കലയും കര്‍മ്മവും ഇഴചേര്‍ന്ന്‌ സന്ധ്യ ഐ പി എസ്

കലയും കര്‍മ്മവും ഇഴചേര്‍ന്ന്‌ സന്ധ്യ ഐ പി എസ്

Saturday May 28, 2016,

3 min Read

കേരളത്തെ പിടിച്ചുലച്ച ജിഷ വധക്കേസില്‍ അന്വേഷണം വഴിമുട്ടിയപ്പോള്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ന്നു വന്ന പേരാണ് സന്ധ്യ ഐ പി എസ്. ഇതു മാത്രം മതി സിവില്‍ സര്‍വീസിലെ ഒരു ഉദ്യോഗസ്ഥയുടെ കര്‍മ്മശേഷിയെ അളക്കാന്‍. അന്വേഷണ ചുമതലക്കു പുറമേ പുതിയ സര്‍ക്കാര്‍ ദക്ഷിണ മേഖല എ ഡി ജി പിയായി കൂടി സന്ധ്യയെ നിയമിച്ചു. എന്നാല്‍ സന്ധ്യ ഐ പി എസിനെ മറ്റു ഉദ്യോഗസ്ഥകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത് അവരുടെ ഉള്ളിലെ കലാഹൃദയം കൊണ്ടു കൂടിയാണ്.

image


കാക്കിയും കലയും രണ്ടു ധ്രുവങ്ങളിലാണെങ്കിലും ഇവ രണ്ടും ഒരു പോലെ കൊണ്ടുപോകുവാന്‍ അവര്‍ക്ക് കഴിയുന്നുണ്ട് എന്നത് പ്രശംസാര്‍ഹമാണ്. നിരവധി കവിതകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സന്ധ്യക്ക് കഴിഞ്ഞിട്ടുണ്ട്. കവിതകളില്‍ മാത്രമല്ല കുപ്രസിദ്ധമായ അനവധി കേസുകള്‍ തെളിയിക്കാനും സന്ധ്യ എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥ മാത്രമല്ല ഒരു ചിത്രകാരിയും കവയത്രിയുമാണ് അവര്‍.

1963 ല്‍ കോട്ടയത്ത് പാലായില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഭാരതദാസിന്റേയും കാര്‍ത്ത്യാനിയമ്മയുടെയും മകളാണ്. കുട്ടിക്കാലം മുതല്‍ക്കേ സ്വാതന്ത്ര്യം ആസ്വദിച്ചാണ് സന്ധ്യ വളര്‍ന്നത്. പുസ്തകം എന്നും അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അടുത്ത വായനശാലകളില്‍ നിത്യസന്ദര്‍ശകയായിരുന്നു സന്ധ്യ. അന്നു മുതല്‍ക്കേ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയായിരുന്നു സന്ധ്യ, മീനച്ചല്‍ ആറിന്റെ തീരത്ത് കളിച്ചും ആറ്റില്‍ നീന്തി തുടിച്ചും സന്ധ്യ വളര്‍ന്നു. നല്ല സൗഹൃദ വലയം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സെന്റ് ആന്റണീസിലും സേക്രട്ട് ഹാര്‍ട്ട്‌സിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പാലാ അല്‍ഫോണ്‍സ കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

image


തന്റേതായ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം സന്ധ്യയ്ക്കു ലഭിച്ചിരുന്നു. അതാകും ഔദ്യോഗിക ജീവിതത്തില്‍ തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ തുറന്നു പറയുവാന്‍ സന്ധ്യയെ പ്രേരിപ്പിച്ചത്. ഒരു സ്ത്രീ എന്ന നിലയിലും ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിലും കലാകാരിയെന്ന നിലയിലും സമ്പൂര്‍ണ വിജയമാണ് എ ഡി ജി പി സന്ധ്യ. ഓരോ വിജയത്തിലും അവര്‍ക്ക് കൂട്ടായി ഭര്‍ത്താവ് ഡോ. മധുകുമാറും ഏകമകളും ഒപ്പമുണ്ട്.

