കാഴ്ചയില്ലാത്തവര്‍ക്ക് ഉള്‍ക്കാഴ്ചയേകി എസ് ആര്‍ വി സി

കാഴ്ചയില്ലാത്തവര്‍ക്ക് ഉള്‍ക്കാഴ്ചയേകി എസ് ആര്‍ വി സി

Sunday November 08, 2015,

3 min Read

അധ്വാനിച്ച് ജിവിക്കാന്‍ വേണ്ടത് കാഴ്ചയല്ല, ഉള്‍ക്കാഴ്ചയാണ്. അതിവര്‍ക്ക് ആവോളമുണ്ട്. പറയുന്നത് ഒരു കൂട്ടം കാഴ്ച ശക്തിയില്ലാത്തവരെക്കുറിച്ചാണ്. അവരുടെ കഴിവുകളെക്കുറിച്ചുള്ള തിരിച്ചറിവാണ് സുനില്‍ ജെ മാത്യുവിന് കാഴ്ചയില്ലാത്തവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനായി ഒരു സ്ഥാപനം ആരംഭിക്കാന്‍ പ്രചോദനമായത്. 2000ലാണ് സുനില്‍ കൊച്ചിയില്‍ എസ് ആര്‍ വി സി എന്ന സ്ഥാപനം ആരംഭിച്ചത്. കാഴ്ച ശക്തി ഇല്ലാത്ത 15 മുതല്‍ 45 വയസ്സു വരെയുള്ളവര്‍ക്കായുള്ള പരിശീലന കോഴ്‌സുകളാണ് ഇവിടെ നടക്കുന്നത്. ജന്മനാ കാഴ്ച ശക്തി ഇല്ലാത്തവരും അപകടങ്ങളില്‍ കാഴ്ച നഷ്ടപെട്ടവരും ഇവിടെയുണ്ട്. ഡേറ്റ എന്‍ട്രി, ടെലി മാര്‍ക്കറ്റിംഗ്, സംഗീതം, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ക്ഷന്‍, ഫുഡ് ടേസ്റ്റിംഗ്, കൗണ്‍സിലിംഗ്‌, ഫിസിയോതെറാപ്പി തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. ഇവിടെ പഠിക്കുന്നവര്‍ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റായും താമസിച്ച് പഠിക്കുന്നു.

image


സിസ്റ്റിക സിസ്റ്റംസ് എന്ന ഡിസൈന്‍ ആന്‍ഡ് സോഫ്റ്റ്‌വേര്‍ കമ്പനിയുടെ സ്ഥാപകനായിരുന്നു സുനില്‍. കമ്പനിയുടെ എട്ട് പേരുടെ സംഘത്തില്‍ കാഴ്ച ശക്തി ഇല്ലാത്ത ഒരു പ്രോഗ്രാമറും ഉണ്ടായിരുന്നു. ലോകത്ത് 37 മില്ല്യണ്‍ അന്ധ ജനങ്ങളാണുള്ളത്. ഇത്തരം ആളുകളെ എങ്ങനെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കാം എന്ന ചിന്തയാണ് സുനിലിനെ ഇതിലേക്കെത്തിച്ചത്. ആദ്യം ഇതൊരു സമ്മര്‍ ക്യാമ്പ് മാത്രമായാണ് ആരംഭിച്ചത്. പിന്നീട് ഓഫീസിനുള്ള സ്ഥലം കണ്ടെത്തുകയും കൂടുതല്‍ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുകയംു ചെയ്തു. എട്ടു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളും ആരംഭിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പ്യൂട്ടര്‍ മേഖലവിട്ട് മറ്റ് വിഷയങ്ങളിലും കോഴ്‌സുകള്‍ ആരംഭിച്ചത്. കാരണം എല്ലാവര്‍ക്കും ഈ മേഖലയില്‍ താത്പര്യം ഉണ്ടായിരുന്നില്ല എന്നതാണ്. സംഗീത ക്ലാസ്സ് ആരംഭിച്ചതോടെ ഒരു പുതിയ ഓര്‍ക്കസ്ട്രയും ആരംഭിച്ചു.

image


സംഗീത പരിപാടി അവതരിപ്പിക്കുന്നവര്‍ കാഴ്ചശക്തി ഇല്ലാത്തവരാണെന്ന് പലപ്പോഴും പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല. പരിപാടി അവസാനിച്ചു കഴിഞ്ഞ് പറയുമ്പോഴാണ് ഇത് അറിഞ്ഞിരുന്നത്. പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ഈ ഓര്‍ക്കസ്ട്രയുടെ ഭാഗമായിരുന്നു.

