മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് കൈമാറുന്നു

മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് കൈമാറുന്നു

Monday November 07, 2016,

1 min Read

കുറ്റാന്വേഷണവും ക്രമസമാധാനപാലനവും കാര്യക്ഷമമാക്കല്‍ ലക്ഷ്യമിട്ട് മുഴുവന്‍ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സിഐമാര്‍ക്ക് കൈമാറുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ (എസ്എച്ച്ഒ) ചുമതലയില്‍നിന്ന് എസ്ഐമാരെ മാറ്റി പകരം സിഐമാരെ നിയമിക്കാന്‍ നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസിലെ 193 സിഐമാരെയാകും എസ്എച്ച്ഒമാരാക്കുക. 

image


രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 200 പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടര്‍ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം വഴി എസ്എച്ച്ഒ നിയമനം നടത്തും. കേരള പൊലീസില്‍ വിപ്ളവകരമായ പരിഷ്കാരം വരുത്തുന്ന ഈ പദ്ധതിയുടെ ഫയല്‍ അടുത്ത ദിവസംതന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തരവകുപ്പിന് കൈമാറും.പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി സിഐമാരെ നിയമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ദേശീയ പൊലീസ് കമീഷനും സുപ്രീംകോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കെ ടി തോമസ് കമീഷന്‍ റിപ്പോര്‍ട്ടിലും എസ്എച്ച്ഒയായി സിഐമാരെ നിയമിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കിള്‍ ഓഫീസുകള്‍ ഇല്ലാതാകും. ഇതോടെ സ്റ്റേഷനുകള്‍ ഡിവൈഎസ്പിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. സംസ്ഥാനത്ത് 519 പൊലീസ് സ്റ്റേഷനാണുള്ളത്. ഇതില്‍ തിരുവനന്തപുരം ഫോര്‍ട്ട്, പമ്പ, കൊച്ചി ഇന്‍ഫോപാര്‍ക്ക്, റാന്നി, പത്തനംതിട്ട, കണ്ണൂര്‍ ടൌണ്‍ ഉള്‍പ്പെടെ 11 സ്റ്റേഷനില്‍ നിലവില്‍ സിഐമാരാണ് എസ്എച്ച്ഒ. ലോക്കലില്‍ 194 ഇന്‍സ്പെക്ടര്‍മാരാണ് സര്‍ക്കിള്‍ ചുമതലയിലുള്ളത്. ആദ്യ ഘട്ടത്തില്‍ ഇവരെ അതതിടത്തെ പ്രധാന സ്റ്റേഷനുകളില്‍ എസ്എച്ച്ഒ ആക്കും. ഇതിനുപിന്നാലെ 200 സ്റ്റേഷനില്‍ പുതിയ സിഐ തസ്തിക സൃഷ്ടച്ച് സ്ഥാനക്കയറ്റംവഴി എസ്എച്ച്ഒമാരാക്കണമെന്ന നിര്‍ദേശവും ആഭ്യന്തരവകുപ്പിന് സമര്‍പ്പിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ എസ്ഐ, എഎസ്ഐ എന്നിവരുടെ സ്ഥാനക്കയറ്റത്തിന് വിഘാതമുണ്ടാകില്ല.സിഐമാര്‍ എസ്എച്ച്ഒമാരാകുന്നതോടെ ക്രമസമാധാനപാലനും കുറ്റാന്വേഷണവും രണ്ട് എസ്ഐമാരുടെ കീഴിലായി രണ്ട് വിഭാഗമാകും. മാത്രമല്ല, സിഐ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ സ്റ്റേഷന്‍പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. മിക്ക പൊലീസ് സ്റ്റേഷനിലും ഡയറക്ട്, ഗ്രേഡ്, സൂപ്പര്‍ ന്യൂമറി വിഭാഗങ്ങളിലായി ഒന്നിലേറെ എസ്ഐമാരുണ്ട്. ഇവര്‍ക്ക് വിവിധ ചുമതലകള്‍ നല്‍കി കോ– ഓര്‍ഡിനേറ്റ് ചെയ്യാനും സിഐമാര്‍ക്കാകും. പ്രധാന കേസുകളില്‍ സിഐമാര്‍ക്ക് അന്വേഷണം നടത്താനുമാകും.

    Share on
    close