മൂന്ന് വര്‍ഷം കൊണ്ട് 50,000 വനിത ഡ്രൈവര്‍മാര്‍ , അതാണ് ഓലയുടെ ലക്ഷ്യം

1

സ്ത്രീകളെ ബഹുമാനിക്കണം എന്ന് ഒരുവശത്ത് ഒരുവിഭാഗം നിലപാടെടുക്കുമ്പോള്‍ സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രം അറിയാവുന്ന വര്‍ഗ്ഗമാണെന്ന് പറഞ്ഞ് അവരെ അടച്ചാക്ഷേപിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ മാറിയ ലോകത്ത് സ്ത്രീകളുടെ പ്രാതിനിധ്യം നമുക്ക് ഒരിക്കലും തള്ളിക്കളയാനാകില്ല. സമൂഹത്തില്‍ പുരുഷന്മാര്‍ മാത്രം കൈയ്യടക്കി വച്ചിരുന്ന പല മേഖലകളിലും സ്ത്രീകളും വിജയശ്രീലാളിതരായി മാറിക്കഴിഞ്ഞു. അതിലെ വലിയ ഉദാഹരണങ്ങള്‍ ബിസിനസ് മേഖലയില്‍ തന്നെ കാണാന്‍ കഴിയും.

കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിക്ക് കേരളത്തിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും വലിയ സ്വാകാര്യതയുണ്ട്. അതിനു ഫലമായാണ് ഷീ ടാക്‌സി സംരഭമൊക്കെ കേരളത്തില്‍ എത്തിയത്. സ്ത്രീകള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം എന്നത് കൂടാതെ സ്ത്രീകളിലുള്ള സംരഭകത്വം ഉണര്‍ത്താനും സഹായിക്കുകയാണ് ഇന്ത്യയെങ്ങും ശൃംഖലകളുള്ള 'ഓല ക്യാബ്‌സ്'(Ola Cabs).

തങ്ങളുടെ ക്യാബ് ഡ്രൈവര്‍മാരായ സ്ത്രീകളെ സൃഷ്ടിക്കുക എന്നതിലുപരി സ്ത്രീകളായ ബിസിനസുകാരെ സൃഷ്ടിക്കുക എന്നതാണ് ഓലയുടെ ലക്ഷ്യം. ഒരു വനിത ഡ്രൈവറെ സൃഷ്ടിക്കുന്നതിനൊപ്പം ഒരു വ്യവസായിയായ വനിതയെക്കൂടി സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓലയുടെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ആനന്ദ് സുബ്രഹ്മണ്യം പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 'ഓല ക്യാബ്‌സ്' സ്ത്രീകള്‍ക്ക് വേണ്ടി വനിത ഡ്രൈവര്‍മാര്‍ തന്നെ ഓടിക്കുന്ന 'ഓല പിങ്ക്' എന്ന ക്യാബ് സര്‍വീസ് ആരംഭിക്കുകയുണ്ടായി. എംപവര്‍ പ്രഗതി, ആട്ടോമേറ്റീവ് സ്‌കില്‍സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെ വനിത ഡ്രൈവര്‍മാര്‍ക്ക് ഇതിന്മേലുള്ള പരിശീലനം നല്‍കുകയുണ്ടായി.

പരിശീലനവും അതിനോടനുബന്ധിച്ച ക്ലാസുകളും

അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്ക് ഡ്രൈവിംഗ്, ഒരു തൊഴില്‍ മാര്‍ഗ്ഗമായി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഓല ഒരുക്കുന്നത്.ഡ്രൈവിംഗിന്റെ പ്രാക്ടിക്കല്‍ ക്ലാസും തിയറി ക്ലാസും കൂടാതെ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള മെക്കാനിക്കല്‍ പരിജ്ഞാനവും ജി പി എസ് സംവിധാനം ഉപയോഗിച്ച് റൂട്ട് കണ്ടുപിടിക്കുക എന്നിങ്ങനെയുള്ള ക്ലാസ്സുകളും ട്രെയിനിംഗ് ഘട്ടത്തില്‍ ഇവര്‍ക്ക് നല്‍കുന്നു. യാത്രക്കാരുമായി ആശയവിനിമയം നടത്താനായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൂടാതെ, പെരുമാറ്റരീതി, യാത്രക്കാരോട് പാലിക്കേണ്ട മര്യാദകള്‍, പോകേണ്ട റൂട്ടുകള്‍ എന്നിവയെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടാകും.

