യാത്രയുടെ മനസറിഞ്ഞ് ഇന്‍സ്പിറോക്ക്

0

യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അവധി ദിവസങ്ങളില്‍ ഒരു യാത്ര പോകാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. എന്തൊക്കെ തയ്യാറെടുപ്പുകളാകും നടത്തുക. യാത്രയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓരോരുത്തരുടെയും മനസില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങളാകും തെളിയുക. ഇതില്‍നിന്ന് ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് തന്നെ ഏറെ സമയം വേണ്ടി വരും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തും പലരോട് അന്വേഷിച്ചുമെല്ലാം സ്ഥലത്തെക്കുറിച്ച് മനസിലാക്കും. അതുകഴിഞ്ഞാല്‍ പോകേണ്ട സ്ഥലത്തെ കാലാവസ്ഥ, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം, കുട്ടികളെയും കൊണ്ട് പോകാന്‍ അനുയോജ്യമായ സ്ഥലമാണോ, രാത്രി അവിടെ തങ്ങാനുള്ള സൗകര്യമുണ്ടോ ഇങ്ങനെ നൂറ് ചോദ്യങ്ങളാകും പിന്നാലെ മനസിലെത്തുക. ഈ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കാനുള്ള മികച്ച മാധ്യമമാണ് ഇന്‍സ്പിറോക്ക് എന്ന യാത്രാ സഹായി.

ഓണ്‍ലൈനില്‍ ഇന്‍സ്പിറോക്ക് സെര്‍ച്ച് ചെയ്ത് തങ്ങള്‍ക്ക് പോകാന്‍ താല്‍പര്യമുള്ള സ്ഥലങ്ങളും പോകാനുദ്ദേശിക്കുന്ന തീയതിയും നല്‍കിയാല്‍ മതിയാകും. അതത് സ്ഥലങ്ങളുടെ പ്രത്യേകതകളും അവിടെ കാണാനുള്ള സ്ഥലങ്ങളും ആ ദിവസങ്ങളിലെ കാലാവസ്ഥ എങ്ങനെയാകുമെന്നും താമസിക്കാന്‍ പറ്റിയ സ്ഥലമാണോ എന്നും കുട്ടികളെയും കൊണ്ട് പോകാന്‍ സാധിക്കുമോ എന്നും തുടങ്ങി സ്ഥലത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകും.

അനൂപ് ഗോയല്‍, പ്രകാശ് സിക്ചി എന്നീ സുഹൃത്തുക്കളാണ് ഇന്‍സ്പിറോക്ക് എന്ന ഓണ്‍ലൈന്‍ സേവനത്തിന് പിന്നില്‍. ഇവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍: കമ്പ്യൂട്ടര്‍ സയന്‍സില്‍ തങ്ങളുടെ മാസ്‌റ്റേഴ്‌സ് ഡിഗ്രി പൂര്‍ത്തിയാക്കുന്നതിനിടെ 1991ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ വെച്ചാണ് അനൂപും പ്രകാശും പരസ്പരം കണ്ടുമുട്ടിയത്. രണ്ടുപേരും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. 2012 ജൂലൈയില്‍ വാഷിംഗ് ടണ്ണിലെ പ്രശസ്തമായ കാസ്‌കേഡ് മ്യൂസിയത്തില്‍നിന്നുള്ള മടക്കയാത്രക്കിടെയാണ് തങ്ങള്‍ക്ക് ഇന്‍സ്പിറോക്ക് എന്ന സ്ഥാപനം തുടങ്ങാനുള്ള ആശയമുദിച്ചത്. തങ്ങള്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. യാത്രക്കിടെ ഒരു മനോഹരമായ തടാകം മുറിച്ചു കടക്കുന്നതിനിടെയാണ് ഇരുവരുടെയും മനസില്‍ ഇത്തരത്തില്‍ ആശയമുദിച്ചത്. മാസങ്ങള്‍നീണ്ട ആലോചനക്ക് ശേഷമാണ് ഇരുവരും ഇന്‍സ്പിറോക്കിലേക്ക് തിരിഞ്ഞത്.

ഓരോ സ്ഥലങ്ങളെയും അവിടെ പോയാല്‍ കാണാന്‍ സാധിക്കുന്ന പ്രത്യേകതകളും ഉള്‍പ്പെടുത്തി ഒരു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുകയാണ് ഇരുവരും ചെയ്തത്. 50 രാജ്യങ്ങളിലായി 11,000 ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരമാണ് ഇന്‍സ്പിറോക്ക് നല്‍കുന്നത്. ഓരോ സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ വിവരണം ലഭ്യമാകും.

