റി അവളുടെ മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. അവള്‍ കഠിനാദ്ധ്വാനം ചെയ്യണമെന്നും തന്റെ കഴിവിന്റെ പരമാവധിയും ഉപയോഗപ്പെടുത്തണമെന്നുമാണ് അവര്‍ ആഗ്രഹിക്കുന്നത്.

തനിക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളില്‍ നിന്നും അവള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. കുടുംബം, സംസ്‌കാരം എന്നീ ഒഴിവുകഴിവുകള്‍ തന്റെ ലക്ഷ്യത്തില്‍ തടസമാകാതിരിക്കാന്‍ അവള്‍ ശ്രദ്ധക്കാറുണ്ട്. എന്ത് കാര്യം ചെയ്താലും അത് വൃത്തിയായി ചെയ്യണമെന്ന കാര്യം അവള്‍ക്ക് നിര്ബന്ധമാണ്.

സാഹിത്യം

ഫിക്ഷന്‍ നോവലുകള്‍ വായിക്കുമ്പോള്‍ ദീപയില്‍ പഴയ സാഹിത്യ പ്രണയം ഉടലെടുക്കും. ഒഴിവുസമയങ്ങളില്‍ പാചകം, വ്യായാമം, പെയിന്റിംഗ് എന്നിവയാണ് അവളുടെ ഹോബികള്‍. പുസ്തകം വായിക്കുന്നതോടൊപ്പം കൂടുതല്‍ വായിക്കണമെന്ന് അവര്‍ മറ്റ് സ്ത്രീകളോട് ആവശ്യപ്പെടാറുമുണ്ട്.

വീടുകളില്‍ ചെലവഴിക്കുന്ന സ്ത്രീകളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ദീപയ്ക്ക് ആഗ്രഹമുണ്ട്. പാചകം, കരകൗശലം, പെയിന്റിംഗ് തുടങ്ങിയവയില്‍ താല്‍പര്യമുള്ള നാല്‍പതുകളിലും അന്‍പതുകളിലും അറുപതുകളിലും ഉള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവയിലൂടെ ഒരു വരുമാനമുണ്ടാക്കാനുമുള്ള അവസരം ഒരുക്കണമെന്നാണ് ദീപ പറയുന്നത്. ഈ ഉദ്യേശത്തോടെ തന്റെ അമ്മയുടെ സുഹൃത്തിന്റെ കുറച്ച് പെയിന്റിംഗുകള്‍ക്കായി അവര്‍ ഒരു വെബ്‌സൈറ്റ് തയ്യാറാക്കി. ഇതിന് താന്‍ പണമെന്നും ഈടാക്കുന്നില്ലെന്നും കൂടുതല്‍ സ്ത്രീകള്‍ ഇതിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദീപ വ്യക്തമാക്കുന്നു