image


എസ് ആര്‍ വി സിയുടെ മറ്റൊരു നേട്ടമായിരുന്നു ഫുട്‌ബോള്‍ ടീം. 2013ല്‍ ഒരു എഴംഗം ഫുട്‌ബോള്‍ ടീം തയ്യാറക്കി. തായ്‌ലന്‍ഡിലെ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ വരെ എത്താനായത് വളരെ വലിയ നേട്ടമായി തന്നെ കരുതുന്നു. അതുകൂടാതെ വളരെ പരിയച സമ്പന്നരായ ഇറാന്‍ ടീമുമായുള്ള മത്സരത്തില്‍ ലോകത്തിലേക്ക് തന്നെ അഞ്ചാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞതും നേട്ടമായി.

ക്രമേണ എസ് ആര്‍ വി സി വളര്‍ന്നു. ഇവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ടെലി കോളര്‍, ഡേറ്റാ എന്‍ട്രി തുടങ്ങി നിരവധി മേഖലകളില്‍ ജോലി ലഭിച്ചു. മാത്രമല്ല, പലരും പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും അവിടെ അന്ധരായ പലര്‍ക്കും ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്.

എസ് ആര്‍ വി സിയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച് 65 ശതമാനത്തോളമായതും സ്ഥാപനത്തിന്റെ നേട്ടമായി. പല കമ്പനികളും സ്ഥാപനവുമായി പങ്കാളിത്തത്തിലാകുകയും ഇവിടെ നിന്നും ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാനും ആരംഭിച്ചു. ഒരു തവണ ടെലികോം കമ്പനിയായ ഐഡിയയിലേക്ക് തങ്ങളുടെ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത ശേഷം അടുത്ത വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ തന്നെ ജോലി നല്‍കിയതായി സുനില്‍ ഓര്‍ക്കുന്നു. കൊച്ചിയില്‍ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഓര്‍ക്കസ്ട്രയില്‍ അംഗമായവരും ലോണ്‍ട്രി, ഫുഡ് ആന്‍ഡ് ബിവറേജസ് ടേസ്റ്റിംഗ് തുടങ്ങി നിരവധി മേഖലകളില്‍ ജോലി ലഭിച്ചവര്‍ ധാരാളമാണ്.

image


പലരില്‍ നിന്നും ലഭിക്കുന്ന സംഭാവനകളും മറ്റുമാണ് എസ് ആര്‍ വി സിയുടെ സാമ്പത്തിക സ്രോതസ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 10 ബാച്ചുകള്‍ പൂര്‍ത്തിയാക്കിയ എസ് ആര്‍ വി സിയുടെ അടുത്ത സ്ഥാപനവും ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളും നടത്തുന്നുണ്ട്. ഇംഗ്ലീഷ് ഭാഷാ പഠനവും കമ്പ്യൂട്ടര്‍ സയന്‍സും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

image


പലരും അന്ധരായ ആളുകള്‍ക്ക് ജോലി കൊടുക്കാന്‍ മടിക്കുന്നു. എന്നാല്‍ എസ് ആര്‍ വി സിയിലെ അനുഭവത്തില്‍ നിന്നും സുനിലിന് ഉറപ്പു നല്‍കാനാകും, സാധാരണക്കാരേക്കാള്‍ മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. പലരും സാമൂഹിക സേവനങ്ങള്‍ ചെയ്യുന്നത് പല രീതിയിലാണ് എന്നാല്‍ സുനില്‍ തന്റെ സമയം ഈ കാഴ്ച ശക്തിയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനായാണ് ഉപയോഗിച്ചത്.

image


പലപ്പോഴും കാഴ്ച ശ്കതിയില്ലാത്തവരെ എങ്ങനെ പരിഗണിക്കണമെന്ന് വീട്ടിലുള്ളവര്‍ക്ക് പോലും അറിയാത്ത അവസ്ഥയുണ്ട്. എസ് ആര്‍ വി സിയില്‍ എത്തുന്നവര്‍ ഇത്തരം അനുഭവങ്ങള്‍ പങ്ക് വെക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാനായാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്. ദൈവം നല്‍കിയ വൈകല്യവും അതിന്റെ ബുദ്ധിമുട്ടുകളുമായി ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു കൈത്താങ്ങായാണ് ഇവര്‍ എസ് ആര്‍ വി സി എന്ന സ്ഥാപനത്തേയും ഉടമ സുനിലിനേയും കാണുന്നത്.