സംരംഭങ്ങള്‍ക്ക് നാഴികക്കല്ലായി 2015

സംരംഭങ്ങള്‍ക്ക് നാഴികക്കല്ലായി 2015

Tuesday January 12, 2016,

5 min Read

പുതിയ സംരഭങ്ങള്‍ 2015 ല്‍ നിരവധി ഉണ്ടായി. കൂടുതല്‍ സംരംഭകര്‍ കടന്നുവന്നതും പ്രശസ്തമായ ചില സംരംഭങ്ങള്‍ ശിഥിലമായതും 2015 ല്‍ കാണാനിടയായി. വന്‍ നിക്ഷേപങ്ങള്‍ ഈ രംഗത്തേക്ക് ഒഴുകിയെത്തിയതിനും 2015 ദൃക്‌സാക്ഷിത്വം വഹിച്ചു. കടന്നുപോയ വര്‍ഷം ചില സംരംഭങ്ങള്‍ക്ക് നല്ലതായിരുന്നു. പക്ഷേ മറ്റു ചിലതിനാകട്ടെ ഏറ്റവും മോശമായതും. 2015 ലെ സ്റ്റാര്‍ട്ട്അപ് രംഗത്തെ പ്രവണതകളെക്കുറിച്ച് പറയുകയാണ് യുവര്‍സ്‌റ്റോറി.

image


പ്രാദേശിക സംരംഭങ്ങളുടെ കടന്നുകയറ്റം

വലിയ കമ്പനികളായ ആമസോണ്‍, ഒല, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പെടിഎം എന്നിവയെല്ലാം തന്നെ ഗ്രോസറി സാധനങ്ങള്‍ എത്തിക്കുന്ന സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുനല്‍കുന്ന കമ്പനിയായ യുമിസ്റ്റ് രണ്ടു മില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തി. സ്വഗ്ഗിയാകട്ടെ ചെന്നൈയിലും പ്രവര്‍ത്തനം തുടങ്ങിയതോടെ രാജ്യത്തിലെ പ്രധാന നഗരങ്ങളിലെല്ലാം വേരുറപ്പിച്ചു. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ നല്‍കുന്ന ഹൗസ്‌ജോയ് ദിവസം 40 ഓര്‍ഡറുകള്‍ ലഭിച്ചിരുന്ന സ്ഥാനത്തുനിന്നും 10 മാസം കൊണ്ട് 4,000 ഓര്‍ഡറുകള്‍ നേടിയ സ്ഥാനത്തെത്തി. ജനുവരിയിലാണ് ഹൗസ്‌ജോയ് പ്രവര്‍ത്തനം തുടങ്ങിയത്. ഷോപ്‌സിറ്റിയാകട്ടെ ജനങ്ങള്‍ക്ക് ഷോപ്പിങ് നടത്താനുള്ള സൗകര്യം ലളിതമാക്കി. ഓണ്‍ൈലനിലൂടെ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന മോമോയി റസ്റ്ററന്റുകള്‍ക്കു പുറമേ ഗ്രോസറി കടകള്‍, സലൂണുകള്‍, സ്പാ തുടങ്ങി ഇടങ്ങിലേക്കെല്ലാം തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ഇന്ത്യന്‍ ഭാഷകള്‍ ഓണ്‍ൈലനില്‍ എത്തി

ഇന്ത്യയില്‍ 7080 ശതമാനം പേര്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ അറിയാത്തവരാണെന്നു ചില സംരംഭകര്‍ മനസ്സിലാക്കി. ഇതു ഓണ്‍ൈലനില്‍ പുതിയ സംരംഭത്തിന് തുടക്കമിട്ടു. സ്‌നാപ്ഡീല്‍ ഇംഗ്ലീഷിനു പുറമെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കി. ഇതു കൂടുതല്‍ ഉപഭോക്താക്കളെ അവരുടെ വെബ്‌സൈറ്റിലേക്ക് കൊണ്ടെത്തിച്ചു. ചില പ്രാദേശിക ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകള്‍ പ്രാദേശിക ഭാഷകളില്‍ തന്നെ വെബ്‌സൈറ്റ് രൂപീകരിച്ചു. ക്ലാസിഫെഡ് വെബ്‌സൈറ്റായ ക്വിക്ര്‍ ഇന്നു ഏഴു ഭാഷകളില്‍ ലഭ്യമാണ്. 10 ഭാഷകളില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച് യുവര്‍സ്‌റ്റോറിയും റെക്കോര്‍ഡ് നേടി. ഈ പ്രവണത ഇനിയും വളര്‍ന്നുകൊണ്ടേയിരിക്കും. വിവധ ഇന്ത്യന്‍ ഭാഷകളില്‍ വെബ്‌സൈറ്റ് തുടങ്ങാനായി സ്‌നാപ്ഡീല്‍ പദ്ധതി തുടങ്ങിക്കഴിഞ്ഞു.

