വിനോദ സഞ്ചാരികള്‍ക്ക് നവ്യാനുഭവങ്ങള്‍ പകര്‍ന്നുനല്‍കാന്‍ നവരത്‌ന എക്‌സ്പിരിയെസന്‍ഷ്യല്‍ ഹോളിഡേയ്‌സ് കൂട്ടായ്മ

0


അഗ്രഹാരങ്ങളടക്കം വീടുകളില്‍നിന്നും നാടന്‍ ഹോട്ടലുകളില്‍നിന്നും ഭക്ഷണം, കാളവണ്ടി സവാരി, വയലേലകളിലൂടെ നടത്തം എന്നിങ്ങനെ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ടൂറിസം പാക്കേജുകളുമായി ംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒന്നിക്കുന്നു.

അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (എടിടിഒഐ) എന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ച് കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തന്‍ ദിശാബോധം നല്‍കാനായി നവരത്‌ന എക്‌സ്പിരിയെസന്‍ഷ്യല്‍ ഹോളിഡേയ്‌സ് എന്ന പേരില്‍ അഞ്ഞൂറോളം പുത്തന്‍ ടൂര്‍ പാക്കേജുകളുമായാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ ഏക ട്രാവല്‍ട്രേഡ് ഷോ ആയിരുന്ന കേരള ട്രാവല്‍ മാര്‍ട്ടിന് രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് രൂപം നല്‍കിയതിനുശേഷം ഇതാദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്.

സഞ്ചാരത്തിന്റെ ഒമ്പത് ദിവസങ്ങളാണ് പാക്കേജിന്റെ സവിശേഷത. ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും സാമൂഹ്യസമ്പര്‍ക്കവും സുസ്ഥിര വിനോദസഞ്ചാര ശീലങ്ങളുടെ പ്രചാരവുമെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. പരമ്പരാഗത കേരളശൈലിയില്‍ ക്ഷേത്രത്തില്‍ നാളികേരമുടച്ചുകൊണ്ട് യാത്ര ആരംഭിക്കാനുള്ള സൗകര്യം വിനോദസഞ്ചാരികള്‍ക്ക് ലഭ്യമാകും. കേരളീയ മുഖമുദ്രകളായ കായലുകളിലും പുഴകളിലും വള്ളങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം സഞ്ചരിക്കാനും മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യന്‍ കുടുംബത്തോടൊപ്പം രുചികരമായ ഉച്ചഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും. സാഹസികര്‍ക്ക് തെങ്ങുകയറാനും കായലില്‍ മീന്‍പിടിക്കാനും ഗ്രാമീണ വനിതകളോടൊപ്പം കയര്‍പിരിക്കാനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

പാക്കേജുകളുടെ ആദ്യ ഘട്ടത്തിന് വ്യാഴാഴ്ച നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ തുടക്കം കുറിച്ചു. ഇപ്പോഴത്തെ പാക്കേജ് പുറത്തുനിന്നുള്ളവര്‍ക്കാണെങ്കില്‍ നാട്ടുകാര്‍ക്കുവേണ്ടി മറ്റൊരു കൂട്ടം പാക്കേജുകളും തുടര്‍ന്നെത്തും. വിനോദസഞ്ചാരമേഖലയില്‍ സര്‍ക്കാറും സ്വകാര്യമേഖലയും കൈകോര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍ ഏറെക്കാലമായി ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചക്ക് സംഭാവന നല്‍കുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പാണ് ഈ കൂട്ടായ്മ. അതിഥികള്‍ക്ക് മികച്ച സേവനം നല്‍കാനും മറക്കാനാകാത്ത അനുഭവം പ്രദാനം ചെയ്യാനുമുള്ള ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ് ഈ സംരംഭം. ടൂറിസം വകുപ്പിനായി സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതമായിരുന്ന 100 കോടി രൂപ അഞ്ചു വര്‍ഷംകൊണ്ട് 225 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. അടുത്ത ബജറ്റില്‍ ഈ തുക ഇനിയും ഉയരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്വീഡനിലെ പ്രസിദ്ധ ടൂര്‍ ഓപ്പറേറ്ററും യാത്രാലേഖികയുമായ മരിയാന്‍ ഹാര്‍ദ് ആഫ് സ്റ്റെഗാര്‍സ്റ്റാഡിന് പാക്കേജ് ബ്രോഷറിന്റെ ആദ്യപ്രതി കൈമാറിക്കൊണ്ടാണ് മന്ത്രി അനില്‍കുമാര്‍ നവരത്‌ന എക്‌സ്പിരിയെസന്‍ഷ്യല്‍ ഹോളിഡേയ്‌സ് പാക്കേജിന് തുടക്കം കുറിച്ചത്.

കേരളത്തിന്റെ സ്വാഭാവികാനുഭവം പ്രദാനം ചെയ്യാനായി തനതുശൈലിയില്‍ പ്രാദേശിക സംവാദങ്ങളടക്കം നവരത്‌ന ഹോളിഡെയ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരമേഖല വ്യവസായത്തിലെ പങ്കാളികളെ സഹായിക്കുന്നതിനും പുതിയ നീക്കം പ്രയോജനപ്പെടും. വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യാപാരികള്‍ എന്നിവരുടെ ഒത്തുചേരലും ഇതിന്റെ ഭാഗമാണ്.

ഒരു പാക്കേജിന്റെ സംയുക്ത പ്രചരണത്തിനായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. പഴക്കം ചെന്ന യാത്രാരീതികളില്‍നിന്നു മാറി ഒരു ഉത്പ്പന്ന നവീകരണം മാത്രമല്ല, മറ്റു യാത്രാലക്ഷ്യസ്ഥാനങ്ങളുടെ മത്സരത്തെ അതിജീവിക്കാനും പുതിയ ലക്ഷ്യസ്ഥാനം എന്ന രീതിയില്‍ കേരളത്തെ പുനരവതരിപ്പിക്കാനും സഹായിക്കുന്ന ചുവടുവയ്പ്പുകൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ തനത് ഭക്ഷണശൈലിയുടെ അനുഭവം പകരാന്‍ പാചക പ്രദര്‍ശനസംവാദം, നാടന്‍ ഭക്ഷണശാലകളില്‍നിന്നും അഗ്രഹാരങ്ങളിലെ കുടുംബങ്ങള്‍ക്കൊപ്പവും ആഹാരം, വയലേലകളിലൂടെ നടത്തം, കാളവണ്ടി സവാരി എന്നിങ്ങനെ വിവിധ പരിപാടികള്‍ നവരത്‌ന എക്‌സ്പിരിയെസന്‍ഷ്യല്‍ ഹോളിഡേയ്‌സില്‍ വിഭാവനം ചെയ്തിട്ടുണ്ട്. മറ്റുരാജ്യങ്ങളുമായി കേരളത്തിന്റെ രണ്ട് സംവത്സരം പഴക്കമുള്ള വ്യാപാര സാംസ്‌കാരിക ബന്ധങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ മുസിരിസ് പൈതൃക പദ്ധതി സന്ദര്‍ശനവും പാക്കേജുകളുടെ മറ്റൊരാകര്‍ഷണമാണ്. കാലാതീതമായ ആയുര്‍വേദചികിത്സാ രീതികളും പാക്കേജുകളുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജംഗിള്‍ ബോട്ട് സഫാരി, ഹൗസ്‌ബോട്ടുകളില്‍ കായല്‍ സഞ്ചാരം, തേയില ഫാക്ടറി സന്ദര്‍ശനം എന്നിവയുമുണ്ട്.