മാലിന്യമുക്തം ഈ 2800 വീടുകള്‍

0

നഗരസഭയുടെ എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി ശാസ്തമംഗലത്ത് ജനകീയ കാമ്പയിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായി വീടുവീടാന്തരം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തി നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ കുറിച്ചുളള വിലയിരുത്തല്‍ നടത്തിയിരുന്നു.നിലവില്‍ പൈപ്പ് കമ്പോസ്റ്റിംഗ് സംവിധാനം കാര്യക്ഷമമായി നടക്കുന്ന വീടുകളെയും ഒപ്പം ശരിയായ ശാസ്ത്രീയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന പക്ഷം പൈപ്പ് കമ്പോസ്റ്റിംഗ് രീതി പുനരാരംഭിക്കുവാന്‍ തയ്യാറുള്ള വീടുകളേയും കണ്ടെത്തി, ഏതെങ്കിലും തരത്തിലുള്ള കൃഷിയോ, അടുക്കളതോട്ടമോ ഉള്ളവര്‍ ഒഴികെ മറ്റെല്ലാ വീടുകളിലും ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റിംഗ് സംവിധാനം ഉറപ്പു വരുത്തുന്നതാണ് പദ്ധതി. ഏതെങ്കിലും വീടുകളില്‍ മാലിന്യ സംസ്‌കരണത്തിനുള്ള ഉപാധികള്‍ സ്ഥാപിക്കുവാന്‍ സാഹചര്യമില്ലെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം അത്തരം വീടുകളിലേയ്ക്ക് നഗരസഭ ഒരു സ്മാര്‍ട്ട് കാര്‍ഡ് നല്‍കുകയും അവര്‍ക്ക് നഗരസഭയുടെ പൊതു കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം. അവിടെ ജൈവമാലിന്യങ്ങള്‍ ബക്കറ്റിലോ, പുനരുപയോഗ സാധ്യമായ മറ്റ് ഏതെങ്കിലും പാത്രങ്ങളിലോ എത്തിക്കേണ്ടതാണ്. 

സ്മാര്‍ട്ട് കാര്‍ഡ് ഇല്ലാത്തവരും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നവരും ഒരു നിശ്ചിത ഫീസ് അടയ്ക്കുന്ന പക്ഷം അവര്‍ക്കും പൊതു കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം. പൈപ്പ് കമ്പോസ്റ്റിംഗ് സംവിധാനം നഗരസഭാ പരിധിയിലെ ഒട്ടുമിക്ക വീടുകളിലും നല്‍കിയിരുന്നങ്കെിലും ശരിയായ വിധത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോ പരിമിതികള്‍ പരിഹരിക്കുതിനോ ഉള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. സാഹചര്യം സൃഷ്ടിച്ചിരുന്ന പ്രതിസന്ധി മനസിലാക്കി ഇതിനു പരിഹാരമായി സന്നദ്ധ സംഘടനയായ പെലിക്ക ഫൗണ്ടേഷന്‍ വീടുവീടാന്തരം കമ്പോസ്റ്റിംഗിനുവേണ്ട ശാസ്ത്രീയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. 

 ഇതോടൊപ്പം എല്ലാ വീടുകളില്‍ നിന്നും മാസത്തിലൊരിക്കല്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കളും, മൂന്ന് മാസത്തിലൊരിക്കല്‍ കുപ്പി, ചെരുപ്പ്, ബാഗ് എന്നിവയും ആറുമാസത്തിലൊരിക്കല്‍ ഇലക്‌ട്രോണിക്, ഇ-വേസ്റ്റ് എന്നിവയും ശേഖരിക്കും. ഇതിനായി ഒരു നിശ്ചിത വരിസംഖ്യ വീടുകളില്‍ നിന്നും ഈടാക്കും. ഇതിനായി പരിശീലനം നല്‍കിയ ജോലിക്കാരും സൂപ്പര്‍വൈസര്‍മാരും പ്രവര്‍ത്തനം തുടങ്ങിയതായി പെലിക്ക ഫൗണ്ടേഷന്റെ പ്രവര്‍ത്തകന്‍ നികേഷ് അറിയിച്ചു.കമ്മ്യൂണിറ്റിതലത്തില്‍ വേണ്ട മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ശുചിത്വമിഷന്‍ നല്‍കുമെന്ന് അറിയിച്ചു. കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് 75% ഉം ബയോഗ്യാസ് സംവിധാനങ്ങള്‍ക്ക് 50% ഉം സബ്‌സിഡിയാണ് ശുചിത്വമിഷന്‍ നല്‍കുന്നത്. ഇതിനായി കോര്‍പ്പറേഷന്‍ വഴി നല്‍കുന്ന അപേക്ഷകള്‍ ശുചിത്വമിഷന്‍ അംഗീകാരം നല്‍കി കോര്‍പ്പറേഷന്‍ വഴി നടപ്പാക്കും. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടനകളും, എന്‍.എസ്.എസ് വോളന്റിയര്‍മാരും ജലസേചന വകുപ്പും, റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്.