എല്ലാവരും കൂടുതല്‍ പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെ റാങ്ക് ചെയ്യാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും ആളുകള്‍ രണ്ട് മൂന്നു സ്ഥലം പരിഗണനയില്‍ വെച്ചുകൊണ്ടായിരിക്കും അതില്‍നിന്ന് ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത്. ഒരു സ്ഥലം തീരുമാനിച്ചാല്‍ അത് എത്രമാത്രം വിനോദപ്രദമാകുമെന്നും മറ്റും ആ സ്ഥലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനാകും ശ്രമിക്കും. അതിന് ശേഷമാകും എവിടെ പോകണമെന്ന അന്തിമ തീരുമാനത്തിലെത്തുന്നത്. പലരും മണിക്കൂറുകളെടുത്താണ് ഓരോ സ്ഥലവും പരിശോധിക്കുന്നത്.

ഓരോരുതതരും ഓരോ തരത്തിലാണ് പ്ലാന്‍ ചെയ്യുന്നത്. എന്നിരുന്നാലും എല്ലാവര്‍ക്കും പൊതുവായ ഒരു പ്ലാനുണ്ടാകും. ചിലര്‍ അതിസൂക്ഷ്മതയോടെ പ്ലാന്‍ ചെയ്യുന്നവരാണ്. ഓരോരുത്തരും യാത്ര ചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ചായിരിക്കും അവരുടെ പ്ലാനിംഗ്.

ഇന്‍സ്പിറോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യത്തെ കുറച്ച് നാളുകളില്‍ യാത്രക്കാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിനും ട്രാവല്‍ ഏജന്റുമാരോടും ട്രാവല്‍മേഖലയിലെ വിദഗ്ധരോടും സംസാരിച്ച് അവരുടെ അഭിപ്രായങ്ങള്‍ അറിയുകയുമാണ് ചെയ്തിരുന്നത്. അവധി ദിവസങ്ങളില്‍ ആളുകള്‍ എങ്ങനെയാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെന്നും ഇവരോട് ചോദിച്ച് മനസിലാക്കി. ഇതില്‍നിന്നാണ് ഇന്‍സ്പിറോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാകണമെന്ന് ഏകദേശ രൂപം കിട്ടിയത്.

വലിയ ഒരു ജോലിയാണ് ഇന്‍സ്പിറോക്കിന് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. അതിനാല്‍തന്നെ മൂന്ന് വര്‍ഷം കൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടങ്ങിയത്. ഇപ്പോള്‍ 150ല്‍ അധികം രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് പേരാണ് തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. വിവിധയിടങ്ങളില്‍ തങ്ങളുടെ ടീം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാം തന്നെ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഇന്‍സ്പിറോക്കിന് സമാനമായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്രയും രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് ഇത്രയും വിശദമായി പ്രതിപാദിക്കുന്ന മറ്റ് സ്ഥാപനങ്ങളില്ല. ആവശ്യക്കാര്‍ തങ്ങള്‍ പോകാന്‍ മുന്‍ഗണന നല്‍കുന്ന സ്ഥലങ്ങളും പോകാനുദ്ദേശിക്കുന്ന തീയതിയും നല്‍കിയാല്‍ മാത്രം മതി, വിശദാംശങ്ങളെല്ലാം അവര്‍ക്ക് ലഭിക്കും. ഇതുപോലെയുള്ള നിരവധി സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും ഒന്നും വിജയത്തിലെത്തിയതായി കണ്ടിട്ടില്ല. ഒരേ സമയം നിരവധി സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സാധിക്കുന്നത് ഇന്‍സ്പിറോക്കിന് മാത്രമാണെന്ന് അവകാശപ്പെടാം. യൂറോപ്പിലും യു എസിലുമുള്ള അമ്പതോളം രാജ്യങ്ങളെക്കുറിച്ചാണ് ഇവര്‍ക്ക് സേവനം ലഭിക്കുന്നത്.

ഇന്‍സ്പിറോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മില്യന്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചത് മേക്ക് മൈ ട്രിപ്പ് എന്ന സ്ഥാപത്തില്‍നിന്നാണം്. മേക്ക് മൈ ട്രിപ്പിന്റെ ചെയര്‍മാനും സി ഇ ഒയുമായ ദീപ് കല്‍റ ഇന്‍സ്പിറോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് സഹായിച്ചത്. ട്രിപ് പ്ലാനിംഗ് തയ്യാറാക്കുകയെന്നത് ഏറെ പ്രയാസകരമാണെന്ന് ദീപ് പറയുന്നു. എന്നാല്‍ ഇന്‍സ്പിറോക്ക് വളരെ മനോഹരമായാണ് ഇത് നിറവേറ്റിയിരിക്കുന്നത്. അവര്‍ അത്ര നന്നായി ജോലി നിറവേറ്റി എന്നതാണ് അവരുടെ സേവനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

യു എസിനും യൂറോപ്പിനും പുറമെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് അനൂപും പ്രകാശും ലക്ഷ്യമിട്ടിരിക്കുന്നത്.