വരൂന്നൂ..ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഇനി സ്വിമ്മിംഗ് പൂളും..

0


കായിക പരിശീലനത്തിനൊപ്പം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഇനിമുതല്‍ നീന്തല്‍ പരിശീലനവും. ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സ്വിമ്മിംഗ് പൂള്‍ കൂടി നിര്‍മിക്കാനാണ് തീരുമാനം. നിലവിലെ സ്‌ക്വാഷ് സ്റ്റേഡിയത്തിന് സമീപത്തായാണ് പുതിയ സ്വിമ്മിംഗ് പൂള്‍ വരുന്നത്. 1.5 കോടി രൂപയാണ് കുളത്തിന് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

കുളം നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15 വരെയാണ്. കായിക വകുപ്പിന് കീഴിലുള്ള സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായാണ് ഒന്നരക്കോടി രൂപ ചെലവില്‍ 25 മീറ്റര്‍ നീളമുള്ള നീന്തല്‍ക്കുളം നിര്‍മിക്കുന്നത് 25* 12.5 മീറ്റര്‍ വലിപ്പത്തിലും 1.2*2.4 മീറ്റര്‍ ആഴത്തിലുമാണ് കുളം നിര്‍മിക്കുന്നത്.

ടെന്‍ഡര്‍ പൂര്‍ത്തിയായി നിര്‍മാണം തുടങ്ങിയാല്‍ മൂന്ന് മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നാഷണല്‍ ഗെയിംസിനോട് അനുബന്ധിച്ചാണ് സ്റ്റേഡിയത്തില്‍ 11 കോടി രൂപ ചെലവില്‍ പുതിയ ആറ് വരി സിന്തറ്റിക്ക് ട്രാക്ക് നിര്‍മിക്കുകയും സ്റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇരിപ്പിടങ്ങള്‍ പെയിന്റടിച്ച് മോഡികൂട്ടിയും ഗ്രൗണ്ടില്‍ പച്ച പുല്ല്‌വെച്ചു പിടിപ്പിക്കുകയും ചെയ്ത് സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം സ്‌ക്വാഷ് സ്റ്റേഡിയവും കൂടി വന്നതോടെ ഈ മേഖലയിലേക്ക് കൂടുതല്‍ കായിക താരങ്ങള്‍ പരിശീലനത്തിനായി എത്തി തുടങ്ങി.

ദേശീയ ഗെയിംസില്‍ സ്‌ക്വാഷ് ഗെയിംസില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെക്കാനും കേരളത്തിനായി. പുതിയ നീന്തല്‍കുളം കൂടി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് സ്വന്തമാകുന്നതോടെ തലസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് ഇത് പുത്തന്‍ ഉണര്‍വേകും. മാത്രമല്ല സ്റ്റേഡിയത്തില്‍ മറ്റ് കായിക പരിശീലനങ്ങള്‍ക്ക് വരുന്നവര്‍ക്കും നീന്തല്‍ പരിശീലനം കൂടി നടത്താനും.