വില്ലേജ് ഓഫീസിലെത്തുന്നവരെ രണ്ടു തവണയില്‍ കൂടുതല്‍ നടത്തിക്കരുതെന്ന് റവന്യൂവകുപ്പ് സര്‍ക്കുലര്‍

0

സേവനങ്ങള്‍ വൈകിപ്പിച്ചതിനേ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി റവന്യൂവകുപ്പ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ 12 ഇന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ അതാത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഭൂനികുതി അടച്ചുനല്‍കുന്നതില്‍ വില്ലേജ് ഓഫീസുകള്‍ കാലതാമസം വരുത്തുകയും ഇതുമൂലം ജനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍. സര്‍വെ ചെയ്തിട്ടില്ലാത്ത ഭൂമികളില്‍ ഭൂനികുതി താല്‍ക്കാലികമായി ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഒരു കാരണവശാലം വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജുകളില്‍ വരുന്ന ആളുകളെ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഓഫിസില്‍ വരാന്‍ ഇടയാക്കരുത്. 1961ലെ ഭൂനികുതി നിയമപ്രകാരം രണ്ടാം വകുപ്പനുസരിച്ച് ഒഴിവാക്കപ്പെട്ടതും 1957ലെ കേരള ഭൂസരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമായ ഭൂമികള്‍ ഒഴികെ, എല്ലാ ഭൂമികള്‍ക്കും ഇനമോ തരമോ കണക്കിലെടുക്കാതെ അടിസ്ഥാന ഭൂനികുതി ഭൂമി കൈവശക്കാരനില്‍ നിന്നും ഈടാക്കാം.

ഭൂനികുതി അടക്കുവാന്‍ വരുന്ന ആളിന്റെ നികുതി നിയമപരമായി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ അന്നുതന്നെ സ്വീകരിച്ച് രസീത് നല്‍കണം.ഏതെങ്കിലും കാരണത്താല്‍ അന്നുതന്നെ സ്വീകരിക്കുവാന്‍ സാധിക്കാതെ വന്നാല്‍ അടുത്തദിവസം സ്വീകരിച്ച് രസീത് നല്‍കണം. നികുതി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രേഖപ്പെടുത്തി കൈവശക്കാരനെ അറിയിക്കണം. ഇതില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട തഹസില്‍ദാരെ ബോധിപ്പിച്ച് കൈവശക്കാരനെ അറിയിക്കണം. ഈ വിവരം വില്ലേജ് ഓഫിസര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് ചെയ്യണം. തഹസില്‍ദാര്‍ ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിച്ച് വിവരം കക്ഷികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

എല്ലാ താലൂക്കുകളിലെയും വില്ലേജിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ മാസത്തിലൊരിക്കല്‍ പരിധിയിലുള്ള വില്ലേജുകള്‍ നേരിട്ട് പരിശോധിച്ച് ഭൂനികുതി സംബന്ധമായ പ്രവര്‍ത്തനം വിലയിരുത്തി തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കണം. ഈ റിപോര്‍ട്ടുകള്‍ തഹസില്‍ദാര്‍ പരിശോധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കണം.

എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫിസുകളെ സംബന്ധിച്ച പരാതി നല്‍കുന്നതിന് പരാതിപ്പെട്ടി സ്ഥാപിക്കണം. 15 ദിവസം കൂടുമ്പോള്‍ പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണം. താലൂക്കുകളുടെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍മാര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാര്‍ ബന്ധപ്പെട്ട താലൂക്കുകളിലും വില്ലേജുകളിലും മിന്നല്‍ പരിശോധന നടത്തി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കണം. കലക്ടറേറ്റിലെ ആഭ്യന്തര പരിശോധന വിഭാഗം മുഖേനയുള്ള പരിശോധനകളും ഊര്‍ജിതമാക്കണം. ഭൂനികുതി സ്വീകരിക്കുന്നതിലെ പ്രശ്‌നങ്ങള്‍, പരാതികള്‍ എന്നിവ ജില്ലാതലത്തില്‍ എല്ലാമാസവും ഡപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) അവലോകന യോഗം നടത്തി റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ജില്ലാ കലക്ടര്‍ ഈ റിപോര്‍ട്ട് എല്ലാ മാസവും 10നകം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കണം. ഈ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും ചുമതലയുള്ള തഹസില്‍ദാര്‍മാര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.