അര്‍പ്പണ ബോധത്തിന്റെ വിജയവുമായി മുസ്തഫ  

3

കഠിനാധ്വാനവും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടെയും എത്താമെന്ന് തെളിയിക്കുകയാണ് മുസ്തഫ. ദോശമാവ് കൊണ്ട് കോടീശ്വരനായി നമ്മെയെല്ലാം അതിശയിപ്പിച്ച ഈ ചെറുപ്പക്കാരന്‍ യുവസംരംഭകര്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. ID fresh food ന്റെ CEO പദവിയിലേക്കുള്ള യാത്ര കയറ്റവും ഇറക്കവും നിറഞ്ഞതായിരുന്നു. 10 കവര്‍ ഇഡ്ഡലി മാവില്‍ നിന്ന് 50,000 കി.ഗ്രാം നിത്യവും ഉത്പാദിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല.

കൂലിപ്പണിക്കാരനായ അഹമ്മദിന്റേയും ഫാത്തിമയുടേയും മകനായി ജനിച്ച മുസ്തഫ തന്റെ ജീവിതം വയനാട്ടിലെ ചെന്നല്ലോട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ ഒതുക്കാന്‍ തയ്യാറായില്ല. ചിറകു വിടര്‍ത്തി പറക്കാന്‍ മുസ്തഫയ്ക്ക് കഴിഞ്ഞു. ആറാം ക്ലാസില്‍ തോറ്റ കുട്ടിയെ അച്ഛന്‍ പഠിക്കാന്‍ വിടണ്ട എന്ന് തീരുമാനിച്ചപ്പോള്‍ അന്ന് പഠനത്തില്‍ ഒട്ടും താത്പര്യമില്ലാത്ത മുസ്തഫയ്ക്ക് സന്തോഷമാണുണ്ടായത്. അച്ഛന്റെ കൂടെ ജോലിയ്ക്ക് പോകാനായിരുന്നു അന്ന് അവന് താത്പര്യം. എന്നാല്‍ കണക്കില്‍ മിടുക്ക് കാണിച്ച കുട്ടിയെ തള്ളിക്കളയാന്‍ കണക്ക് മാഷ് തയ്യാറായില്ല. കുട്ടിയെ തുടര്‍ന്ന് പഠിപ്പിക്കണമെന്ന ആവശ്യവുമായി മാത്യൂസ് സാര്‍ അഹമ്മദിനെ സമീപിച്ചു. എന്നിട്ട് മുസ്തഫയോട് അച്ഛനെപ്പോലെ ഒരു കൂലിപ്പണിക്കാരനാകണോ അതോ തന്നെപ്പോലെ ഒരു അദ്ധ്യാപകനാകണോ എന്ന കണക്ക് മാഷിന്റെ ചോദ്യമാണ് മുസ്തഫയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

ആറാം ക്ലാസിലെ പുനഃപ്രവേശനം മനസ്സില്‍ ഒരു ദൃഢനിശ്ചയമെടുത്തു കൊണ്ടായിരുന്നു. മാത്യൂസ് സാറിനെ പോലൊരു അദ്ധ്യാപകനാകണമെന്ന ലക്ഷ്യബോധം പത്താംക്ലാസ്സില്‍ സ്‌കൂളിലെ തന്നെ ഒന്നാമതാകാന്‍ അവന്‌ പ്രേരണയായി. അര്‍പ്പണബോധത്തോടെ ചെയ്യുന്നതെന്തും വിജയത്തിലെത്തുമെന്ന് കാട്ടിത്തന്നിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. വൈദ്യുതിയോ നല്ല റോഡോ കോളേജോ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്തൊരു ഗ്രാമമായിരുന്നതുകൊണ്ടു തന്നെ തുടര്‍ന്നുള്ള പഠനം ഗ്രാമത്തില്‍ അസംഭവ്യമായിരുന്നു. കോഴിക്കോട്ടുള്ള ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടിയെങ്കിലും തന്റെ കുടുംബത്തിന് അതിനുള്ള കഴിവുണ്ടായിരുന്നില്ല. ഒരു കാര്യം ചെയ്യണമെന്നുറപ്പിച്ചാല്‍ ആരാലും തടയാന്‍ കഴിയില്ല. കോളേജിന്റെ ദയാവായ്പില്‍ മുസ്തഫ പഠനം പൂര്‍ത്തിയാക്കി.

അദ്ധ്യാപന രംഗത്ത് ഒരു പൊന്‍തൂവലാകാന്‍ മുസ്തഫയ്ക്ക് കഴിഞ്ഞില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യില്‍ നിന്ന് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ മുസ്തഫയ്ക്ക് ഏറെ നാളൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ബാംഗ്ലൂര്‍ Motorola യില്‍ ജോലി കിട്ടാന്‍ ഒരു പ്രോജക്ടിനായി യു കെയിലും അദ്ദേഹം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ അധികകാലം അവിടെ തുടരാന്‍ അദ്ദേഹത്തിന് താത്പര്യം തോന്നിയില്ല. അങ്ങനെ മലയാളികളുടെ സ്വന്തം നാട് എന്ന് വേണമെങ്കില്‍ പറയാവുന്ന ഗള്‍ഫിലേക്ക് അദ്ദേഹം ചേക്കേറുന്നത്. സിറ്റി ബാങ്ക്‌സ് ടെക്‌നോളജിയില്‍ ഏഴ് വര്‍ഷത്തോളം മുസ്തഫ സേവനമനുഷ്ഠിച്ചപ്പോള്‍ കയ്യിലെത്തിയത് ലക്ഷങ്ങളായിരുന്നു. അച്ഛന് ആദ്യമായി ഒരു ലക്ഷം രൂപ അയച്ചുകൊടുത്തപ്പോള്‍ സന്തോഷം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞത്‌ ഇപ്പോഴും ഓര്‍ക്കുന്നു. നാട്ടില്‍ വീട് വെയ്ക്കാനും സഹോദരിമാരെ ഉയര്‍ന്ന രീതിയില്‍ പഠിപ്പിക്കാനും മുസ്തഫയ്ക്ക് കഴിഞ്ഞു. വിവാഹവും കഴിഞ്ഞു. എന്നാല്‍ മുസ്തഫയുടെ മനസ്സ് എപ്പോഴും നാട്ടിലായിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹം തുടര്‍പഠനം നടത്തണമെന്ന ലക്ഷ്യബോധവും ജോലി ഉപേക്ഷിച്ച് നാട്ടിലെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ജോലി ഉപേക്ഷിക്കുക എന്ന വലിയ തീരുമാനം എടുത്തപ്പോള്‍ വീട്ടുകാരില്‍ അത് അല്പം നീരസമുണ്ടാക്കി.

ഇന്ത്യയിലേക്ക് തിരിച്ചു വന്ന ശേഷം ബാംഗ്ലൂരില്‍ അദ്ദേഹം എം.ബി.എ പഠനം തുടര്‍ന്നു. ID fresh foods എന്ന ആശയം മനസ്സിലേക്ക് ചേക്കേറുന്നത് ഈ സമയത്താണ്. കസിനായ നസീറിന് ബാംഗ്ലൂരില്‍ ഒരു പലചരക്ക് കടയുണ്ടായിരുന്നു. ഒഴിവു സമയങ്ങള്‍ അവിടെ ചിലവഴിച്ചിരുന്നു മുസ്തഫ. മറ്റൊരു കസിനായ ശംസുദീന്‍ അവിടെ വച്ചാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. ദോശമാവിന്റെ കച്ചവടം ഒട്ടും നിലവാരമില്ലാത്തതായിരുന്നിട്ടും പ്ലാസ്റ്റിക് കവറില്‍ എത്തിയിരുന്ന ഈ മാവിന്റെ ഡിമാന്റ് അവരെ അതിശയപ്പെടുത്തി. അതായിരുന്നു ID fresh foods ന്റെ പിറവിയുടെ കാരണം. മുതല്‍മുടക്കായി 25000 രൂപ മുസ്തഫ നിക്ഷേപിച്ചു. അഞ്ച് കസിന്‍സായ നസീര്‍, ശംസുദീന്‍, ജാഫര്‍, നൗഷാദ് മുസ്തഫയും ചേര്‍ന്ന് സ്വപ്ന സംരംഭത്തിന് ജീവന്‍ നല്‍കി. 50 ശതമാനം മുസ്തഫയ്ക്കും ബാക്കിവരുന്ന 50 ശതമാനം കസിന്‍സുമായി തുടങ്ങിയ പാര്‍ട്ട്‌നര്‍ഷിപ്പ് സംരംഭമായിരുന്നു ID fresh foods .

ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്ത് 2 ഗ്രെയ്ന്ററും ഒരു മിക്‌സിയും ഒരു സീലിങ്ങ് മെഷീനും ഉപയോഗിച്ചായിരുന്നു തുടക്കം. പത്ത് പാക്കറ്റായിരുന്നു ആദ്യത്തെ ദിവസങ്ങളില്‍ ഉണ്ടാക്കിയിരുന്നത്. പുതിയ കമ്പനി ആയതുകൊണ്ടു തന്നെ കടക്കാര്‍ മാവ് വാങ്ങാന്‍ ആദ്യമൊക്കെ വിസമ്മതിച്ചു. എന്നാല്‍ വിറ്റതിനു ശേഷം കാശ് തന്നാല്‍ മതി എന്ന നിബന്ധനയില്‍ മാവ് വാങ്ങുകയും പിന്നീട് ആളുകള്‍ ഈ മാവ് തന്നെ ചോദിച്ച് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ കടക്കാര്‍ ID fresh foods ചോദിച്ച് വാങ്ങിത്തുടങ്ങി. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ദിവസം 10 പാക്കറ്റ് എന്ന നിലയില്‍ നിന്ന് ഒമ്പത് മാസത്തിനുള്ളില്‍ അത് നൂറായി ഉയര്‍ന്നു. വീണ്ടും 6 ലക്ഷം രൂപ കൂടി നിക്ഷേപിക്കാന്‍ മുസ്തഫ തീരുമാനിച്ചു. കുറച്ചുകൂടി വലിയ ഒരു മുറി എടുക്കുകയും മെഷീന്‍സിന്റെ എണ്ണം കൂട്ടുകയും ചെയ്തു. അങ്ങനെ ദിവസം 2000 പായ്ക്കറ്റ് ഉത്പാദിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

2007 ല്‍ എം.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശേഷം തന്റെ മുഴുവന്‍ സമയവും ID fresh foods ന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ തീരുമാനിക്കുകയും കമ്പനിയുടെ CEO ആയി ദിവസേന 3500 കി.ഗ്രം എന്ന നിലയില്‍ 2 വര്‍ഷത്തിനുള്ളില്‍ ഉത്പാദനം കൂട്ടാന്‍ അവര്‍ക്ക് സാധിച്ചു. ദിവസേന ID fresh foods വളര്‍ന്നു കൊണ്ടിരുന്നു. വളര്‍ച്ചയില്‍ സന്തോഷം തോന്നിയ മുസ്തഫ വീണ്ടും 40 ലക്ഷം രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. ഇഡ്ഡലി മാവിന് പുറമേ ഇന്ന് ചപ്പാത്തി, പറോട്ട വിവിധതരം chutney കളും ഉത്പാദിപ്പിക്കുന്നുണ്ട്.

