നഗരത്തിലെത്തുന്നവര്‍ക്കായി നഗരസഭയുടെ ഫ്രഷ് അപ്പ് സെന്ററുകള്‍

0


നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും പ്രഥാമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമായി ഇതാ ഒരു പദ്ധതി. ദിനംപ്രതി നിരവധിപ്പേരാണ് തലസ്ഥാന നഗരിയില്‍ വന്നുപോകുന്നത്. ഇവരില്‍ പലരും ഒരു ദിവസംകൊണ്ടു തന്നെ വന്ന കാര്യം സാധിച്ച് തിരിച്ചു പോകുന്നവരാണ്. ഒരു ദിവസത്തേക്ക് മുറിയെടുത്ത് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെ ഇവരില്‍ പലരും ബുദ്ധിമുട്ടാറുണ്ട്. ഇനി നഗരത്തിലെത്തുന്നവര്‍ക്ക് ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. അതിനായാണ് നഗരസഭ പുതിയ പദ്ധതി ആരംഭിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രഷ് അപ്പ് സെന്ററുകള്‍ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനായുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു.

ആദ്യഘട്ടത്തില്‍ നഗരത്തിന്റെ മൂന്നിടങ്ങളിലാണ് ഫ്രഷ് അപ് സെന്റര്‍ ആരംഭിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗങ്ങളായ കിഴക്കേക്കോട്ട, തമ്പാനൂര്‍, സെക്രട്ടേറിയറ്റിന് പിന്‍വശം ഇവിടങ്ങളിലൊക്കെ ഇതിനായി സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു. ഈ സ്ഥലങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ പുതിയ ഇടം കണ്ടെത്തുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സതീഷ് കുമാര്‍ പറഞ്ഞു.

ഒരു വിശ്രമ മുറി, ശൗചാലയം, കുളിമുറി, കോഫീബാര്‍ എന്നിവ ചേര്‍ന്നതാണ് ഫ്രഷ് അപെ സെന്റര്‍. ഒരു കെട്ടിടത്തിനുള്ളില്‍ തന്നെയാകും ഇവ സജ്ജീകരിക്കുക.

സ്‌പോണ്‍സര്‍ഷിപ്പ് രീതീയില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതിനായി ടെന്റര്‍ നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. പിന്നീട് നഗരസഭയായിരിക്കും ഇത് പരിപാലിച്ച് മുന്നോട്ട് കൊണ്ടുപോകുക. ഒരു ചെറിയ തുക ഈടാക്കിയായിരിക്കും ഇതിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കുക. ശുചീകരിക്കുന്നതിനും മറ്റും ഇവിടെ നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഈ തുക വിനിയോഗിക്കും.

നിലവില്‍ മറ്റ് ജില്ലകളില്‍ നിന്നും പല ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുന്നതായി മനസിലാക്കിയാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് നഗരാസൂത്രണ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും കൂടുതല്‍ മികച്ച രീതികളെക്കുറിച്ച് ആലോചിക്കുകയും ചെയ്ത ശേഷമാണ് പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കിയത്. അധികം താമസിയാതെ തന്നെ പദ്ധതി നഗരത്തില്‍ ആരംഭിക്കാനാകുമെന്നതാണ് പ്രതീക്ഷ. ഇതോടെ ദൂരത്തില്‍ നിന്നെത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും വിശ്രമിക്കാനും സാധിക്കും.