image


1998 ല്‍ ആസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എച്ച് ആര്‍ എം ല്‍ ട്രെയിനിങ് ലഭിച്ചു. അതിനുശേഷം 1999 ല്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.ജി ഡി ബി എ പൂര്‍ത്തിയാക്കി. കേരളത്തില്‍ ഇന്ന് അലയടിക്കുന്ന ഏറ്റവും ശക്തമായ സ്ത്രീശബ്ദങ്ങളില്‍ ഒന്നാണ് സന്ധ്യയുടേത്. ഏറ്റവും മികച്ച വനിത പോലീസ് ഉദ്യോഗസ്ഥ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം കൂടിയാണ് അവര്‍. 1988 ല്‍ ഐ പി എസ് നേടിയതിനു ശേഷം അന്ന് മുതല്‍ ഇന്നു വരെ ഒരു കരുത്തുറ്റ പോലീസ് ഉദ്യോഗസ്ഥയായി നിലകൊള്ളാന്‍ അവര്‍ക്ക് സാധിച്ചു. ഐ.പി.എസ് വിജയത്തിനു ശേഷം അവരുടെ ആദ്യ നിയമനം ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലായിരുന്നു.

image


2013 ല്‍ എ ഡി ജി പി ആയി സ്ഥാനക്കയറ്റം ലഭിച്ചു. പ്രവര്‍ത്തന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. കുപ്രസിദ്ധമായ പല കേസുകള്‍ക്കും സന്ധ്യക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീയെന്ന നിലയില്‍ നമുക്കെല്ലാം മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് സന്ധ്യയുടേത്. തന്റെ പ്രവര്‍ത്തനമേഖല ഏറെ ദുര്‍ഘടം പിടിച്ചതാണെങ്കിലും ഇതിനിടയിലൊക്കെ തന്റെ ഉള്ളിലെ കലാകാരിയെ പുറത്തുകൊണ്ടുവരുവാന്‍ അവര്‍ മടിക്കുന്നില്ല. അഹോരാത്രം പ്രവര്‍ത്തനം ആവശ്യമായ മേഖലയിലാണ് താന്‍ സേവനമനുഷ്ഠിക്കുന്നതെങ്കിലും തന്റെ ആഗ്രഹം അവര്‍ മറച്ചു വയ്ക്കുന്നില്ല.

image


നിരവധി പുസ്തകങ്ങളും കവിതാസമാഹാരങ്ങളും തന്റേതായി പുറത്തിറക്കിയിട്ടുണ്ട്. കവയത്രി എന്ന നിലയിലും കേരള സാംസ്‌കാരിക മണ്ഡലത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിത്വമാണ് സന്ധ്യയുടേത്. താരാട്ട്, ബാലവാടി, കാട്ടാറിന്റെ കൂട്ടുകാരി, എത്ര നല്ല അമ്മു, കൂട്ടുകാരി, ആട്ടക്കിളിക്കുന്നിലെ അദ്ഭുതങ്ങള്‍ എന്നിവ ജനശ്രദ്ധ പിടിച്ചു പറ്റിയ കുട്ടികളുടെ സമാഹാരമാണ്. നോവലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നീലകൊടുവെയിലിലെ കൂട്ടുകാരി. മീനച്ചലാറിന്റെ ദുരവസ്ഥ ഇതിലൂടെ പ്രതിപാദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരു കാലത്ത് തന്റേയും തന്റെ കൂട്ടുകാരുടെയും ആറായിരുന്ന മീനച്ചല്‍ ഇന്ന് ചെളിക്കുഴിയായി മാറിയതിന്റെ വേദന ഈ കൃതിയിലൂടെ വായനക്കാരിലേക്ക്‌ എത്തിക്കുവാന്‍ കഴിഞ്ഞു. കവിഹൃദയം ഉള്ളതുകൊണ്ടാവാം നല്ലൊരു പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ് അവര്‍.

