സാക്ഷരതയില്‍ കേരളം ലോകത്തിന് പ്രചോദനം, വഴികാട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി

സാക്ഷരതയില്‍ കേരളം ലോകത്തിന് പ്രചോദനം, വഴികാട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി

Wednesday June 21, 2017,

1 min Read

സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിനാകെ പ്രചോദനവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വായനദിന-മാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

image


നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ ജില്ല കേരളത്തിലാണ്. ഈ നേട്ടം കൈവരിച്ച ആദ്യ സംസ്ഥാനവുമാണിത്. നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നടപ്പായ ആദ്യ സംസ്ഥാനവും കേരളമാണ്. ഈ നേട്ടം സര്‍ക്കാരിനെക്കൊണ്ട് മാത്രം കൈവരിക്കാനാവില്ല. കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തില്‍ സ്‌കൂളുകളും ലൈബ്രറികളും സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളും മുഖ്യപങ്കുവഹിച്ചു. ജനകീയ പങ്കാളിത്തമുള്ള മുന്നേറ്റമാണ് സാക്ഷരത യജ്ഞത്തില്‍ കണ്ടത്. ഗ്രന്ഥശാലകളുടെ ശൃംഖല സൃഷ്ടിച്ചത് പി.എന്‍. പണിക്കരാണ്. 1945ല്‍ ഗ്രന്ഥശാലാ സംഘം രൂപീകരിച്ച് 47 ഗ്രാമീണ ഗ്രന്ഥശാലകളുമായാണ് അദ്ദേഹം ഇതിനു തുടക്കം കുറിച്ചത്. വായനയും അറിവുനേടലും ജോലിക്കായി മാത്രമാവരുത്. അത് സമൂഹത്തിനും രാഷ്ട്രത്തിനും ഉപകാരപ്പെടണം. ഒരു സ്ത്രീയെ വിദ്യാസമ്പന്നയാക്കിയാല്‍ രണ്ടു കുടുംബങ്ങളെ അവര്‍ പഠിപ്പിക്കുമെന്നൊരു ചൊല്ലുണ്ട്. സ്ത്രീ വിദ്യാഭ്യാസ വളര്‍ച്ചയിലും കേരളം മികച്ച ഉദാഹരണമാണ്. 2022 ഓടെ പാവപ്പെട്ട 300 ദശലക്ഷം പേരെ വായനയിലേക്ക് നയിക്കുന്ന വലിയൊരു ദൗത്യം ആരംഭിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ അടക്കമുള്ള സാക്ഷരത ദൗത്യം സാമൂഹിക-സാമ്പത്തിക മാറ്റത്തിന് വഴിതെളിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. വായനമാസാചരണത്തിന്റെ പോസ്റ്ററും യോഗ പൈതൃകം സുവനീറും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷ്യത വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, എം.പി.മാരായ കെ.വി. തോമസ്, സുരേഷ് ഗോപി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്‍. ബാലഗോപാല്‍, കുമ്മനം രാജശേഖരന്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. പുസ്തകം നല്‍കയാണ് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചത്. രാവിലെ 12.39നാണ് പ്രധാനമന്ത്രി സെന്റ് തെരേസാസിലെത്തിയത്. പത്തു മിനിറ്റു നീണ്ട പ്രസംഗത്തിനുശേഷം 1.05ന് വേദിവിട്ടു. 21 സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന മാസാചരണത്തില്‍ ഡിജിറ്റല്‍ വായനയിലൂടെയുള്ള ശാക്തീകരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.