ഇനി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും

ഇനി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും

Sunday October 09, 2016,

2 min Read

കാര്യവട്ടത്ത് ദേശീയ ഗെയിംസിനായി നിര്‍മ്മിച്ച ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇനി ക്രിക്കറ്റ് മത്സരങ്ങളും അരങ്ങേറും. ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍, കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു. തിരുവനന്തപുരത്ത് കെ സി എ സെക്രട്ടറി ടി. എന്‍ അനന്തനാരായണന്‍ കെ എസ് എഫ് എല്‍ സി ഇ ഒ, കെ ശശിധര്‍ എന്നിവരാണ് കരാറില്‍ ഒപ്പ് വെച്ചത്. 11 വര്‍ഷത്തേക്കാണ് കരാര്‍ ബി സി സി ഐ വൈസ് പ്രസിണ്ടും കെ സി എ പ്രസിഡണ്ടുമായ ടിസി മാത്യു, കെ എസ് എഫ് എല്‍ ഡയരക്ടര്‍ അനില്‍ കുമാര്‍ പണ്ടാല, ടി ഡി സി എ സെക്രട്ടറി വിനോദ് എസ് കുമാര്‍, എന്‍ ജി എസ് ചീഫ് കോഓര്‍ഡിനേറ്ററും കെ എസ് ഇ ബി ചീഫ് എഞ്ചിനിയറുമായ അനില്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്.

image


കരാറിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ കെ എസ് എഫ് എല്‍ പിച്ച് നിര്‍മ്മിക്കും. ഇതോടെ, ഫ്‌ളഡ് ലിറ്റ് സംവിധാനമുള്ള സ്റ്റ്‌റ്റേഡിയം ദേശീയ-അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ബി സി സി ഐ നടത്തുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കും പുറമെ, ഐ പി എല്‍ മത്സരങ്ങള്‍ക്കും വേദിയാകും.അത്യാധുനിക സൗകര്യങ്ങളോടെയാണ് 50,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്‌പോര്‍ട്ട്‌സ് ഹബ്ബ് നിര്‍മ്മിച്ചിരിക്കുന്നത്.വിശാലമായ മീഡിയാ റൂം, പ്ലെയേഴ്‌സ് ഡ്രസിംഗ് റൂമുകള്‍, വി.ഐ.പി എന്‍ക്ലോഷറുകള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, സ്വിമ്മിംഗ് പൂളുകള്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഔട്ട് ഡോര്‍ ക്രിക്കറ്റ് നെറ്റുകള്‍, ഔട്ട്‌ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമെ കണ്‍വെന്‍ഷന്‍-കോണ്‍ഫറന്‍സ് സെന്ററുകള്‍,അതിഥി സത്ക്കാരകേന്ദ്രങ്ങള്‍, കാറ്ററിംഗ് സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം,ഹോട്ടല്‍ സൗകര്യം എന്നിവയും മറ്റു പ്രത്യേകതകളാണ്.

image


കരാര്‍ പ്രകാരം വര്‍ഷത്തില്‍ 180 ദിവസമായിരിക്കും കെ.സി.എയ്ക്ക് സ്‌റ്റേഡിയം ഉപയോഗിക്കാന്‍ കഴിയുക. എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെയും ഏപ്രില്‍ ഒന്നു മുതല്‍ മെയ് 30 വരെയുമാണ് സ്റ്റേഡിയം കെ സി എക്ക് ലഭിക്കുക. മറ്റു മാസങ്ങളിലെ ലഭ്യമായ ദിവസങ്ങളില്‍ സ്‌റ്റേഡിയം ഉപയോഗിക്കാന്‍ കഴിയും. കെ സി എയുടെയു കെ സ് എഫ് എല്ലിന്റെയും 3 വീതം പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയാണ് കരാര്‍ കാലാവധി കാലത്ത് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കമ്മിറ്റിയുടെ പ്രസിഡണ്ട്, സെക്രട്ടറിസ്ഥാനം കെ സി എക്കാണ്. കളി സ്ഥലം അറ്റകുറ്റ പണി നടത്തി സംരക്ഷിക്കേണ്ട ചുമതല കേരള ക്രിക്കറ്റ് അസോസിയേഷനാണ്

image


2012 ഏപ്രിലില്‍ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റും കേരള സര്‍വ്വകലാശാലയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കെ എസ് എഫ് എല്‍ ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കായി കാര്യവട്ടത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയായിരുന്നു ദേശീയ ഗെയിംസ്. കരാറിന്റെ അടിസ്ഥാനത്തില്‍ 13 വര്‍ഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കെ എസ് എഫ് എല്ലിനാണ്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവും സമാപനവും നടന്നത് ഗ്രീന്‍ഫീല്‍ഡ്‌സ്റ്റേഡിയത്തിലാണ്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം സ്‌പോര്‍ട്ട്‌സ് ഹബ്ബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

    Share on
    close

    ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക