ബീനാ കണ്ണന്‍; പട്ടില്‍ ഇഴചേര്‍ന്ന പെണ്‍ കരുത്ത്

ബീനാ കണ്ണന്‍; പട്ടില്‍ ഇഴചേര്‍ന്ന പെണ്‍ കരുത്ത്

Sunday June 05, 2016,

3 min Read

ഉള്‍ക്കരുത്താണ് സ്ത്രീയുടെ സൗന്ദര്യമെന്ന് അകമേ വിശ്വസിക്കുമ്പോഴും പുറമേ അവളെ എങ്ങനെ സുന്ദരിയാക്കാമെന്ന ചിന്തയാണ് ആ മനസു മുഴുവന്‍. പെണ്ണിന്റെ സൗന്ദര്യവും ആണിന്റെ കരുത്തും ഇഴചേര്‍ന്നു നെയ്ത പട്ടിന്റെ പേരാണ് ബീനാ കണ്ണന്‍. കേരളത്തിലെ പട്ടിന്റെ ബ്രാന്റ് അംബാസിഡര്‍, മലയാളി സ്ത്രീകളുടെ വസ്ത്രസങ്കല്‍പ്പത്തിന് വിസ്മയാവഹമായ മാറ്റം കൊണ്ടുവന്ന ധിഷണാശാലി, ശീമാട്ടി എന്ന വസ്ത്ര വ്യാപാരശൃംഖലയുടെ ഉടമ, ഗിന്നസ് റിക്കോര്‍ഡിനുടമ ഇങ്ങനെ ഏറെ വിശേഷങ്ങളാണ് വസ്ത്രവ്യാപാര രംഗത്ത് തിളക്കമേറിയ വിജയം കൈവരിച്ചു നില്‍ക്കുന്ന ബീന കണ്ണന് ബിസിനസ്സ് ലോകം നല്‍കിയിരിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടോടെ ബിസിനസില്‍ തന്റേതായ പുതിയ പാതകള്‍ സൃഷ്ടിക്കുകയാണ് ബീനാ കണ്ണന്‍.

1960 ജൂലൈ 17 ന് കോട്ടയത്താണ് ബീനയുടെ ജനനം. വസ്ത്രവ്യാപാരികളായിരുന്നു അച്ഛനും മുത്തശ്ഛനും അതേ പാത പിന്‍തുടരാന്‍ ആയിരുന്നു ചെറുപ്പം മുതല്‍ക്കേ ബീനയുടെ ആഗ്രഹം. 1980കളിലാണ് അവര്‍ വസ്ത്രവ്യാപാര ലോകത്തേയ്ക്ക് തന്റെ സാനിദ്ധ്യം അറിയിച്ച് കൊണ്ട് കടന്ന് വരുന്നത്. സാധാരണ ഒരു വീട്ടമ്മയായി ജീവിതം ആരംഭിച്ച ബീന ഭര്‍ത്താവ് കണ്ണന്റെ മരണശേഷമാണ് മുഴുവന്‍ സമയവും ഇതിലേയ്ക്ക് മാറ്റി വച്ചത്. അങ്ങനെ ഒരു വീട്ടമ്മയില്‍ നിന്ന് കരുത്തുറ്റ ഒരു വനിത ബിസിനസ്സ് വ്യാപാരിയായി അവര്‍ വളര്‍ന്നത്. തന്റെ വിജയത്തിനോടൊപ്പം അവര്‍ക്ക് കൂട്ടായും താങ്ങായും മക്കളായ ഗൗതം, വിഷ്ണു, തുഷാര എന്നിവരും ഒപ്പം ഉണ്ട്.

വസ്ത്രവ്യാപാര രംഗത്ത് വിസ്മയം തീര്‍ത്ത ബീന എപ്പോഴും വ്യത്യസ്തത ആഗ്രഹിച്ചിരുന്നു. അതിനായി അവര്‍ ഏറെ പ്രയത്‌നിക്കുകയും ചെയ്തു. തന്റെ ഷോപ്പില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഗുണമേന്‍മയുള്ള വസ്ത്രങ്ങള്‍ നല്‍കണമെന്നത് ബീനയ്ക്ക് നിര്‍ബന്ധമായിരുന്നു. അതിനായി അവര്‍ തന്നെ ഓരോ സ്ഥലത്തും നേരിട്ടെത്തി ഏറ്റവും നല്ല വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് കസ്റ്റമേഴ്‌സിന് നല്‍കിയിരുന്നു. ഒരു വനിത വ്യാപാരി ആയിരുന്നിട്ടും ശീമാട്ടി എന്ന വസ്ത്ര ലോകം ഇപ്പോഴും മുന്നിലെത്തി നില്‍ക്കുന്നത് ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസമാണ്.

വസ്ത്രങ്ങള്‍ എന്നും ബീനകണ്ണന് ജീവനു തുല്യമായിരുന്നു. തന്റെ ഷോറൂമിലെ ലേഡീസ് വസ്ത്രങ്ങള്‍ മിക്കതും ബീന തന്നെ നേരിട്ട് കണ്ട് തിരഞ്ഞെടുക്കുന്നതാണ്. ഓരോന്നും മറ്റെങ്ങും കാണാത്ത വ്യത്യസ്തവും മൗലികവുമായ ഡിസൈന്‍ ആണ്. സ്വന്തം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ബീന നമ്പര്‍ ഒണ്‍ ആണ്. സ്ത്രീ എപ്പോഴും സുന്ദരിയും സെക്‌സിയും ആകുന്നത് സാരിയിലാണ് എന്നാണ് ബീന പറയുന്നത്. അത് കൊണ്ട് തന്നെയാകും സാരികളിലെ വ്യത്യസ്തതയ്ക്ക് അവര്‍ എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത്. പട്ടിന്റെ ലോകത്താണ് എപ്പോഴും ബീന വ്യത്യസ്തത തെളിയിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നത് അത്തരം സാരികളെയാണ്. അത് കൊണ്ട് തന്നെ സ്ത്രീകളെ അതിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി ഇത്രത്തോളം വ്യത്യസ്തമായ മാറ്റങ്ങള്‍ ബീനകണ്ണന്‍ ഈ മേഖലയില്‍ കൊണ്ട് വരുന്നത്.

ഫാഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കേരളത്തിലാദ്യമായി അരങ്ങേറിയ ബീന കണ്ണന്റെ സെലിബ്രാറ്റി ഫാഷന്‍ ഷോ മികച്ച വിജയമായിരുന്നു. ഫാഷന്‍ ഡിസൈനിംഗില്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച് അവരെ ഭാവിയില്‍ കഴിവുള്ള പ്രൊഫഷണലുകളാക്കി മാറ്റുക എന്നതാണ് ഇതിലൂടെ അവര്‍ ലക്ഷ്യം വയ്ക്കുന്നത്.അത് പോലെ തന്നെ ആധുനികതയുടേയും പാരമ്പര്യത്തിന്റേയും വിസ്മയ രൂപകല്പനകളുമായി ബീനകണ്ണന്‍ ഒരുക്കിയ ബ്രൈഡല്‍ ഷോ നിരവധി സെലിബ്രറ്റികളെ സംഘടിപ്പിച്ച് കൊണ്ടുള്ള ഷോ വസ്ത്രരംഗത്ത് വലിയ ഒരു മാറ്റം കൊണ്ട് വരാന്‍ ഉതകുന്ന തരത്തിലുള്ളതായിരുന്നു.

എപ്പോഴും പുതുമകള്‍ കൊണ്ട് വരുന്ന ശീമാട്ടി എന്നും വാര്‍ത്തകളില്‍ സജീവമായിരുന്നു. ശീമാട്ടിയിലെ ഓരോ വസ്ത്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ അതിലെന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടാകും. അങ്ങനെ ഒരു പ്രത്യേകതയാണ് ബീനയും ആഗ്രഹിക്കുന്നത്. വസ്ത്രങ്ങള്‍ ഏപ്പോഴും ഏത് പ്രായക്കാരും ഇഷ്ടപ്പെടുന്ന ഒന്നാണ്. അവരുടെ മനസ്സിനു തൃപ്തിയും കണ്ണിന് ആനന്ദപ്രദവുമായ വസ്ത്രങ്ങള്‍ എവിടുന്ന് ലഭിക്കുന്നുവേ അവിടെയാകും ഏറ്റവും കൂടുതല്‍ തിരക്കും. അത്തരത്തിലുള്ള തിരക്കാണ് ശീമാട്ടിയില്‍ നാം എപ്പോഴും കാണുന്നത്.

ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ബീനയ്ക്ക്. അതിലൊന്നും തളരാതെ പിടിച്ച് നിന്ന് തന്റെതായ മേഖലയില്‍ അവര്‍ 100% വിജയം വരിച്ചു. ഒരു സ്ത്രീ അതും വിധവ അത്തരത്തില്‍ ഒരു സ്ത്രീയെ നമ്മുടെ സമൂഹം ഏത് തരത്തില്‍ നോക്കി കാണും എന്നതിന് മുഖവില നല്‍കാതെ തന്റെ കഴിവ് അത് സമൂഹത്തിനായും മാറി വരുന്ന വസ്ത്രരംഗത്തും ഫാഷന്‍ രംഗത്തും മാറ്റി വയ്ക്കണം എന്ന തോന്നലാണ് വസ്ത്രരംഗത്ത് വിജയകൊടി പാറിച്ച് നില്‍ക്കുന്ന ശീമാട്ടി എന്ന വിസ്മയലോകം.

യാത്രകളും നൃത്തവും സിനിമയും, സംഗീതവും ഇഷ്ടപ്പെടുന്ന ബീന എപ്പോഴും ഒരു സാധാരണക്കാരിയാണ്‌. തന്റെ തിരക്കുകള്‍ മാറ്റി വച്ച് മക്കളോടൊപ്പം എത്തുമ്പോള്‍ ഒരു സാധാരണ അമ്മയാണ് അവര്‍. മക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അത് നിറവേറ്റി അവരുടെ പഠനത്തിലും അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിയും അവരോടൊപ്പം നില്‍ക്കുന്ന അമ്മ. തിരക്കുകളില്‍ നിന്ന് കിട്ടുന്ന സമയം ഏറെ ഇഷ്ടത്തോടെ അവര്‍ മാറ്റി വയ്ക്കുന്ന മറ്റൊന്നാണ് നൃത്തം. നാട്യശാസ്ത്ര അടിസ്ഥാനത്തിലുള്ള നാട്യശാസ്ത്ര അടിസ്ഥാനത്തിലുള്ള നൃത്ത രൂപങ്ങളില്‍ ഏറ്റവും പ്രാധാന്യമായ ഒന്നാണ് ഭരതനാട്യം. അത് കൊണ്ട് തന്നെയാകും ബീനകണ്ണനെ ഏറെ ആകര്‍ഷിക്കുന്നതും, അതില്‍ ഏറ്റവും അറിവ് നേടണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്. മലയാളികളുടെ മാറുന്ന വസ്ത്രലോക സങ്കല്പത്തിന് മാറ്റം വരുത്തിയ ബീനകണ്ണന്‍ വസ്ത്രങ്ങളുടെ പുത്തന്‍ ലോകത്ത് നമ്മെ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് കൊണ്ട് വന്നത്.

2007 ല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ സാരി ഡിസൈന്‍ ചെയ്ത് ബീനകണ്ണന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. ഇന്ത്യയിലെ പട്ട് സാരികളെ കുറിച്ചും എവിടെയൊക്കെ നിര്‍മ്മിക്കുന്നുവെന്നും എന്തൊക്കെ പ്രത്യേകതകളാണ് ഓരോ സാരിക്കും ഉള്ളതെന്ന് വിശദമാക്കുന്ന ബുക്ക് ഓഫ് ഇന്ത്യന്‍ സില്‍ക്ക് സാരീസ് എന്ന പുസ്തകം ഇന്ത്യയിലെ പ്രമുഖ പത്ര മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്.വസ്ത്രവ്യാപാരരംഗത്ത് ഏറെ വെല്ലുവിളികള്‍ ഓരോ ദിവസവും ഏറിവരികയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുകയാണ് ശീമാട്ടി. അത് ബീനകണ്ണന്‍ എന്ന വസ്ത്രലോകത്തെ കരുത്തുറ്റ സ്ത്രീയുടെ വിജയമാണ്. ഒരു സ്ത്രീക്ക് ഏത് മേഖലയിലും തന്റെ കഴിവ് തെളിയിച്ച് ഉന്നത വിജയം കൈവരിക്കാന്‍ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമായി ചൂണ്ടികാണിക്കാന്‍ കഴിയുന്ന ഒരാളാണ് ബീനകണ്ണന്‍ എന്ന് നിസംശയം പറയാം.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക