സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പു വരുത്തണം ഐ.എഫ്.എഫ്.കെ ഓപ്പണ്‍ ഫോറം

0

രാജ്യത്തെ സാംസ്‌കാരികസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പു വരുത്തണമെന്ന് ഐ.എഫ്.എഫ്.കെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 'പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇതിഹാസം, പങ്ക്' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കലയും സാഹിത്യവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ചലച്ചിത്ര അക്കാദമി എല്ലാ പിന്തുണയും നല്‍കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ഏകാധിപത്യ പ്രവണത കാണിക്കാന്‍ സാധ്യത ഏറെയാണെന്ന് സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി ഏകാധിപതി ആയിരുന്നെങ്കിലും സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രൊഫഷണലുകളെ മാത്രമേ നിയമിച്ചിരുന്നുളളൂവെന്നും അദ്ദേഹം പറഞ്ഞു. ഗജേന്ദ്ര ചൗഹാന്‍ വേണ്ടയോഗ്യത ഉളള വ്യക്തിയായിരുന്നെങ്കില്‍ തനിക്ക് ഇത് പ്രശ്‌നമായി തോന്നില്ലായിരുന്നു. വ്യക്തിയുടെ രാഷ്ട്രീയമല്ല, മറിച്ച് അറിവുണ്ടോയെന്നതാണ് പ്രധാനമെന്നും അടൂര്‍ പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് തുടക്കമിട്ടത് ഇന്ദിരാഗാന്ധിയായിരുന്നെന്ന് മോഡേററ്ററായിരുന്ന പ്രമുഖ എഡിറ്റര്‍ ബീനാ പോള്‍ ചൂണ്ടിക്കാട്ടി. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത അനുഭവം അവര്‍ വിവരിച്ചു. ഇത്തരം സ്ഥാപനം വേണ്ടെന്ന അഭിപ്രായമായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അരനൂറ്റാണ്ടായി രാജ്യത്തെ സാംസ്‌കാരിക മണ്ഡലത്തില്‍ ഔന്നിത്യം പുലര്‍ത്തുന്ന സ്ഥാപനത്തില്‍ എന്തു കൊണ്ടിത് സംഭവിച്ചുവെന്നത് ഏവരും ആലോചിക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു. കലയും സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നത് നിരോധിച്ചു കൊണ്ട് നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് പ്രശസ്ത സംവിധായകന്‍ എം എസ.്‌സത്യു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പണം നല്‍കുന്നു എന്നതുകൊണ്ടു മാത്രം സ്ഥാപനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

ആഗോളീകരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ കലാസാംസ്‌കാരിക സ്ഥാപനങ്ങളെസര്‍ക്കാര്‍ നിയന്ത്രിച്ചു തുടങ്ങിയതെന്ന് സംവിധായകന്‍ ഗിരീഷ് കാസറവള്ളി ചൂണ്ടിക്കാണിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ട് എന്തു പ്രയോജനമുണ്ടായെന്ന് സര്‍ക്കാര്‍ചോദിച്ചു തുടങ്ങിയിരിക്കുന്നു. സര്‍ഗാത്മകത വളര്‍ത്തിയെടുക്കുന്ന സ്ഥാപനങ്ങളിലെ പഠനം പരമ്പരാഗത ശൈലിയില്‍ നല്‍കാനാവില്ല. കോഴ്‌സുകള്‍ നീണ്ടു പോകുന്നതും വിദ്യാര്‍ത്ഥികള്‍ അക്കാദമികമായ പരീക്ഷകളില്‍ പങ്കെടുക്കാതിരിക്കുന്നതിനും സര്‍ഗാത്മകമായ കാരണങ്ങള്‍ ഉണ്ടാകും. അതിനാല്‍തന്നെ ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിര്‍ബന്ധ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നത് ഫാഷിസമാണെന്നും കാസറവളളി പറഞ്ഞു. രാജ്യത്തെ സാംസ്‌കാരിക സ്ഥാപനങ്ങല്‍ കടന്നു കയറിയാണ് ബിജെപി സര്‍ക്കാര്‍ അധീശത്വംസ്ഥാപിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എഡിറ്റര്‍ ബി അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയ സ്ഥിതി മാറിയാലേ ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കൂ എന്നും അദ്ദേഹ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന അസഹിഷ്ണുത വിവാദത്തിന്റെതുടക്കം പൂനയില്‍ നിന്നുമായിരുന്നുവെന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനി ഷിനി പറഞ്ഞു. സര്‍ക്കാരിന്റെ മികവിന്റെ കേന്ദ്രങ്ങളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സിവില്‍സര്‍വീസിന്റെ കടന്നു കയറ്റമാണ് ഇത്തരം പ്രശ്‌നങ്ങളുടെതുടക്കമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ഗോവയില്‍ നടക്കാതെ പോയ ചര്‍ച്ച ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചര്‍ച്ചയായി ഉള്‍പ്പെടുത്തിയതിനെ ചര്‍ച്ച നയിച്ചവരും പങ്കെടുത്തവരും ഒരുപോലെ പ്രശംസിച്ചു. ഗോവയില്‍ പൂന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് സംവിധായകന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു.