കരകൗശല വികസന കോര്‍പറേഷന്‍ പുതിയ ചുവടുവെപ്പിലേക്ക്

0


കരകൗശല തൊഴിലാളികള്‍ക്ക് വരുമാന വര്‍ധനവും പുതിയ അവസരങ്ങളും തുറക്കുന്നതിനുള്ള നൂതന പദ്ധതിയുമായി കരകൗശല വികസ കോര്‍പ്പറേഷന്‍ രംഗത്ത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. കരകൗശല തൊഴിലാളികളെ തൊഴില്‍ സംരംഭകരായി മാറ്റുന്ന വിധത്തില്‍ ഈ രംഗത്ത് വലിയ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിത്. ഈ മേഖലയിലെ നൂതനരീതികളും സാങ്കേതികമാറ്റങ്ങളും സ്വായത്തമാക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് 286.50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. നൈപുണ്യവികസന പരിശീലനം, സംരംഭകത്വ വികസന പരിശീനലം, ആധുനിക ടൂള്‍ കിറ്റുകളുടെ പരിശീലനവും അവയുടെ വിതരണവും എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അസംഘടിത മേഖലയിലെ കരകൗശല തൊഴിലാളികള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ പരിഹാരം കാണാന്‍ ഈ പദ്ധതി സഹായകരമാകുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ. വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്റെയും ആശയവും അകമഴിഞ്ഞ പിന്തുണയുമാണ് ഈ പദ്ധതിക്കു പിന്നില്‍.

ആദ്യഘട്ടത്തില്‍ 200 തൊഴിലാളികളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. മാധ്യമങ്ങള്‍ വഴി പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് 200 പേരെ തെരഞ്ഞെടുക്കും. ഇതിനായി ഒരു സെലക്ഷന്‍ കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്. ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ഹാന്റിക്രാഫ്റ്റ്‌സ്) ഗവ. ഓഫ് ഇന്ത്യ, വ്യവസായ വികസന ഡയറ്ക്ടറേറ്റ്‌, കേരള സംസ്ഥാന വ്യവസായ വകുപ്പ്, കരകൗശല വികസന കോര്‍പറേഷന്‍ എന്നിവരുടെ പ്രതിനിധികളും ഒരു മാനേജ്‌മെന്റ് വിദഗ്ധനും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

 40 പേരടങ്ങിയ അഞ്ച് ബാച്ചുകളായിട്ടായിരിക്കും പരിശീലനം നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ആദ്യം കരകൗശല വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. സംരംഭകത്വ വികസന ക്ലാസുകള്‍ റസിഡന്‍ഷ്യല്‍ പ്രോഗ്രാം ആയി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആണ് നടത്തുന്നത്. തുടര്‍ന്ന് തൊഴിലാളികള്‍ക്ക് 50,000 രൂപ വിലവരുന്ന ആധുനിക ടൂള്‍ കിറ്റുകളും ഉപകരണങ്ങളും ആവശ്യമായ അസംസ്‌കൃതവസ്തുക്കളും സൗജന്യമായി നല്‍കും. ഏഴുദിവസത്തെ പരിശീലന പരിപാടിയായിരിക്കും നടത്തുക. ഓരോ ദിവസവും ഓരോ തൊഴിലാളിക്കും 500 രൂപ സ്‌റ്റൈപ്പന്റായി നല്‍കും. യാത്രാചെലവുകളും കോര്‍പറേഷന്‍ വഹിക്കും.

വരുമാനവര്‍ധനവിനും മെച്ചപ്പെട്ട വിപണന സാധ്യതകള്‍ ഒരുക്കുന്നതിനും സര്‍ക്കാരിന്റയും കേരള സംസ്ഥാന കരകൗശല കോര്‍പപ്പറേഷന്റെയും അകമഴിഞ്ഞ പിന്തുണ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത. സംരംഭക പദ്ധതികളുമായി ബന്ധപ്പെട്ട പദ്ധതി രേഖകള്‍ തയാറാക്കുന്നതിനും കോര്‍പ്പറേഷന്‍ സഹായം നല്‍കും. കൂടാതെ, കരകൗശല വികസന കോര്‍പ്പറേഷനില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും കുറഞ്ഞ പലിശ നിരക്കില്‍ തൊഴിലാളികള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനും കോര്‍പറേഷന്‍ മുന്‍കൈയെടുക്കും. തൊഴിലാളികള്‍ നിര്‍മിക്കുന്ന കരകൗശല ഉല്‍പന്നങ്ങള്‍ കോര്‍പ്പറേഷന്റെ രാജ്യത്തുടനീളമുള്ള 20 ഷോറൂമുകള്‍ വഴി വിപണന സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്. കൂടാതെ കേരളത്തിനകത്തും പുറത്തും കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ക്രാഫ്സ്റ്റ് ബസാറുകളിലും എക്‌സിബിഷനുകളിലും പങ്കെടുത്ത് ഇടനിലക്കാരില്ലാതെ അവരുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും ഈ തൊഴിലാളികള്‍ക്ക് അവസരം ഒരുക്കുന്നു.

 ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരോട് നേരിട്ട് സംവദിച്ച് ഉല്‍പ്പന്നങ്ങളില്‍ വരുത്തേണ്ട കാലോചിത മാറ്റങ്ങള്‍ മനസ്സിലാക്കാനുള്ള വേദിയാകാനും ഈ വിപണന മേളകളിലൂടെ സാധിക്കും. പദ്ധതികളെല്ലാം തടസംകൂടാതെ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹാന്റിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (റീജിയണല്‍ഡയറക്ടര്‍), കേരള സംസ്ഥാന വ്യവസായ വകുപ്പ്, വ്യവസായ വാണിജ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, കരകൗശല കോര്‍പറേഷന്‍ പ്രതിനിധി എന്നിവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ കരകൗശല തൊഴിലാളികള്‍ കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉടനടി പ്രതിഫലം നല്‍കുന്നതിനും നടപടിയെടുക്കും. ഇതിനായി ഒരു കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.