'പരിശീലനം നല്‍കുന്നതിനൊപ്പം അവര്‍ക്ക് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായവും മറ്റും ലഭിക്കാന്‍ ഓല മുന്‍കൈയെടുക്കും. ഡ്രൈവിംഗില്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്ത വനിത ഡ്രൈവര്‍മാര്‍ക്ക് ഓലയുടെ കാര്‍ നല്‍കുന്നതിനു മുന്‍പ് പരിശീലനം നല്‍കും. സുതാര്യതയെയും സുരക്ഷയെയും മുന്‍നിറുത്തി ഓല അവരുടെ റജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാരുടെ ക്രിമിനല്‍ ചെക്കും പോലീസ് വേരിഫിക്കേഷനും നടത്താറുണ്ട്.ഇതിനായി ഓത് ബ്രിഡ്ജ്(AuthBridge) എന്ന രാജ്യത്തെ ഏറ്റവും വലിയ ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷന്‍ വിഭാഗവുമായി ഓല കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.' ആനന്ദ് പറയുന്നു.

വിജയം ഉറപ്പു വരുത്തുന്നു

ഒരു മികച്ച ഡ്രൈവര്‍ ആകാനുള്ള പരിശീലനത്തിന് പുറമേ ദിവസേന ചെറിയ തുകകളായി അടച്ചു പോകാവുന്ന തരത്തിലുള്ള ലോണുകള്‍ എടുത്ത് കൊടുക്കാനും ഓല മുന്‍കൈ എടുക്കാറുണ്ട്. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി, മഹീന്ദ്ര ഫിനാന്‍സ് എന്നിവര്‍ ഓലയുമായി സഹകരിക്കുന്നുണ്ട്. ഡ്രൈവര്‍മാരെ വ്യവസായികളാക്കാന്‍ ഓല തന്നെ ഏകദേശം 100 കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ട്.

ഓലയിലൂടെ ജീവിത പച്ചപിടിപ്പിച്ച രേണുക എന്ന സ്ത്രീ സംരഭക പറയുന്നത് അവര്‍ക്ക് സ്വന്തമായി അധ്വാനിച്ച് പണം ഉണ്ടാക്കണം എന്ന ആഗ്രഹം പണ്ടു തൊട്ടേ ഉണ്ടായിരുന്നുവെന്നും അവരുടെ ആ ആഗ്രഹം സഫലമാക്കിയത് ഓലയാണ് എന്നുമാണ്. രണ്ടു വര്‍ഷം മുന്‍പ് ഒരു കാറുമായി ബിസിനസ് തുടങ്ങിയ രേണുകയ്ക്ക് ഇന്ന് സ്വന്തമായി 7 കാറുകള്‍ ഉണ്ട്. ആ ഏഴു കാറുകളും ഓലയുമായി ബന്ധിപ്പിച്ചിട്ടുണ്ട് രേണുക. ഒരു അധിക വരുമാനം എന്ന നിലയില്‍ രേണുക ആരംഭിച്ച ബിസിനസ് ഇന്ന് അവരുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു.

'ഓലയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. കൂടാതെ എനിക്ക് എന്റെ ഡ്രൈവര്‍മാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അവരെല്ലാം പുതിയ ടെക്‌നോളജിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അത് കൊണ്ട് തന്നെ എനിക്ക് ആവശ്യത്തിനു യാത്രക്കാരെയും ലഭിക്കുന്നുണ്ട്.' രേണുക പറയുന്നു.

സുരക്ഷ ക്രമീകരണങ്ങള്‍

ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷക്കായി ഓല വിവിധ തരത്തിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആപ്പില്‍ അടങ്ങിയ എസ് ഓ എസ് (SOS), വണ്ടി പോകുന്ന വഴിയും മറ്റു വിവരങ്ങളും യാത്രക്കാരന്‍ നേരത്തെ നല്‍കിയിട്ടുള്ള അയാളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ഫോണിലേക്ക് മെസേജ് ആയിട്ടോ ഇ മെയില്‍ ആയിട്ടോ അയക്കും. ' മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ ഉണ്ട് ഓലയ്ക്ക്. ഓലയിലെ എല്ലാ വണ്ടികളും എപ്പോള്‍ വേണമെങ്കിലും ട്രേസ് ഔട്ട് ചെയ്യാന്‍ സാധിക്കും. കൂടുതല്‍ മികച്ച സര്‍വീസ് നല്‍കുന്നതിനായി യാത്രക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഘപ്പെടുത്താനുള്ള അവസരവും ഉണ്ടാകും.' ആനന്ദ് പറയുന്നു.

