ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സഹകരണത്തോടെ ഇടുക്കി വയനാട് ജില്ലകളില്‍ ശീതജല മത്സ്യകൃഷി

0

ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക കാലാവസ്ഥ ഉപയോഗപ്പെടുത്തി ശീതജല മത്സ്യകൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായം ഹിമാചല്‍ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ശീതജല മത്സ്യകൃഷി വികസന സാധ്യതകളെക്കുറിച്ച് നേരിട്ട് പഠിക്കുന്നതിനായി ശീതജല മത്സ്യകൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ഹിമാചല്‍പ്രദേശിലെ മുഖ്യമന്ത്രി വീര്‍ഭഭ്രസിംഗ്, ഫിഷറീസ് വകുപ്പ് മന്ത്രി താക്കൂര്‍സിംഗ് ബര്‍മുറി എന്നിവരെ സിംലയില്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

ഇരുപത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ തണുപ്പുളള ജലത്തിലാണ് ശീതജല മത്സ്യകൃഷി നടത്തുന്നത്. ഇടുക്കി വയനാട് ജില്ലകളില്‍ ശീതജല മത്സ്യകൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. താഴ്ന്ന ജലോഷ്മാവ് ഉയര്‍ന്ന നിലയിലുളള പ്രാണവായു, കുറഞ്ഞ കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ഉയര്‍ന്ന സുതാര്യത, കുറഞ്ഞ പ്‌ളവക ഉത്പാദനക്ഷമത എന്നിവയാണ് ഇത്തരം ജലാശയങ്ങളുടെ പ്രത്യേകതകള്‍. ശീതജല മത്സ്യകൃഷി വികസനത്തിനുളള ഉദ്യമങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഈ മേഖലയില്‍ മുന്നേറാനായില്ല. അതിനാലാണ് ശീതജല മത്സ്യകൃഷിയില്‍ വിജയം കൈവരിച്ച ഹിമാചല്‍ പ്രദേശിന്റെ സാങ്കേതിക ജ്ഞാനം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വിനോദത്തിനായി ചൂണ്ടയിടീലിനു പുറമേ, ഭക്ഷ്യ അലങ്കാര മത്സ്യോത്പാദനത്തിനായും ശീതജല മത്സ്യകൃഷി ഉപകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.