പണ്ഡിറ്റ് ജസ്‌രാജ്; പോരാട്ടങ്ങളില്‍ നിന്ന് ഉയിര്‍കൊണ്ട ഹിന്ദുസ്ഥാനി രാഗം

0

വ്യക്തികളുടെ വിജയഗാഥകള്‍ പലതും നീണ്ട പോരാട്ടങ്ങളുടേതു കൂടിയാണ്. പോരാട്ടത്തിന്റെ ഇത്തരം അറിയാക്കഥകള്‍ പലപ്പോഴും അവരുടെ മനസിലൊതുങ്ങുകയോ ജീവിതവിജയത്തിന്റെ അടരുകളില്‍ മറഞ്ഞു നില്‍ക്കുകയോ ആണുണ്ടാവുക. എന്നെങ്കിലും മനസു തുറക്കുമ്പോഴാകും സംഘര്‍ഷങ്ങളുടെ ഇത്തരം കഥകള്‍ പുറം ലോകമറിയുക. ഹിന്ദുസ്ഥാനി സംഗീത വിഹായസിലെ സൂര്യതേജസായി വിളങ്ങുന്ന സംഗീത സാമ്രാട്ട് പണ്ഡിറ്റ് ജസ്‌രാജും ഇത്തരത്തില്‍ മനസില്‍ തുറക്കാത്ത ഒരു അറ സൂക്ഷിക്കുന്നുണ്ട്. ലോകത്തെവിടെ ആയിരുന്നാലും നവംബര്‍ അവസാനവാരം അദ്ദേഹം ഹൈദ്രാബാദിലെ അച്ഛന്റെ സമാധിയിലെത്തും. അച്ഛനിലൂടെ പകര്‍ന്നു കിട്ടിയ സംഗീത സ്മൃതികളുമായി അദ്ദേഹം സ്മൃതി മണ്ഡപത്തില്‍ മണിക്കൂറുകള്‍ ചിലവഴിക്കും. ഇതിനു പിന്നില്‍ ആരോടും പങ്കു വെക്കാത്ത ചില ഓര്‍മ്മകളുണ്ട്. ഹൈദ്രാബാദിലെ അംബര്‍പെട്ടിയിലെ അച്ഛന്റെ സമാധിക്കരികെ യുവര്‍ സ്റ്റോറിയുടെ മാനേജിംഗ് എഡിറ്റര്‍ അരവിന്ദ് യാദവുമായി നടത്തിയ സൗഹൃദ സംഭാഷണത്തില്‍ ജസ് രാജ് തന്റെ മനസു തുറക്കുന്നു.

അച്ഛന്റെ സ്മൃതി മണ്ഡപത്തിനരികെ നില്‍ക്കുമ്പോള്‍ ജസ് രാജ് അച്ഛന്‍ നഷ്ടപ്പെട്ട ഒരു അഞ്ചു വയസുകാരന്റെ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോകും. അഞ്ചു വയസുള്ളപ്പോഴാണ് ജസ്‌രാജിന് തന്റെ അച്ഛന്‍ നഷ്ടപ്പെടുന്നത്. ചെറു പ്രായത്തില്‍ തന്നെ എന്നന്നേക്കുമായി അച്ഛന്‍ നഷ്ടപ്പെടുന്ന വേദന എത്ര ആഴത്തിലുള്ളതാണെന്ന് അത് അനുഭവിച്ചവര്‍ക്കേ അറിയൂ. അവിടെ നിന്നാണ് തന്റെ പോരാട്ടത്തിന്റെ തുടക്കവുമെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. തന്റെ വലിയ ജീവിത വിജയത്തിന്റെ രഹസ്യം ഒരു പക്ഷേ ഇന്നും ഓരോ നിമിഷവും പിന്തുടരുന്ന ഇത്തരം ജീവിത സംഘര്‍ഷങ്ങളുടേത് കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നു. അച്ഛന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ അമ്മയായി ജസ് രാജിന്റെ കൂട്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കകം അമ്മയെ ക്യാന്‍സര്‍ രോഗം പിടികൂടിയതതോടെ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലെത്തി. 1950കളില്‍ ക്യാന്‍സര്‍ പിടിപെട്ടാലുള്ള സ്ഥിതി ചിന്തിക്കാവുന്നതിനുമപ്പുറമാണ്. 

കല്‍ക്കത്തയുടെ തെരുവുകളില്‍ അമ്മക്ക് ക്യാന്‍സറിനായുള്ള മരുന്നിനായി അലയുന്ന ചിത്രം യുവാവായ ജസ് രാജിന്റെ മനസില്‍ ഇന്നും വേദനയോടെ തങ്ങി നില്‍ക്കുന്നു. മരുന്നിനുള്ള ഡോക്ടറുടെ കുറിപ്പടിയുമായി പല മെഡിക്കല്‍ കടകളിലും കയറിയിറങ്ങി തെക്കന്‍ കല്‍ക്കത്തയില്‍ നിന്നും നടന്ന് മധ്യ കല്‍ക്കത്തയിലെത്തി. ഒടുവില്‍ ഒരിടത്തു നിന്ന് മരുന്ന് ലഭിച്ചു. എന്നാല്‍ മരുന്ന് ലഭിച്ചപ്പോള്‍ അതിനാവശ്യമായ കാശ് കൈവശമില്ലാത്ത അവസ്ഥ. അത്രയേറെയായിരുന്ന ആ മരുന്നിന്റെ വില. ഉണ്ടായിരുന്നതു കൊടുത്ത് ബാക്കി പിന്നീട് തരാമെന്നു പറഞ്ഞു. ' മരുന്നു കടയില്‍ ആരെങ്കിലും കടം പറയുമോ' എന്ന സെയില്‍സ്മാന്റെ മറുചോദ്യം കേട്ട് നിസഹായനും, അപമാനിതനുമായി തലതാഴ്ത്തവേ, ആരോ തന്റെ തോളത്ത് കൈവെച്ചു. എന്നിട്ട് അയാള്‍ ആ സെയില്‍സ്മാനോട് പറഞ്ഞു 'ഉള്ളതു വാങ്ങി മരുന്നു നല്‍കൂ, ബാക്കി എന്റെ അക്കൗണ്ടിലെഴുതൂ.' ജസ് രാജ് തലയുയര്‍ത്തി അയാളുടെ മുഖത്തേക്ക് നോക്കി. അയാള്‍ക്ക് എന്നെ എങ്ങനെ അറിയാമെന്ന കാര്യം എനിക്കറിയില്ലായിരുന്നു. നിസഹായനായ ഒരു ചെറുപ്പക്കാരന്റെ മനസ് കണ്ട ആ മനുഷ്യന്‍ ആ മെഡിക്കല്‍ ഷോപ്പിന്റെ ഉടമസ്ഥന്‍ തന്നെയായിരുന്നു.