ഏതെങ്കിലും സാഹചര്യത്തില്‍ വനിത ഡ്രൈവര്‍മാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാനുള്ള അധികാരം അവര്‍ക്ക് ഉണ്ടായിരിക്കും. 'അവര്‍ക്ക് ഏത് സമയവും എന്ത് കാര്യത്തിനും ഡ്രൈവര്‍ സപ്പോര്‍ട്ട് ടീമുമായി ബന്ധപ്പെടാം ഇത് കൂടാതെ കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍ എന്ന് ആനന്ദ് പറയുന്നു.

'ഓലയില്‍ ഞാന്‍ എത്തിയിട്ട് രണ്ടു മാസം കഴിഞ്ഞു. എന്റെ കാറുകള്‍ക്ക് ലഭിക്കുന്ന ബുക്കിങ്ങുകളില്‍ ഞാന്‍ തീര്‍ത്തും സന്തോഷവതിയാണ്. തൊഴില്‍ ചെയ്യാനുള്ള മികച്ച അന്തരീക്ഷവും സ്വാതന്ത്ര്യവും ഇവിടെയുണ്ട്. അത് കൊണ്ട് തന്നെ എന്റെ ജീവിതവും ജോലിയും ഒരുമിച്ചു കൊണ്ട് പോകാന്‍ എനിക്ക് സാധിക്കുന്നു.'ഓലയുടെ മറ്റൊരു വനിത ബിസിനസുകാരിയായ ഷീബ പറയുന്നു.

മൂന്ന് വര്‍ഷം കൊണ്ട് 50,000 വനിത ഡ്രൈവര്‍മാര്‍

ഓലയിലെ 70 ശതമാനം ഡ്രൈവര്‍മാരും ബിസിനസുകാരായി മാറിക്കഴിഞ്ഞു. ഓലയുടെ സഹായത്തോടെ ടാറ്റ, നിസാന്‍, മാരുതി, ഫോര്‍ഡ്, മഹീന്ദ്ര എന്നീ കമ്പനികളുടെ കാറുകള്‍ ഇവര്‍ ആദ്യം സ്വന്തമാക്കി. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഡ്രൈവര്‍മാര്‍ക്ക് കാറുകള്‍ വാങ്ങാനുള്ള ഒരു നെറ്റ് വര്‍ക്ക് മേല്‍ പറഞ്ഞ കാര്‍ നിര്‍മ്മാതക്കളുമായി ഓല സൃഷ്ടിച്ചു. രാജ്യത്ത് ഏകദേശം 15,000ത്തോളം പേര്‍ ഈ പദ്ധതിയിലൂടെ വാഹനങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു.

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 50,000 വനിത ഡ്രൈവര്‍മാരെ ഈ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാനാണ് ഓല ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ദേശീയ തദ്ദേശീയ പങ്കാളിത്തങ്ങള്‍ക്കായി ഓല ശ്രമം തുടരുകയാണ്. ആള്‍ ഇന്ത്യ വുമണ്‍ എഡ്യൂക്കേഷന്‍ ഫണ്ട്(AIWEFA) ഡല്‍ഹി, അസോസിയേഷന്‍ ഫോര്‍ നോണ്‍ ട്രെഡീഷണല്‍ എംപ്ലോയ്‌മെന്റ് ഫോര്‍ വുമണ്‍ (ANEW) ചെന്നൈ, എയ്ഞ്ചല്‍ സിറ്റി ക്യാബ് സര്‍വീസ്, ബാംഗ്ലൂര്‍ എന്നിവയാണ് ഓലയുമായി ഇപ്പോള്‍ സഹകരിക്കുന്നവര്‍.

'ഓല, ഇ പി(EP), എ എസ് ഡി സി(ASDC) എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വനിത ഡ്രൈവര്‍മാരുടെയും അതിലൂടെ ബിസിനസ് കെട്ടിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അരക്കെട്ടുറപ്പിക്കാനും വളരെയധികം സഹായകരമാകും.' ആനന്ദ് പറഞ്ഞു നിര്‍ത്തുന്നു.