image


പോലീസ് എന്ന് കേട്ടാല്‍ വിരണ്ടോടുകയും പോലീസ് സ്റ്റേഷന്‍ കണ്ടാല്‍ പേടിച്ചു നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റം വന്നത് എ ഡി ജി പി സന്ധ്യയുടെ കാലത്താണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും പ്രശ്‌ന പരിഹാരത്തിനുമായി പോലീസ് സ്റ്റേഷനുകളില്‍ കയറി ചെല്ലാം എന്ന തരത്തില്‍ ജനമൈത്രി പോലീസ് എന്ന ആശയത്തെ സമൂഹത്തില്‍ എത്തിച്ചത് സന്ധ്യയാണ്. പോലീസും ജനങ്ങളും തമ്മില്‍ മിത്രങ്ങളെ പോലെ ആകണം സമൂഹത്തിന്റെ ഏത് പ്രശ്‌നത്തിലും സഹായിയായി പോലീസ് ഉണ്ടാകണം എന്ന തരത്തില്‍ തുടങ്ങ്യ പദ്ധതി വളരെ വിജയകരാമയാണ് മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍ക്ക് ഏത് രാത്രിയും പോലീസ് സ്റ്റോഷനില്‍ കയറി ചെല്ലാം. അവിടെ സ്ത്രീകളോട് സൗഹൃദപരമായി മാന്യവുമായി ഇടപെടലുകലാണ് നടത്തേണ്ടത്. അത്തരത്തില്‍ നിയമങ്ങളെ നേരായ വഴിക്ക് നയിച്ച് സ്ത്രീക്ക് സമൂഹത്തില്‍ എപ്പോഴും ഒരു സുരക്ഷിതത്വം ഉണ്ടാക്കി.

image


കരുത്തുറ്റ ഒരു സ്ത്രീക്കു മാത്രമേ മറ്റു സ്ത്രീകളേയും അവരുടെ കഴിവുകള്‍ മനസ്സിലാക്കി കൊടുത്ത് അവര്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ തടയാന്‍ അവരെ ചിന്തിപ്പിക്കുവാനും പഠിപ്പിക്കുവാനും കഴിയൂ. അത്തരത്തില്‍ നോക്കുമ്പോള്‍ ഒരു ഉയര്‍ന്ന പദവയില്‍ ഉള്ള വനിത പോലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ സന്ധ്യ തന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി നിറവേറ്റി കഴിഞ്ഞു എന്നു പറയാം.ഒട്ടേറെ പുരസ്‌കാരങ്ങളും സന്ധ്യയെ തേടി എത്തി. ഇടശ്ശേരി അവാര്‍ഡ്, ഗോപാലകൃഷ്ണന്‍ കോലായി അവാര്‍ഡ്, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ അവാര്‍ഡ് തുടങ്ങിയവയാണ് പുരസ്‌കാരങ്ങള്‍.

image


എനിക്ക് ഇങ്ങനെ ആകാന്‍ കഴിയുമെന്നത് സന്ധ്യയുടെ കവിത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. വിമര്‍ശനാത്മകമായ കവിതയായിരുന്നു അത്. ആ കവിതയ്ക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ജനങ്ങള്‍ക്കുവേണ്ടയാണ് അവരുടെ പ്രവര്‍ത്തനം എന്നത് അവരുടെ കര്‍മ്മമേഖല വ്യക്തമാക്കുന്നു. സ്ത്രീ സുരക്ഷയ്ക്കുവേണ്ടി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സന്ധ്യ. അഴിമതിക്കെതിരെയും തന്റെ ശബ്ദം ഉയര്‍ത്താന്‍ പലപ്പോഴും സന്ധ്യയ്ക്ക് കഴിഞ്ഞു. ഒരു സ്ത്രീ വിചാരിച്ചാല്‍ സമൂഹത്തെ പല മാറ്റങ്ങള്‍ക്കും വിധേയമാക്കി സുരക്ഷിതമായ ഒരു കൂട് തീര്‍ത്ത് പരിപാലിച്ചെടുക്കാന്‍ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് എ ഡി ജി പി സന്ധ്യ ഐപിഎസിന്റെ ഔദ്യോഗിക ജീവിതം. 


കടപ്പാട്: ജി ആര്‍ കാര്‍ത്തിക