മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

Sunday March 26, 2017,

3 min Read

കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന പുതിയ ടോള്‍ ഫ്രീ നമ്പറായ 181 മാര്‍ച്ച് 27 തിങ്കള്‍ മുതല്‍ നിലവില്‍ വരും. മിത്ര 181 എന്ന് പേരില്‍ കേരളം നടപ്പാക്കുന്ന വനിതാ ഹെല്‍പ്പ് ലൈന്‍ അന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ആരോഗ്യ- സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ, ദേവസ്വം- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ കെ എസ് സലീഖ തുടങ്ങിയവര്‍ പങ്കെടുക്കും.

image


രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീസുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്ന 181 ടോള്‍ ഫ്രീ നമ്പര്‍ പദ്ധതിയുടെ ഭാഗമാകുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ( കെഎസ്ഡബ്ല്യുഡിസി) ആണ് മിത്ര 181ന്റെ ഏകോപനം നിര്‍വഹിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ സ്ത്രീകളുടെ സംഘം സ്ത്രീകള്‍ക്കു വേണ്ടി ഇരുപത്തിനാല് മണിക്കൂറും സ്ത്രീപക്ഷ സേവനങ്ങള്‍ ഉറപ്പാക്കുന്നു എന്നത് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വലിയ കുതിപ്പ് ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. എപ്പോഴും സഹായ സന്നദ്ധയായ മിത്രമായി മാറുന്നതിലൂടെ 181 എന്ന മൂന്ന് അക്കങ്ങള്‍ കേരളത്തിലെ സ്ത്രീസുരക്ഷയുടെ പ്രതീകമായി മാറാന്‍ പോവുകയാണ്. സംസ്ഥാനത്ത് എവിടെ നിന്നും ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും 181 എന്ന നമ്പറിലേക്ക് സൗജന്യമായി വിളിച്ചു സഹായങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ആ ഒരു വിളിയോടു ശരിയായി പ്രതികരിക്കുന്നതുകൊണ്ടു മാത്രം മിത്ര 181 സംഘത്തിന്റെ സേവനങ്ങളും സഹായങ്ങളും അവസാനിക്കുന്നില്ല. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സുരക്ഷയും സഹായവും ഉറപ്പാകുന്നതുവരെ മതിയായ തുടര്‍ ഇടപെടലുകളും ഉണ്ടാകും. സംസ്ഥാന, ജില്ലാതലങ്ങളിലും നഗരങ്ങളിലുമുള്ള എല്ലാ വനിതാ ഹെല്‍പ്പ് ലൈനുകളും ഘട്ടം ഘട്ടമായി ഇതിലേക്ക് സംയോജിപ്പിക്കും.

അടിയന്തര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും 181 എന്ന ഏക ടോള്‍ ഫ്രീ നമ്പറിലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്ക് വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനം എന്നതാണ് ഈ ഹെല്‍പ്പ് ലൈനിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രികള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയുടെ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരണം. സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരേതര വനിതാ ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും ആവശ്യമെങ്കില്‍ 181 ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കും. അതിന് ആവശ്യമായ ഓണ്‍ലൈന്‍ വിവരശേഖരമാണ് 181 കണ്‍ട്രോള്‍ റൂമിലുള്ളത്. പഴുതില്ലാത്തതും വിപുലവുമായ ഈ വിവര ശേഖരണം ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സര്‍ക്കാര്‍, സര്‍ക്കാരേതര, സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയത്. കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരിശീലനം തുടര്‍ന്നുകൊണ്ടുമിരിക്കും. വിദഗ്ധരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ കൈപ്പുസ്തകം ഉള്‍പ്പെടെയാണ് ഈ പരിശീലനത്തിന് ഉപയോഗിക്കുന്നത്. പരാതികള്‍ക്ക് ഇട നല്‍കാത്ത വിധം ഹെല്‍പ്പ് ലൈന്‍ സ്മ്പൂര്‍ണമായും കാര്യക്ഷമമായിരിക്കും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനം സാങ്കേതികമായി ഏകോപിപ്പിക്കുന്നത് വനിതാ മാനേജര്‍ ആയിരിക്കുമെങ്കിലും സാമൂഹ്യനീതി വകുപ്പിന്റെയും വനിതാ വികസന കോര്‍പറേഷന്റെയും പ്രത്യേക ശ്രദ്ധയും മേല്‍നോട്ടവും തുടരും. സൂപ്രവൈസര്‍, സീനിയര്‍ കോള്‍ റെസ്‌പോണ്ടര്‍, കോള്‍ റെസ്‌പോണ്ടര്‍, ഐടി ഉദ്യോഗസ്ഥ, ബഹുതല സഹായി, സുരക്ഷാ ഉദ്യോഗസ്ഥ തുടങ്ങിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ മിത്ര 181 സംഘവും വിവിധ ഷിഫ്റ്റുകളിലായി ഊര്‍ജ്ജസ്വലരായി കര്‍മരംഗത്തുണ്ടാകും. സഹായമോ വിവരമോ ആവശ്യപ്പെട്ട് 181ല്‍ ബന്ധപ്പെട്ട ഓരോ പെണ്‍കുട്ടിക്കും, സ്ത്രീക്കും വ്യക്തവും ഫലപ്രദവുമായ പ്രതികരണം കണ്‍ട്രോള്‍ റൂം മാനേജര്‍ ഉറപ്പാക്കും. അടിയന്തര ഘട്ടങ്ങളില്‍ നേരിട്ട് ഇടപെട്ടും സര്‍ക്കാരിന്റെ മറ്റ് ഏജന്‍സികളുമായി ചേര്‍ന്നും സ്ത്രീസുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ഹെല്‍പ്പ് ലൈന്‍ മുഖേനയുള്ള ഇടപെടലിനും നിരീക്ഷണത്തിനും മറ്റുമായി പുറത്തേക്കു പോകുന്ന ഓരോ ഫോണ്‍ വിളികളും ഉത്തരവാദിത്തത്തോടെയായിരിക്കും നിര്‍വഹിക്കുക. ഓരോ കേസും പ്രത്യേകമായ നിരീക്ഷണത്തിനും അവലോകനത്തിനും വിധേയമായിരിക്കും. അതുവഴി ഫലപ്രദമായ പര്യവസാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പരാതിക്കാരിക്കു വേണ്ടി ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്താനുള്ള പ്രതിബദ്ധതയും മിത്ര 181ന്റെ പ്രത്യേകതയാണ്.സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കുന്ന അതിവേഗ നടപടികളാണ് മിത്ര 181- ഹെല്‍പ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉണ്ടായത്. തുടര്‍ പ്രവര്‍ത്തനങ്ങളിലും ഈ വേഗതയും ജാഗ്രതയും കേരളത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉറപ്പു നല്‍കുന്നു.