ചെറിയ നഗരങ്ങളിലും സംരംഭക വളര്‍ച്ചയുണ്ടായി

മെട്രോ നഗരങ്ങളില്‍ മാത്രമല്ല ചെറിയ നഗരങ്ങളിലും സംരംഭകവളര്‍ച്ച ഉണ്ടായി. ഓണ്‍ൈലനിലൂടെ ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഫാസോ ബറോഡ, അഹമ്മദാബാദ് ഉള്‍പ്പെടെ 10 ചെറിയ നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. ഓണ്‍ൈലനിലൂടെ പച്ചക്കറികളും പഴങ്ങളും ഒക്കെ നല്‍കുന്ന ഗ്രോഫേഴ്‌സ് 17 നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓണ്‍ലൈനിലൂടെ ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാക്കിയ ജഗ്‌നൂ ഉദയ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നു പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 102 നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. ഒലയുടെ മുഖ്യ എതിരാളിയായ യൂബര്‍ ഉദയ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യൂബറിന്റെ 18ാമത്തെ നഗരമായിരുന്നു ഇത്. ടാക്‌സി സര്‍വീസായ മെറു 23 നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ചു.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ വളര്‍ച്ച

എവിടെയും യാത്ര ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ നിമിഷങ്ങള്‍ക്കകം വാഹനസൗകര്യം ഒരുക്കിക്കൊടുക്കുന്ന ഫ്രഞ്ച് കമ്പനിയായ ബ്ലാബ്ലാ കാറാണ് കാര്‍പൂളിങ് ആശയത്തിന് ഇന്ത്യയിലും തുടക്കമിട്ടത്. സ്വകാര്യ െ്രെഡവര്‍മാര്‍ക്ക് ഇതേറെ പ്രയോജനം ചെയ്തു. സെപ്റ്റംബറിലാണ് മെറു കാബ്‌സ് കാര്‍പൂളിങ്ങിന് തുടക്കമിട്ടത്. അതേസമയത്തു തന്നെയാണ് യുഎസ് കമ്പനിയായ യൂബര്‍ ബെംഗളൂരുവിലും ഇതു തുടങ്ങിയത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒലയും ഒരു മാസത്തിനുള്ളില്‍ ഈ ആശയം പിന്തുടര്‍ന്നു. ഈ പ്രവണത ഇനിയും വളരും. ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ നിരത്തിലിറക്കാവൂ എന്ന ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ നിയമം ഈ കമ്പനികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാകും. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഏതു സമയത്തും എവിടേക്കും വാഹനസൗകര്യം ഏര്‍പ്പാടാക്കി കൊടുക്കുന്ന കമ്പനികളെ 2016 ല്‍ കൂടുതലായി ആശ്രയിക്കുമെന്നാണ് കരുതുന്നത്.

കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍

സംരംഭകരംഗത്തെ നൂറുക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റായ ഹൗസിങ്ങിന്റെ സിഇഒയും സഹസ്ഥാപകനുമായ രാഹുല്‍ യാദവ് ജൂലൈയില്‍ രാജിവച്ചു. മാത്രമല്ല ഓഗസ്റ്റില്‍ 600 ജോലിക്കാരെയും നവംബറില്‍ 200 ജോലിക്കാരെയും ഹൗസിങ് പിരിച്ചുവിട്ടു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ ടിനിഓള്‍ 100 ജോലിക്കാരെ പിരിച്ചുവിട്ടു. പൂനെയിലെ ഓഫീസ് അടച്ചുപൂട്ടി. ടിനിഓളിന്റെ മുഖ്യഎതിരാളിയായ സൊമാറ്റോ യൂണികോണ്‍ ക്ലബ്ബുമായി കൈകോര്‍ക്കുകയും നവംബറില്‍ ജോലിക്കാരുടെ എണ്ണം 10 ശതമാനം കുറയ്ക്കുകയും ചെയ്തു. കൃത്യമായി ജോലി ചെയ്യുക അല്ലെങ്കില്‍ അവധിയെടുക്കുക എന്നു ഭീഷണിപ്പെടുത്തി ബാക്കിയുള്ള ജോലിക്കാര്‍ക്ക് സൊമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍ ഇമെയില്‍ അയച്ചു. ഡിസംബര്‍ അവസാനവാരം ഗ്രാബ്ഹൗസ് 150 ഓളം ജോലിക്കാരെ പിരിച്ചുവിട്ടു.

