മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സമഗ്ര നടപടി  

0

2014 ലെ കടല്‍ക്ഷോഭത്തില്‍ പെട്ട് കിടപ്പാടം നഷ്ടപ്പെട്ട വലിയതുറയിലെ 200 ലധികം മത്സ്യത്തൊഴിലാളികളുടെ പുനരധിവസിപ്പിക്കുന്നതിന് ശാശ്വത പരിഹാര നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രി.ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുട്ടത്തറ ഡയറി ഫാമില്‍പ്പെട്ട 3.15 ഏക്കര്‍ സ്ഥലം ഭവനരഹിതരായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനു വേണ്ടി മത്സ്യബന്ധന വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ആദ്യഘട്ടമായി 104 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി. 525 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത്രയും സ്ഥലം മത്സ്യബന്ധന വകുപ്പിന് കൈമാറാന്‍ 2016 ഫെബ്രുവരി മാസം തീരുമാനിച്ചിരുന്നെങ്കിലും ഈ സ്ഥലത്തിന്റെ അതിര്‍ത്തി അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ് പദ്ധതി വൈകാന്‍ കാരണം. സ്ഥലം ഉടന്‍ അളന്നു തിട്ടപ്പെടുത്തി പോക്കുവരവ് ചെയ്ത് ഡിസംബര്‍ മാസം തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് സര്‍ക്കരിന്റെ ലക്ഷ്യം.

കൂടാതെ ഭവന രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന് സംസ്ഥാന ബജറ്റില്‍ നൂറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ആഫീസര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ കടലാക്രമണം മൂലം ഭവനങ്ങള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തെ 248 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലംവാങ്ങി ഭവനം നിര്‍മ്മിക്കുന്നതിന് 25 കോടി രൂപയുടെ ഭരണാനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.