സിഡിസിയില്‍ മലയാള ഭാഷാ വാരാഘോഷവും ചര്‍ച്ചായോഗവും  

0

മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 18ാമത് കൗമാരദിന പ്രഭാഷണവും പഠന വൈകല്യത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചു. 'ഓരോ കുഞ്ഞിലും ഒരു മുതിര്‍ന്ന ഭാവം ഒളിഞ്ഞിരിക്കുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചായോഗത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തി.

നേരായ വഴിയില്‍ കുഞ്ഞുങ്ങളെ നയിക്കുന്നതില്‍ അച്ഛനമ്മമാരുടെ പങ്ക്, അധ്യാപകരുടെ ശിക്ഷണം, നിരാകരിക്കപ്പെടുന്ന സ്‌നേഹം, സമൂഹ മനസ് എന്നീ കാര്യങ്ങളെക്കുറിച്ച് ജോണ്‍ പോള്‍ ആധികാരികമായി സംസാരിച്ചു. ശ്രദ്ധേയമായ മാറ്റങ്ങളുടെ കാലഘട്ടമാണ് കൗമാരം. വൈകാരിക അസ്ഥിരതയും വ്യക്തി പ്രശ്‌നങ്ങളുമുള്ള ഈ കാലഘട്ടം അതി സൂക്ഷമായും ശ്രദ്ധയോടും സമര്‍ത്ഥമായും കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കൗമാര മനസിനെ എത്രമാത്രം സമകാലീന ചലച്ചിത്രങ്ങള്‍ സ്വാധീനിക്കുന്നുവെന്നതും ചര്‍ച്ചയായി.

എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ എസ്.എ.ടി.യിലേയും സി.ഡി.സിയിലേയും ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരും പങ്കെടുത്തു.

'പഠന വൈകല്യം: നിരീക്ഷണങ്ങളും പരിഹാര മാര്‍ഗങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ഉച്ചയ്ക്ക് ശേഷം നടന്ന ശില്‍പശാലയില്‍ ക്യാമ്പസിനകത്തെ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുറമേ കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.