ആപ്‌കൊമേഴ്‌സ് മുന്നോട്ടേക്ക്

ഓണ്‍ലൈനിലെ വമ്പന്‍ വ്യപാര കേന്ദ്രങ്ങളായ ഫ്‌ലിപ്കാര്‍ട്ടും സ്‌നാപ്ഡീലും മൊബൈലിലൂടെയുള്ള വ്യാപാരം കൂട്ടാനാണ് കൂടുതല്‍ ശ്രദ്ധിച്ചത്. മൊബൈല്‍ ഉയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. ഇലാനിക് പോലുള്ള സംരംഭങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ മാത്രമാണ് തങ്ങളുടെ ബിസിനസ് നടത്തുന്നത്. ഓണ്‍ലൈന്‍ സംരംഭമായ മിന്ത്രയും മേയില്‍ ആപ്പിലേക്ക് മാറി. ഫ്‌ലിപ്കാര്‍ട്ട് തങ്ങളുടെ മൊബൈല്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടിയത് ആപ്പിലൂടെ മാത്രം ബിസിനസ് നടത്തുന്നതിനുവേണ്ടിയാണെന്നു ചില അപവാദങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അവര്‍ പിന്നീട് പ്ലിപ്കാര്‍ട്ട് ലൈറ്റ് എന്ന പുതിയ മൊബൈല്‍ സൈറ്റ് തുടങ്ങി. ഇവരുടെ എതിരാളികളായ സ്‌നാപ്ഡീല്‍ ഇവരുടെ സൈറ്റായ സ്‌നാപ് ലൈറ്റ് സാധാരണ മൊബൈല്‍ സൈറ്റുകളെക്കാളും 85 ശതമാനം വേഗതയാര്‍ന്നതാണെന്നാണ് പറയുന്നത്. ഇവരുടെ വരുമാനത്തിന്റെ 70 ശതമാനവും മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകളിലൂടെയാണ്. ആമസോണും ഫ്‌ലിപ്കാര്‍ട്ടും ആഘോഷവേളകളില്‍ അവരുടെ മൊബൈല്‍ ആപ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ചില പ്രത്യേക ഓഫറുകളും നല്‍കി.

ഒംനി ചാനലിന്റെ ജനനം

ഓഫ്!ലൈന്‍ രംഗത്തെ സംരംഭകര്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കടന്നുവന്നതോടെയാണ് ഒംനി ചാനലിന് രൂപം കൊടുത്തത്. അവരുടെ സംരംഭത്തിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പ്രാദേശിക മേഖലയിലെ കട ഉടമകളുമായി കൈകോര്‍ത്തതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപത്തെ കടകളില്‍ നിന്നും തന്നെ സാധനങ്ങള്‍ വാങ്ങാമെന്നായി. സ്‌നാപ്ഡീലും ഒക്ടോബറില്‍ ഇതിനു തുടക്കമിട്ടു. ടാറ്റ, റിലയന്‍സ്, യൂണിലെവര്‍, ആദിത്യ ബിര്‍ല ഗ്രൂപ്പ് തുടങ്ങിയ കമ്പനികളും ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കടന്നുവരാന്‍ ആലോചിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും സ്‌നാപ്ഡീലിലൂടെയും കച്ചവടത്തിന് തുടക്കമിട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ ഭക്ഷ്യ വ്യാപാര രംഗത്തെ തകര്‍ച്ചയും വളര്‍ച്ചയും

വര്‍ഷത്തിന്റെ തുടക്കത്തില്‍ പല ഭക്ഷ്യവ്യാപാര സംരംഭങ്ങളും ഒട്ടേറെ പണം സമ്പാദിച്ചു. എന്നാല്‍ അവസാനമായപ്പോള്‍ പലതും തകര്‍ച്ച നേരിട്ടു. ഏപ്രിലില്‍ മാത്രം 74 മില്യന്‍ ഡോളറാണ് ഈ രംഗത്ത് നിക്ഷേപം ഉണ്ടായത്. എന്നാല്‍ ഓഗസ്റ്റില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. സൊമാറ്റോയും ടിനിഓളും കൂട്ടത്തോടെ ജോലിക്കാരെ പിരിച്ചുവിട്ടത് വാര്‍ത്തയായി. ഫുഡ്പാണ്ഡെയും ചില പ്രശ്‌നങ്ങളില്‍ കുടുങ്ങി. നിക്ഷേപം ഇല്ലാതായത് സ്പൂണ്‍ജോയിയുടെയും ഡൈസോയുടെയും തകര്‍ച്ചയ്ക്ക് കാരണമായി. ഈറ്റ്്!ലോയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൃത്യസമയത്ത് ഓര്‍ഡറുകള്‍ എത്തിക്കാന്‍ കഴിയാത്തതും വരുമാനത്തിലെ കുറവുമാണ് ഭക്ഷ്യവ്യാപാര മേഖലയിലെ സംരംഭങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

