വൈദ്യസഹായം വീട്ടിലെത്തിച്ച് മെഡികാര്‍

0


കടുത്ത അസുഖങ്ങള്‍ ഉണ്ടെങ്കില്‍ പോലും ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. വീട്ടില്‍നിന്ന് ആശുപത്രി വരെ പോകാനുള്ള ബുദ്ധിമുട്ടും ആശുപത്രിയിലെ തിരക്കുമെല്ലാം ഓര്‍മിച്ചാണ് മിക്കവരും അസുഖങ്ങള്‍ കടിച്ചമര്‍ത്തുന്നത്. എന്നാല്‍ ആശുപത്രി നിങ്ങളുടെ വീട്ടിലേക്കെത്തിയാലോ? തമാശയല്ല..തികച്ചും വാസ്തവം. ഒരു ഒറ്റ ഫോണ്‍ കോളിലൂടെ സര്‍വ്വ ചികിത്സാ സഹായങ്ങളുമായി മെഡികാര്‍ നിങ്ങളുടെ വീട്ടിലെത്തും. മാത്രമല്ല ഫിസീഷ്യന്റെയും നഴ്‌സിന്റെയും പരിചരണവും ലഭിക്കും. കോഴിക്കോടും കൊച്ചിയിലുമാണ് നിലവില്‍ മെഡികാറിന്റെ സേവനം ലഭിക്കുന്നത്.

ഉറ്റവര്‍ അടുത്തില്ലാത്തതും മക്കള്‍ വിദേശത്തായതും നോക്കാന്‍ ആരുമില്ലാത്തവര്‍ക്കുമാണ് മെഡികാറിന്റെ സേവനം ഏറ്റവും ഗുണം ചെയ്യുക. ഫോണ്‍കോള്‍ ലഭിച്ചാല്‍ 20-25 മിനിട്ടിനകം മെഡികാര്‍ എന്ന വാഹനവുമായി വിദഗ്ധ സംഘം നിങ്ങളുടെ വീട്ടിലെത്തും. ഏത് സാഹചര്യത്തിലും അടിയന്തിര ഘട്ടത്തിലും മെഡികാറിന്റെ സേവനം ലഭിക്കും. ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും മെഡികാറിന്റെ സേവനം ലഭ്യമാകും.

ആധുനിക ചികിത്സ സംവിധാനങ്ങളും ഒരു ഫിസിഷ്യനും നഴ്‌സുമാരും സംഘത്തിലുണ്ടാകും. ഡോക്ടര്‍മാരെ കൂടാതെ വൈദ്യപാരമ്പര്യത്തില്‍ പെട്ടവരാണ് മെഡികാറിന്റെ സംഘാടകരെല്ലാവരും. ഒരു അടിയന്തര ഘട്ടത്തില്‍ ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ 20 മുതല്‍ 25 മിനിറ്റിനകം പ്രത്യേക സംഘം അവിടെ എത്തി വേണ്ട ശുശ്രൂഷകള്‍ നല്‍കും. ഓക്‌സിജന്‍ സിലിണ്ടര്‍, ട്രിപ്പ് ഇടാനുള്ള സൗകര്യം, തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അടങ്ങിയ കാറാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. മാത്രമല്ല യോഗ്യരായ മെയില്‍ നഴ്‌സുമാരും അഞ്ച് ഡോക്ടര്‍മാരും ഏതു സമയത്തും തയ്യാറായിരിക്കും,

ചികിത്സ എന്നതിലുപരി ഓരോരുത്തര്‍ക്കും സാന്ത്വനം കൂടിയാണ് മെഡിക്കാര്‍. മക്കള്‍ വിദേശത്തോ മറ്റ് ആവശ്യങ്ങള്‍ക്ക് പോയിരിക്കുകയോ ഒക്കെ ചെയ്യുന്ന സമയങ്ങളില്‍ നോക്കാന്‍ ആരുമില്ല എന്ന ചിന്തയാണ് പലരെയും അലട്ടുന്നത്. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരുമില്ലെന്ന ചിന്ത ഇവരെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരക്കാര്‍ക്ക് സാന്ത്വനവും തികച്ചും ആശ്വാസകരവുമാണ് മെഡികാര്‍.

അത്യാവശ്യം വേണ്ട രക്തപരിശോധനയൊക്കെ നടത്താനുള്ള സൗകര്യവും മെഡികാറിലുണ്ട്. അതല്ല കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ മറ്റൊരു ലാബില്‍ ടെസ്റ്റ് ചെയ്ത് രണ്ടു മൂന്നു മണിക്കൂറിനുള്ളില്‍ അവര്‍ ഫലം മെയില്‍ ചെയ്തു തരുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയേ മതിയാകൂ എന്നുള്ള അവസ്ഥയാണെങ്കില്‍ ആംബുലന്‍സ് സൗകര്യം റെഡിയാക്കി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാന്‍ വേണ്ട സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ഒരു ആശുപത്രിയുമായും മെഡികാറിന് യാതൊരുവിധ ടൈഅപ്പും ഇല്ല.

മാന്യമായ നിരക്കിലാണ് മെഡികാറിന്റെ പ്രവര്‍ത്തനവും. 1000 രൂപയാണ് ഫീസായി ഈടാക്കുന്നത്. എന്ത് പരിശോധന ചെയ്താലും അതിനായി കൂടുതല്‍ കാശ് ഈടാക്കുന്നില്ല. രക്തം പരിശോധിച്ചാലും ഇ സി ജി എടുത്താലും ട്രിപ്പ് ഇട്ടാലും ഓക്‌സിജന്‍ കൊടുത്താലുമെല്ലാം 1000 രൂപ തന്നെ. മറിച്ച് ഇതൊന്നും ചെയ്തില്ലെങ്കിലും ഫീസായി 1000 രൂപ നല്‍കണം. നിലവില്‍ കൊച്ചിയിലും കോഴിക്കോടുമള്ള സംവിധാനം വൈകാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.