ബാംഗ്ലൂരിലെ കടകളില്‍ കൊണ്ട് നടന്ന് വിറ്റിരുന്ന ഇഡ്ഡലി മാവ് ഇന്ന് ചെന്നൈ, മൈസൂര്‍, മുബൈ, ഹൈദ്രാബാദ്, ഷാര്‍ജയിലൊക്കെ തന്നെ തന്റെ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. പത്ത് പാക്കറ്റില്‍ തുടങ്ങി ഇന്ന് 50,000 കി.ഗ്രാം ല്‍ എത്തി നില്‍ക്കുന്നു അവര്‍.

കൂലിപ്പണിക്കാരനായ അച്ഛന്റെ മകന്‍ ഇന്ന് 100 കോടി turn over ഉള്ള ഒരു കമ്പനിയുടെ ഉടമയാണ്. 1100 തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കാനും അവര്‍ക്ക് സാധിച്ചു. നാട്ടിലേക്ക് വരുമ്പോള്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെപ്പോലെ തന്റെ ഗ്രാമത്തിലുള്ളവരുടേയും വികസനം അദ്ദേഹം സ്വപ്നം കണ്ടു. അതുകൊണ്ടു തന്നെ ID fresh foods തുടങ്ങിയപ്പോള്‍ ഗ്രാമപ്രദേശത്ത് താമസിക്കുന്ന ചുണകുട്ടന്മാരെ കണ്ടെത്തി ജോലി നല്‍കിയപ്പോള്‍ അത് മറ്റൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇന്നും ഗ്രാമവാസികളായ ചെറുപ്പക്കാര്‍ക്ക് ID fresh foods ന്റെ വാതിലുകള്‍ തുറന്ന്‌ കിടക്കുകയാണ്. മാസം 40,000 രൂപയിലേറെ തങ്ങളുടെ കുടൂംബങ്ങളിലേക്ക് എത്തിക്കുവാന്‍ ഈ യുവാക്കള്‍ക്ക് കഴിയുന്നു.

ഉറച്ച വിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് അദ്ദേഹത്തെ ഇവിടെ വരെ എത്തിച്ചത്. ശരിയായ സ്ഥലത്ത് ശരിയായ വസ്തു കച്ചവടം ചെയ്യാന്‍ കഴിഞ്ഞതായിരുന്നു മുസ്തഫയുടെ വിജയ രഹസ്യം. വീട്ടമ്മമാര്‍ക്ക് ഏറ്റവും ആവശ്യപ്രദമായ ഒരു ഉത്പന്നം ഉന്നത നിലവാരത്തില്‍ ഒരു മായവും ചേര്‍ക്കാതെ എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വീണ്ടും അവര്‍ ഇത് തേടി എത്തി. സ്വയം സംരംഭകനാകണമെന്ന ആഗ്രഹത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് കസിനായ നസീറായിരുന്നു. കസിന്‍സിന്റെ കൂടി സേവനമാണ് ID fresh foods നെ 100 കോടിയിലേക്ക് എത്തിച്ചത്.

ആറാം ക്ലാസ്സ് വരെ പഠിച്ച് ഒരുപക്ഷേ കൂലിപ്പണിക്കാരനാകേണ്ടിയിരുന്ന തനിക്ക് ഇവിടെ വരെ എത്താമെങ്കില്‍ നമ്മള്‍ ഓരോരുത്തരും അല്പമൊന്ന് അധ്യാനിച്ചാല്‍ Sky is the limit എന്ന് കാണിച്ച് തരുകയാണ് ഈ ചെറുപ്പക്കാരന്‍. മനസ്സില്‍ തോന്നുന്ന കാര്യം ഉടന്‍ ചെയ്യണമെന്നും പിന്നീടെന്ന്‌ പറഞ്ഞ് മാറ്റി വെയ്ക്കരുതെന്നും മുസ്തഫ പറയുന്നു. ചിറക് വിടര്‍ത്തി പറക്കുന്ന ഈ പറവയ്ക്ക് എല്ലാവിധ ആശംസകളും.