രത്തന്‍ ടാറ്റയുടെ സ്റ്റാര്‍ട്ട്അപ് രംഗത്തേക്കുള്ള ചുവടുവയ്പ്

2012 ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറിയതോടെ പല സംരംഭങ്ങളിലും നിക്ഷേപമിറക്കാന്‍ രത്തന്‍ ടാറ്റ തുടക്കമിട്ടു. സ്‌നാപ്ഡീല്‍, അര്‍ബന്‍ ലാഡര്‍, ബ്ലൂ സ്‌റ്റോണ്‍ എന്നിവയില്‍ അദ്ദേഹം നിക്ഷേപം നടത്തിയത് വാര്‍ത്തയായി. ഒല, പെടിഎം, അര്‍ബന്‍ ലാഡര്‍, സിയോമി, കാര്യഹ്, ഹോലഷെഫ്, കാര്‍ഡെക്‌ഹോ, ലിബ്രേറ്റ് എന്നിവയില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നിക്ഷേപം നടത്തി. ഇന്‍ഫോസിസിന്റെ സ്ഥാപകനായ നാരായണ മൂര്‍ത്തി ആമസോണില്‍ നിക്ഷേപം നടത്തി. ഇത്തരത്തില്‍ വന്‍ കിട മുതലാളിമാരും സ്റ്റാര്‍ട്ട്അപ് രംഗത്തേക്ക് കഴിഞ്ഞ വര്‍ഷം രംഗത്തെത്തി. ഇതു യുവസംരംഭകര്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കും.

സിലിക്കണ്‍വാലിയിലെ സംരംഭകരുടെ ഘര്‍ വാപസി

ഗൂഗിള്‍, യാഹൂ, ഫെയ്‌സ്ബുക്ക് തുടങ്ങി സിലിക്കണ്‍ വാലിയിലെ പല വന്‍കിട കമ്പനികളുടെയും നഷ്ടം ഇന്ത്യയ്ക്കു പ്രയോജനമായി. മോട്ടോറോള കമ്പനിയുടെ പുനരുദ്ധാരണത്തിന് പിന്നിലുണ്ടായിരുന്ന പുനിത് സോണി ഇന്ത്യയിലേക്ക് മടങ്ങി എത്തുകയും ഫ്‌ലിപ്കാര്‍ട്ടിന്റെ ചീഫ് പ്രോഡക്ട് ഓഫിസറായി 2015 മാര്‍ച്ചില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ഗൂഗിളിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന നികേത് ദേസായിയും ഏപ്രിലില്‍ ഫ്‌ലിപ്കാര്‍ട്ടിനോടൊപ്പം ചേര്‍ന്നു. സ്‌നാപ്ഡീലാകട്ടെ ഗൗരവ് ഗുപ്തയെ നേടിയെടുത്തു. മാത്രമല്ല ഒട്ടേറെ ടെക്കികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഏറ്റെടുക്കലുകള്‍ തുടരുന്നു

2015 ല്‍ ഏകദേശം 200 ഓളം സംരംഭങ്ങള്‍ വന്‍കിട കമ്പനികവ്! ഏറ്റെടുത്തു. സ്‌നാപ്ഡീല്‍ ഫ്രീചാര്‍ജും, ഒല ടാക്‌സിഫോര്‍ഷുവറും, മഹീന്ദ്ര ബേബിഓയും പ്രാക്ടോ ക്വിക്വെലും ഇന്‍സ്റ്റാഹെല്‍ത്തും ഹൗസിങ് ഹോംബൈ360 യും ഏറ്റെടുത്തു. ഈ പ്രവണ ഇനി കുറയുമെന്നു തോന്നുന്നില്ല. 2016 ലും കൂടുതല്‍ ഏറ്റെടുക്കലുകള്‍ ഉണ്ടായേക്കും.

സംരംഭങ്ങള്‍ക്കും ഹൃദയമുണ്ട്

പ്രകൃതി ദുരന്തങ്ങള്‍ മൂലം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചില സംരംഭകര്‍ ദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ക്ക് കൈതാങ്ങായി. ചെന്നൈ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കോള്‍ ടാക്‌സി കമ്പനികളായ ഒല ബോട്ടുകളും യൂബര്‍ സൗജന്യ യാത്രാസൗകര്യവും നല്‍കി. പെടിഎം സൗജന്യമായി റീചാര്‍ജ് സൗകര്യം നല്‍കി. സൊമാറ്റോ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. വിവിധ ഡാറ്റകള്‍ ശേഖരിച്ചു നല്‍കുന്ന സംരംഭമായ സോഷ്യല്‍കോപ്‌സ് ചെന്നൈ വെള്ളപ്പൊക്കത്തിലും നേപ്പാള്‍ ഭൂകമ്പത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.