സംഘര്‍ഷത്തിനും പോരാട്ടത്തിനുമൊപ്പം ജീവിതത്തില്‍ ഈശ്വരന്റെ കൃപയും അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പോരാട്ടങ്ങളില്‍ തുണയായി എന്നും ഒപ്പമുണ്ടാവുക ആ പരമകാരുണികന്‍ തന്നെയാവുമെന്ന് ജസ് രാജിനുറപ്പാണ്. അനേകര്‍ക്ക് വഴികാട്ടിയായ പണ്ഡിറ്റിന്റെ ജീവിത കഥകള്‍ ഇതിനു തെളിവാണ്. ഒരു കഥ അദ്ദേഹം പറഞ്ഞതിങ്ങനെ.. 'മരുന്നിന്റെ കാര്യം ശരിയായപ്പോള്‍ ദിവസവും രണ്ടു നേരം ഇന്‍ജക്ഷന്‍ വേണമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഓരോ വിസിററിനും ഫീസായി 15 രൂപ നിരക്കില്‍ ദിവസവും 30 രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടു. പ്രയാസമെങ്കിലും അമ്മയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ സമ്മതിച്ചു. പോകുന്ന നേരത്ത് ഡോക്ടറോട് അന്നു വൈകുന്നേരം താന്‍ ആകാശവാണിയില്‍ പാടുന്നുണ്ടെന്നും അത് കേള്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ തനിക്ക് പാട്ടില്‍ താത്പര്യമില്ലെന്നും അനന്തരവളുടെ അടുത്ത് വിരുന്നിനായി പോകേണ്ടതുണ്ടെന്ന ഡോക്ടറുടെ മറുപടി എന്നെ നിരാശപ്പെടുത്തി. എന്നാല്‍ അടുത്ത ദിവസം എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു-'അനന്തിരവളുടെ വീട്ടില്‍ വെച്ച് ഞാന്‍ താങ്കളുടെ പാട്ടു കേട്ടു. ഇതു പാടുന്നയാള്‍ സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഒരാളാണെന്ന് അവള്‍ എന്നോട് പറഞ്ഞു.' പില്‍ക്കാലത്ത് ഗീതാദത്തെന്ന പേരില്‍ പ്രസിദ്ധയായ ഗീതാറായ് ആയിരുന്നു അദ്ദേഹത്തിന്റെ അനന്തിരവള്‍. അന്നു മുതല്‍ രണ്ടു രൂപ നിരക്കില്‍ ഓരോ വിസിറ്റിംഗും അദ്ദേഹം അനുവദിച്ചു തന്നു. ഇങ്ങനെ കഷ്ടപ്പാടിന്റെ ദിനങ്ങളിലെന്നും ഈശ്വര കടാഷം എന്റെയൊപ്പമുണ്ടായിരുന്നു. പോരാട്ടങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് വിശ്വസിക്കുമ്പോഴും അഹങ്കരിക്കാതിരിക്കണമെന്ന് പണ്ഡിറ്റ് ജസ് രാജ് ഓര്‍മ്മിപ്പിക്കുന്നു. അഹങ്കാരം വ്യക്തിയുടെ പതനത്തിന് വഴിവെക്കുമെന്നും പോരാട്ടവീര്യം കുറക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അദ്ദേഹത്തിന്റെ കുട്ടികാലത്തെ കുറച്ചു ദിനങ്ങള്‍ ഹൈദ്രാബാദിലെ തെരുവോരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ്. ഗോലിഗുഡാ ചമന്‍, നാമപ്പള്ളി, എന്നീയിടങ്ങളാണ് ജസ് രാജിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്നത്. സ്‌കൂളിലേക്കു പോന്ന വഴി ബീഗം അക്തറിന്റെ ' ദീവാന ബനാനാ ഹെ തൊ ദീവാനാ ബനാ ദേ, വര്‍നാ, കഹീം തക്ദീര്‍ തമാശാ ന ബനാ ദേ എന്ന ഗസല്‍ ഒരു ഹോട്ടലില്‍ നിന്ന് ഒഴുകി വന്നപ്പോള്‍ എല്ലാം മറന്ന് ഹോട്ടലിന്റെ മുന്നില്‍ നിന്ന് ആ ഗസല്‍ മൊത്തം കേട്ടത് ഇന്നും ഓര്‍മ്മയില്‍ സജീവമായി നില്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച ഗസലും ഇതായിരുന്നു. തുടര്‍ന്ന് അദ്ദേഹം തബല വാദനത്തിലേക്ക് കടന്നു. എന്നാല്‍ അപ്പോഴും അദ്ദേഹം കൊതിച്ചത് വര്‍ഷങ്ങള്‍ക്കു ശേഷം ലാഹോറിലെ ഗാനവേദികള്‍ കീഴടക്കുന്ന ഗായകനാകണമെന്നായിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ പോരാട്ടവും അതിനുവേണ്ടിയായിരുന്നു. തളരാതെ പരിശ്രമിക്കാനുള്ള തന്റെയീ മനസാണ് നീണ്ട ജീവിത യാത്രയിലെ ഏറ്റവും വലിയ പ്രേരണയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പാടാന്‍ കഴിവുണ്ടെങ്കില്‍, പഠിച്ചു കൊണ്ടേയിരിക്കുക, നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക. ഈശ്വര സാക്ഷാത്കാരത്തിനായി കാത്തിരിക്കുക. ഇതാണ് അദ്ദേഹത്തിന്റെ ജീവിതമന്ത്രം.