ബ്യൂട്ടി പാര്‍ലര്‍ ഇനി വീട്ടിലെത്തും

ബ്യൂട്ടി പാര്‍ലര്‍ ഇനി വീട്ടിലെത്തും

Tuesday December 01, 2015,

2 min Read

ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ എന്ന പരസ്യവാചകത്തെ യാഥാര്‍ഥ്യമാക്കുന്ന രീതിയിലാണ് യാത്ര ചെയ്യുന്ന സ്പായും സലൂണുമായി നോമഡിക് സാപ്ലോണ്‍ എത്തിയിരിക്കുന്നത്. ഇവര്‍ വീട്ടിലെത്തി സ്പാ സലൂണ്‍ ട്രീറ്റ്‌മെന്റും നടത്തി തരുമെന്നതാണ് പ്രത്യേകത. തിരക്കേറിയ ഇന്നത്തെ ലോകത്ത് ഇത്തരമൊരു സംവിധാനം വളരെ പ്രയോജനപ്രദമാണ്. ഒരു ദിവസത്തെ ജോലി കഴിയുമ്പോള്‍ നേരം വൈകിയിട്ടുണ്ടെങ്കില്‍ സ്പായില്‍ പോകുന്നത് പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കുകയാണ് പതിവ്. എന്നാലിവിടെ സ്പാ തന്നെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് നോമഡിക് സാപ്ലോണ്‍ സ്ഥാപകയായ സീമ നന്ദ പറയുന്നു.

ഒരു ഹോട്ടല്‍ ബിസിനസ്സിലാണ് സീമ തന്റെ കരിയര്‍ ആരംഭിച്ചത്. തന്റെ ചെറുപ്പകാലത്തിലെ മോഹങ്ങളുടെ സാക്ഷാത്കാരമായിരുന്നു നോമഡിക് സാപ്ലോണ്‍. തന്റെ അമ്മ ഹൈദ്രാബാദില്‍ നടത്തിയിരുന്ന സ്പായും സലൂണും വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് സീമ ഓര്‍ത്തു. സ്‌കൂളില്‍ നിന്നും വന്നതിനുശേഷം അമ്മയെ സഹായിക്കാന്‍ തനിക്ക് വളരെ ഉത്സാഹമായിരുന്നു. ഇതാണ് ഈ മേഖലയില്‍ ചെറുപ്പകാലം മുതല്‍ തന്നെ താത്പര്യം ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് പോകുകയും പിന്നീട് വിവാഹം കഴിഞ്ഞ് ഡല്‍ഹിയിലെത്തുകയും ചെയ്തു. അവിടെ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്‌തെങ്കിലും ദിവസവും ഒമ്പതു മുതല്‍ ആറുവരെയുള്ള ഒരോ ജോലി അവളില്‍ മടുപ്പുളവാക്കി. ജോലി ഉപേക്ഷിച്ച സീമ ഹെയര്‍ ആന്‍ഡ് സ്‌കിന്‍ കെയറില്‍ പരിശീലനം നേടി സ്പാ കണ്‍സല്‍ട്ടന്റായി കോര്‍ വെല്‍നെസ്സില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നേടി. ആ സമയത്താണ് സീമയുടെ അമ്മ മരിച്ചത്. അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു അമ്മയുടേയും മരണം. ഇതോടെ സ്പായും സലൂണ്‍ നോക്കി നടത്താനാളില്ലാതെ പൂട്ടാമെന്ന തീരുമാനത്തിലായി.

image


ഈ സമയത്താണ് സീമ ഒരു സ്പാ കമ്പനി ആരംഭിച്ചത്. പ്രൊവാഡോ സ്പാ പ്രൈവറ്റ് ലിമിറ്റഡ് എന്നതായിരുന്നു പേര്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നോമഡിക് സാപ്ലോണ്‍ ആരംഭിച്ചു. മാസം 250 ക്ലൈന്റുകളാണ് തനിക്കുള്ളതെന്ന് സീമ പറയുന്നു.

വാര്‍ധക്യം ബാധിച്ചവര്‍ക്കായി പ്രത്യേക പാക്കേജും ഇവര്‍ നല്‍കുന്നുണ്ട്. പ്രായമായവര്‍ക്കുള്ള ട്രീറ്റ്‌മെന്റുകള്‍ക്ക് പുറമെ കിടപ്പിലായ രോഗികള്‍ക്ക് നഖം മുറിക്കലും മുടി കഴുകി വൃത്തിയാക്കലും ഒക്കെ ചെയ്തുവരുന്നു. ഇത്തരം രോഗികളെ ശ്രദ്ധിക്കാന്‍ ചിലപ്പോള്‍ വീട്ടിലുള്ളവര്‍ക്ക് സമയം ഉണ്ടാകില്ല. ഇവര്‍ക്കായാണ് ഇത്തരം പാക്കേജുകള്‍ നല്‍കുന്നത്.

മുടിയും മുഖവും മിനുക്കുന്നതോടൊപ്പം മുതുകിനും നെറ്റിക്കും പറ്റിയ മസ്സാജും ഇവരുടെ ട്രീറ്റ്‌മെന്റിന്റെ ഭാഗമാണ്. ഇത് പ്രായമാവര്‍ക്കാണ് കൂടുതല്‍ പ്രയോജനം ചെയ്യുക. നിലവില്‍ മുഴുവന്‍ സമയ ഏഴ് തെറാപ്പിസ്റ്റുകളും നാല് ഫ്രീലാന്‍സര്‍മാരുമാണുള്ളത്. എന്‍ ജി ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സ്പാ, സലൂണ്‍ ട്രീറ്റ്‌മെന്റുകളില്‍ പരിശീലം ലഭിച്ച പെണ്‍കുട്ടികളെ നല്‍കുന്നുണ്ട്. പിന്നീട് ഇവിടുത്തെ ജോലിയിലൂടെ ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നഭിക്കും. ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ ജീവനക്കാര്‍ക്ക് മികച്ച സംരക്ഷണം കൊടുക്കാന്‍ സീമ ശ്രമിക്കാറുണ്ട്. രാവിലെ ജോലിക്ക് വീട്ടില്‍ നിന്നും കൊണ്ടു വരുന്നതിനും വൈകിട്ട് തിരിച്ച് വിടുന്നതും ഓരോ വീടുകളിലും എത്തി ട്രീറ്റ്‌മെന്‍ര് നടത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ന്യൂ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപനത്തിന്റെ ശാഖകള്‍ ആരംബിക്കാന്‍ സീമ പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷം തന്നെ ഇത് പൂര്‍ത്തിയാക്കും. ഒരു ലക്ഷ്വറി സ്പാ ഒരുക്കുന്നതിനും പദ്ധതിയുണ്ട്.