ടോറസ് ഡൌൺ ടൌൺ: നിർമ്മാണ കരാറിനായുള്ള ചുരുക്കപട്ടിക തയ്യാറായി  

0

ജർമൻ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ നിർമ്മിക്കുന്ന ഡൌൺ ടൌൺ ടെക്‌നോപാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടമായ 38 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുന്നതിന് സിംഗപ്പൂർ ആസ്ഥാനമായുള്ള എൽ ആൻഡ് ഡബ്ള്യൂ, ലാർസൺ ആൻഡ് ടൂബ്രോ, ഷപ്പൂർജി പല്ലോൺജി എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമാണകരാറിനായി താൽപര്യപത്രം ക്ഷണിച്ചതായി ടോറസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടർ അജയ് പ്രസാദ് അറിയിച്ചു. ജനുവരി രണ്ടാം പകുതിയോട് കൂടി കരാറുകാരെ തീരുമാനിക്കും. ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സിന്റെ ഇന്ത്യൻ ഉപകമ്പനിയാണ് ടോറസ് ഇന്ത്യ.

ടെക്‌നോപാർക്കിൽ 20 ഏക്കറോളം സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടസമുച്ചയങ്ങളാണ് ഡൌൺ ടൌൺ ടെക്‌നോപാർക്ക് എന്ന പേരിൽ ടോറസ് നിർമ്മിക്കുന്നത്. ഐ ടി ഓഫീസ് മന്ദിരങ്ങൾ, ചെറുകിട കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി പ്ളഗ് ആൻഡ് പ്ലേ സൗകര്യത്തോട് കൂടിയ ഓഫീസ് മന്ദിരം, മാൾ, വിനോദ കേന്ദ്രങ്ങൾ, ഹോട്ടൽ എന്നിവ ഈ പദ്ധതിയുടെ ഭാഗമായുണ്ട്. ജിയോ തെർമൽ കൂളിംഗ് സംവിധാനത്തോട് കൂടിയ ലീഡ് പ്ലാറ്റിനം അല്ലെങ്കിൽ ഗോൾഡ് സർട്ടിഫിക്കറ്റ് ഉള്ള കെട്ടിടങ്ങൾ ആകും ഈ പ്രൊജക്ടിൽ നിർമ്മിക്കപ്പെടുക. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ പൂർത്തിയായി കഴിഞ്ഞു.

ആകെ 2000 കോടിയുടെ നിക്ഷേപം ആണ് ടോറസ് ഈ പ്രൊജക്റ്റിനായി ആസൂത്രണം ചെയ്യുന്നത്. വിദേശനിക്ഷേപം കൊണ്ട് വരുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്നും അതോടൊപ്പം ടെക്‌നോപാർക്കുമായുള്ള വാടകകരാർ ഒപ്പിടുന്നതിനുള്ള നടപടികൾ അവസാന ദശയിലാണെന്നും അജയ് പ്രസാദ് പറഞ്ഞു. മാർച്ചോട് കൂടി നിർമ്മാണത്തിനാവശ്യമായ എല്ലാ അനുമതികളും നേടാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും, അനുമതികൾ ലഭിച്ചാൽ ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടോറസിന്റെ മാർക്കറ്റിങ്ങ് കൺസൾട്ടന്റുകളായ ജെ എൽ എല്ലും, സി ബി ആർ ഇയും പ്രമുഖ ഐ ടി കമ്പനികളുമായി നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡൌൺ ടൌൺ പദ്ധതിക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഐ ടി മന്ദിരങ്ങളും വ്യാപാരകേന്ദ്രങ്ങളും താമസസമുച്ചയങ്ങളും അടങ്ങുന്ന പ്രോജക്ടുകളിൽ നിക്ഷേപിക്കുന്നതിനായി ടോറസ് അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഉള്ള നിക്ഷേപക സ്ഥാപനങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അജയ് പ്രസാദ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ 2000 കോടിയുടെ നിക്ഷേപം ദേശീയ തലസ്ഥാന മേഖലയിലും ബെംഗളൂരിലും ചെന്നൈയിലും 2017ന്റെ ആദ്യ പകുതിയോട് കൂടി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.